ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിലെ വ്യാജ റിവ്യൂകള്‍ പണിയാകുന്നു; ശക്തമായ നടപടി വരുന്നു
ദില്ലി: ഓൺലൈൻ പ്ലാറ്റ്ഫോമുകളില്‍ ഷോപ്പിംഗ് നടത്തുന്നവരെ പലപ്പോഴും കുഴിയില്‍ ചാടിക്കുന്നതാണ് വ്യാജ റിവ്യൂകള്‍ (Fake reviews). പലപ്പോഴും ഏതെങ്കിലും ഉത്പന്നത്തിന് ലഭിക്കുന്ന ഇത്തരം വ്യാജ റിവ്യൂകളില്‍ വഞ്ചിതരാകുന്നവര് ഏറെയാണ്. ഇത്തരം റിവ്യൂകളെ നേരിടാന്‍ പുതിയ സംവിധാനം ഒരുക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രം.
വ്യാജ റിവ്യൂകള്‍ തടയുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിന് മുന്നോടിയായി സ്റ്റാൻഡേർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യ (ASCI) യുമായി സഹകരിച്ച് ഉപഭോക്തൃ കാര്യ വകുപ്പ് (DoCA) തയ്യാറാക്കിയ കണക്കുകളും വ്യാജ റിവ്യൂകള്‍ വലിയ സ്വധീനം ഉണ്ടാക്കുന്ന എന്നതിലേക്കാണ് വെളിച്ചം വീശുന്നത്. യൂറോപ്യന്‍ യൂണിയന്‍ സംവിധാനങ്ങള്‍ നടത്തിയ പരിശോധനയില്‍ മുന്‍ നിരയിലെ ഓണ്‍ലൈന്‍ ഇ–കോമേഴ്സ് സൈറ്റുകളില്‍ 55% വെബ്‌സൈറ്റുകളില്‍ ട്രേഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന റിവ്യൂകള്‍ ഉണ്ടെന്നാണ് 2022 ജനുവരിയിലെ വിവരങ്ങള്‍ പറയുന്നത്. ഇതിന്‍റെ വിശദാംശങ്ങള്‍ കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പ് പങ്കുവച്ചിട്ടുണ്ട്.