ഇന്നും മഴ; കണ്ണൂർ,കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; സുരക്ഷ ക്രമീകരണങ്ങളൊരുക്കാൻ ജില്ലാ ഭരണകൂടം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ(heavy rain) തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് (orange alert)പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മറ്റ് ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പ് തുടരുകയാണ്. കേരളത്തിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി തമിഴ്നാടിന് മുകളിലേക്ക് മാറിയിട്ടുണ്ട്. നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്
കാലവര്‍ഷമെത്തുന്നതിന് മുന്നോടിയായി ഇടുക്കിയിൽ സുരക്ഷ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. മാറ്റി പാര്‍പ്പിക്കേണ്ട കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ വില്ലേജ് ഓഫീസർമർക്ക് നിർദ്ദേശം നൽകിയതായി ഇടുക്കി ജില്ല കളക്ടർ ഷീബ ജോർജ്ജ് പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോൾ റൂമുകൾ തുറക്കും.