കൊവിഡിൽ അനാഥരായ കുട്ടികൾക്ക് പിഎം കെയർ, പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും; കേരളത്തിൽ നിന്ന് 112 കുട്ടികൾ
ദില്ലി: കൊവിഡിൽ മാതാപിതാക്കൾ മരണപ്പെട്ട് അനാഥരായ കുട്ടികൾക്ക് വേണ്ടിയുള്ള പി എം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. കേരളത്തിൽ നിന്നുള്ള 112 കുട്ടികൾക്കടക്കമാണ് സഹായം ലഭിക്കുക. ഈ കുട്ടികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും സൗജന്യമായി നൽകും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് സ്കൂൾ ഫീസ് മടക്കി നൽകും. പദ്ധതിയുടെ ഭാഗമായി ബന്ധുക്കളോടൊപ്പം കഴിയുന്ന കുട്ടികൾക്ക് പ്രതിമാസം 4000 രൂപയും നൽകും. ഇങ്ങനെ 23 വയസ് എത്തുമ്പോൾ ആകെ 10 ലക്ഷം രൂപ ഈ കുട്ടികൾക്ക് ലഭിക്കും. രക്ഷിതാക്കളും ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റുമാരോടുമൊപ്പം കുട്ടികള്‍ വെര്‍ച്ച്വല്‍ രീതിയില്‍ പരിപാടിയില്‍ പങ്കെടുക്കും. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാഗംങ്ങള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.