യുക്രൈനിലെ ചരിത്ര പ്രസിദ്ധ ക്രൈസ്തവ ആശ്രമം അഗ്നിക്കിരയാക്കി റഷ്യ
കീവ്: പതിനാറാം നൂറ്റാണ്ടിലെ ചരിത്രപ്രസിദ്ധമായ ഓർത്തഡോക്സ് ആശ്രമം റഷ്യൻ ആക്രമണത്തിൽ അഗ്നിക്കിരയായതായി യുക്രൈൻ പ്രസിഡണ്ട് വ്ലാഡിമിർ സെലൻസ്കി അറിയിച്ചു. കീവിലെ സ്വിയാതോ ഗാർസ് ലാപ്രയിലെ ഗോർലോവ്ക സിറ്റിയിലുള്ള ഓൾ സെയിൻസ് ആശ്രമമാണ് തകർന്നത്. തടിയിൽ നിർമ്മിച്ച മന്ദിരമായിരുന്നു ഇത്.
മുന്നൂറ് അഭയാർത്ഥികളും അറുപതു കുട്ടികളും അവിടെ ഉണ്ടായിരുന്നു എന്നും വംശീയ വാദികൾക്ക് ലോക സംസ്കാരത്തോട് ചേർന്നു നിൽക്കുവാൻ കഴിയാതെ ഇരിക്കുന്നു എന്നും യുക്രൈൻ കൽച്ചറൽ ആൻഡ് ഇൻഫർമേഷൻ പോളിസി മന്ത്രി ടാച്ചെൻകോ ഒലെക്സാണ്ടർ പറഞ്ഞു. 133 മത മന്ദിരങ്ങൾ യുക്രൈനിൽ റഷ്യ തകർത്തിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.
രണ്ടാം ലോകമഹായുദ്ധത്തെ പോലും അതിജീവിച്ച സാംസ്കാരിക കേന്ദ്രങ്ങളും ക്രൈസ്തവ ദൈവാലയങ്ങളും റഷ്യയുടെ ആക്രമണത്തിൽ തകർന്നിട്ടുണ്ട്. യുഎൻ സാംസ്കാരിക സംഘടനയായ യുനെസ്കോയിൽ നിന്ന് റഷ്യയെ പുറത്താക്കണമെന്ന് ഉക്രൈൻ പ്രസിഡണ്ട് ആവശ്യപ്പെട്ടു.