20 ക്രൈസ്തവരെ കൊലപ്പെടുത്തി നൈജീരിയൻ തീവ്രവാദികൾ

0

ക്രൈസ്തവരുടെ ശവപ്പറമ്പായിക്കൊണ്ടിരിക്കുന്ന നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല. മധ്യപൂര്‍വ്വേഷ്യയില്‍ തങ്ങളുടെ നേതാക്കള്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമെന്നോണം ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ്‌ ആഫ്രിക്ക പ്രോവിന്‍സ് തീവ്രവാദികള്‍, നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തില്‍ 20 ക്രൈസ്തവരെ നിഷ്ഠൂരമായി കൊലപ്പെടുത്തി. തീവ്രവാദി സംഘടനകളുടെ ഓണ്‍ലൈനിലൂടെയുള്ള ആശയവിനിമയങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അമേരിക്ക ആസ്ഥാനമായ സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്‌. കൊലപാതക വീഡിയോയുടെ സ്ക്രീന്‍ഷോട്ട് സഹിതമാണ് സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

മുട്ടുകുത്തി നില്‍ക്കുന്ന ക്രൈസ്തവരുടെ പിന്നില്‍ മുഖംമൂടി ധരിച്ച് തോക്കും, കത്തിയുമായി തീവ്രവാദികള്‍ നില്‍ക്കുന്നതും, ഈ വര്‍ഷം ആദ്യത്തില്‍ മധ്യപൂര്‍വ്വേഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് നേതാക്കള്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമാണിതെന്ന് ഹൌസാ ഭാഷയില്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കു-കിഴക്കന്‍ ബോര്‍ണോയില്‍ കഴിഞ്ഞ ആഴ്ചയില്‍ ചുരുങ്ങിയത് ഏഴോളം ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ കൊലപ്പെടുത്തിയതിന്റെ പിന്നാലെയാണ് ഈ കൂട്ടക്കൊല.

തീവ്രവാദി അക്രമങ്ങളെ അതിജീവിച്ചവരെ സന്ദര്‍ശിക്കുവാനും, മുന്‍ തീവ്രവാദികളെ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് സംസ്ഥാനത്ത് ഉണ്ടായിരുന്ന സമയത്തുതന്നെയായിരുന്നു ഈ കൂട്ടക്കൊല.

ആയുധധാരികളായ വന്‍ തീവ്രവാദി സംഘം അപ്രതീക്ഷിതമായി ആക്രമണം നടത്തുകയായിരുന്നെന്നും, അടുത്തുള്ള സൈനീക കേന്ദ്രത്തില്‍ നിന്നും സൈനീക സംഘം എത്തുന്നതിനു മുന്‍പേ തന്നെ 10 പേര്‍ കൊല്ലപ്പെട്ടിരുന്നുവെന്നും പ്രാദേശിക സാമുദായിക നേതാവായ ഹസ്സന്‍ ചിബോക് പറയുന്നു. ചിബോകിലെ കാടുകാരി ഗ്രാമത്തോടു ചേര്‍ന്ന വനപ്രദേശത്ത് തീവ്രവാദികളുടെ വന്‍തോതിലുള്ള സാന്നിധ്യം ഉള്ളതിനാല്‍ കാര്യങ്ങള്‍ വളരേയേറെ മോശമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈന്യം എത്തുന്നതിന് മുന്‍പായി 7 പേര്‍ കൊല്ലപ്പെട്ടിരുന്നുവെന്ന് യാന ഗലാങ്ങ് എന്ന മറ്റൊരു പ്രദേശവാസി പറഞ്ഞു.

ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ രാഷ്ട്രമായ നൈജീരിയ, കഴിഞ്ഞ 10 വര്‍ഷങ്ങളായി ബൊക്കോ ഹറാമും അനുബന്ധ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ്‌ ആഫ്രിക്ക പ്രോവിന്‍സും നടത്തുന്ന തീവ്രവാദ ആക്രമണങ്ങളില്‍ നട്ടംതിരിയുകയാണ്. പാശ്ചാത്യ വിദ്യാഭ്യാസം അവസാനിപ്പിക്കുകയും ശരിയ നിയമം പ്രാബല്യത്തില്‍ വരുത്തുകയുമാണ്‌ തീവ്രവാദികളുടെ ലക്ഷ്യം.

തീവ്രവാദികള്‍ക്കെതിരെയുള്ള യുദ്ധം അവസാന ഘട്ടത്തിലാണ് എന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരി പ്രഖ്യാപിച്ചിരുന്നുവെങ്കിലും രാജ്യത്തു തീവ്രവാദികളുടെ ആക്രമണങ്ങളില്‍ യാതൊരു കുറവുമില്ല. കഴിഞ്ഞ ദിവസം മതനിന്ദ ആരോപിച്ച് നൈജീരിയന്‍ ക്രൈസ്തവ വിദ്യാര്‍ത്ഥിനിയെ ഇസ്ലാമിക സഹപാഠികള്‍ കല്ലെറിഞ്ഞും അഗ്നിയ്ക്കിരയാക്കിയും കൊലപ്പെടുത്തിയിരിന്നു.

You might also like