KSRTC : മുഖ്യമന്ത്രിയും മുഖം തിരിച്ചു; നിലയില്ലാ കയത്തിൽ കെഎസ്ആര്‍ടിസി, പ്രതിഷേധിക്കാൻ പോലുമാകാതെ യൂണിയനുകൾ
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പലപ്പോഴും പ്രതിസന്ധികളുണ്ടാകാറുണ്ട്, തൽക്കാലത്തേക്കെങ്കിലും അതിനെല്ലാം പരിഹാരങ്ങളുമുണ്ടാകും. എന്നാല്‍ ഇത്തവണ കെഎസ്ആര്‍ടിസി നേരിടുന്ന പ്രതിസന്ധി അതിരൂക്ഷമായിരിക്കുകയാണ്. ജീവനക്കാര്‍ക്ക് പത്തിന് കിട്ടുമെന്ന് ധാരണയുണ്ടാക്കിയരുന്ന ശമ്പളം എന്ന് കിട്ടുമെന്ന കാര്യത്തിൽ പോലും തീരുമാനം ഇപ്പോഴില്ല. സാമ്പത്തിക പ്രതിസന്ധിക്ക് എന്ത് പരിഹാരം എന്ന ചോദ്യത്തിനും ഉത്തരമില്ല. പണിമുടക്കിയും പ്രതിഷേധിച്ചും അധികാര കേന്ദ്രങ്ങളെ വിറപ്പിച്ചിരുന്ന യൂണിയൻ നേതൃത്വമാകട്ടെ പരിപൂര്‍ണ്ണ നിശബ്ദതയിലുമാണ്. വരുമാനവും ചെലവും ഒരിക്കലും പൊരുത്തപ്പെടാത്തതായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തിന്റെ എക്കാലത്തേയും പ്രതിസന്ധി. വരുമാന വര്‍ദ്ധനക്ക് കാലാകാലങ്ങളായി നടപ്പാക്കിയ പരിഷ്കാരങ്ങളൊന്നും നടപ്പായില്ല.