സംസ്ഥാനത്ത് മഴ കനക്കും, ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതയും; കാലവർഷം നേരത്തെയെത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. അതേസമയം തന്നെ സംസ്ഥാനത്ത് 27ന് കാലവർഷം തുടങ്ങാൻ സാധ്യതയന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഞായറാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും കാലവർഷം എത്തിച്ചേരും. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് 27ന് കാലവർഷം കേരളത്തിൽ തുടങ്ങുമെന്ന നിഗമനം. കാലവർഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ കനക്കും. വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.