ജോയൽ ഓസ്റ്റിന്റെ ആരാധനക്കിടെ സ്ത്രീകൾ തുണിയുരിഞ്ഞ് പ്രതിഷേധം
ഹൂസ്റ്റൺ: അമേരിക്കൻ ടെലി ഇവാഞ്ചലിസ്റ്റും പ്രമുഖ സുവിശേഷകനുമായ ജോയൽ ഓസ്റ്റൻ തന്റെ കീഴിലുള്ള ഹൂസ്റ്റണിലെ ലേക്വുഡ് സഭയിൽ ആരാധന നടക്കുന്നതിനിടെയാണ് മൂന്ന് സ്ത്രീകൾ ഉടുവസ്ത്രങ്ങൾ ഉരിഞ്ഞെറിഞ്ഞ് പ്രതിഷേധിച്ചത്. അര ലക്ഷത്തോളം വിശ്വാസികൾ പങ്കെടുക്കുന്ന ആരാധനക്കിടയിൽ ആദ്യം ഒരു സ്ത്രീ തന്റെ വസ്ത്രം അഴിച്ചുകളഞ്ഞു. അടിവസ്ത്രങ്ങൾ മാത്രം ധരിച്ച് ആൾക്കൂട്ടത്തിനു നേർക്ക് ‘എന്റെ ശരീരം എന്റെ അവകാശം എന്നു വിളിച്ചുപറഞ്ഞു. തൊട്ടുപിന്നാലെ മറ്റ് രണ്ട് സ്ത്രീകളും വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ് അടിവസ്ത്രങ്ങൾ ധരിച്ച് ഗർഭഛിദ്ര നിയമപരിഷ്കരണത്തിന് എതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. ഗർഭഛിദ്ര അവകാശത്തിന് അനുകൂലമായി പ്രവർത്തിക്കുന്ന മൂന്ന് ആക്ടിവിസ്റ്റുകളാണ് നഗ്നരായി പ്രതിഷേധിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അധികം വൈകാതെ സോഷ്യൽ മീഡിയയിൽ വൈറലായി.
അമേരിക്കയിൽ കുറച്ചുനാളായി ഗർഭഛിദ്രവുമായി ബന്ധപ്പെട്ട വിവാദം പുകയുകയാണ്. 49 വർഷമായി അമേരിക്കയിൽ നിലവിലുള്ള ഗർഭഛിദ്രത്തിന് അനുകൂലമായ നിയമം റദ്ദാക്കാനുള്ള ശ്രമങ്ങളെ തുടർന്നാണ് വിവാദം. ഇവിടെ ഗർഭഛിദ്രത്തിന് അനുകൂലമായും പ്രതികൂലമായും ജനങ്ങൾ ചേരിതിരിഞ്ഞിരിക്കുകയാണ്. 1973-ലാണ് റോ വേഴ്സസ് വേഡ് (Roe versus Wade) എന്ന കേസിൽ ഗർഭഛിദ്രത്തിന് ഭരണഘടന പരിരക്ഷയും നിയമസാധുതയും നൽകി യു എസ് സുപ്രീം കോടതി വിധിച്ചത്. 7-2 എന്ന വോട്ടിനാണ് അന്ന് സുപ്രീംകോടതി സ്ത്രീകൾക്കുള്ള ഗർഭഛിദ്ര അവകാശം സംരക്ഷിക്കുന്ന വിധി പുറപ്പെടുവിച്ചത്. എന്നാൽ, നവയാഥാസ്ഥിതിക പക്ഷം ശക്തമായി പിടിമുറുക്കുന്ന പുതിയ സാഹചര്യത്തിൽ, ഗർഭഛിദ്രവകാശം റദ്ദാക്കണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നുണ്ട്. ഗർഭഛിദ്രവകാശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മിസിസിപ്പി സംസ്ഥാനം നൽകിയ ഹർജിയിൽ യു എസ് സുപ്രീം കോടതി ജൂലൈയിൽ വിധി പുറപ്പെടുവിക്കാനിരിക്കയാണ്.
കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയിലെ ഒമ്പത് ജഡ്ജിമാരിൽ ഭൂരിപക്ഷം പേരും ഗർഭഛിദ്രാവകാശത്തിന് എതിരാണെന്ന് വ്യക്തമാക്കുന്ന രഹസ്യ കോടതിരേഖ ഈയടുത്ത് പൊളിറ്റിക്കോ എന്ന ഓൺലൈൻ മാധ്യമം പുറത്തു വിട്ടിരുന്നു. സുപ്രീംകോടതി ഗർഭഛിദ്രത്തിന് എതിരായ നിലപാട് സ്വീകരിക്കുമെന്ന അഭിപ്രായം ഇതോടെ പ്രബലമായി. ഇതിനെ തുടർന്ന് അമേരിക്കയിലുടനീളം പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന സ്ത്രീസംഘടനകൾ പല തരത്തിലുള്ള പ്രക്ഷോഭങ്ങളുമായി മുന്നോട്ടുവന്നത്.
ടിവി പരിപാടികളിലൂടെ പ്രശസ്തനായ ജോയൽ ഓസ്റ്റിന്റെ നേതൃത്വത്തിലുള്ള ടെക്സസിലെ മെഗാചർച്ചയിലാണ് തുണിയുരിഞ്ഞുള്ള പ്രതിഷേധം അരങ്ങേറിയത്. ഗർഭഛിദ്രാവകാശം എടുത്തുകളയണമെന്ന് ശക്തമായി വാദിക്കുന്നവരുടെ മുൻനിരയിലാണ് ജോയൽ ഓസ്റ്റീൻ. അദ്ദേഹത്തെ അനുകൂലിക്കുന്നവരാണ് സുവിശേഷ പരിപാടിക്ക് ഒത്തുചേർന്നത്. പരിപാടി കലക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതിഷേധം അരങ്ങേറിയത്. ജോയൽ ഓസ്റ്റീൻ പ്രാർത്ഥന പൂർത്തിയാക്കിയതിനു പിന്നാലെയാണ് സദസ്സിൽ ഇരിക്കുന്ന വിശ്വാസികൾക്കിടയിൽനിന്ന് മൂന്ന് സ്ത്രീകൾ എഴുന്നേറ്റു വന്നത്. ‘എന്റെ ശരീരം, എന്റെ ചോയ്സ്’ എന്ന് അവർ വിളിച്ചു പറഞ്ഞു. ഗർഭഛിദ്രാവകാശം ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും അവർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. പരിപാടിയുടെ ലൈവ് സ്ട്രീമിംഗ് അതോടെ നിലച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അതിവേഗം പുറത്തുവന്നു. ടെക്സസ് റൈസ് അപ് ഫോർ അബോർഷൻ റൈറ്റ്സ് എന്ന സംഘടനയുടെ പ്രവർത്തകരാണ് പ്രതിഷേധിച്ചത്. ഉടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പള്ളിയിൽനിന്നും പുറത്തേക്കിറക്കി. തുടർന്ന് പള്ളിക്കുപുറത്തുവെച്ച് ഇവർ പ്രതിഷേധം തുടർന്നു. അരലക്ഷത്തോളം പേർ തടിച്ചുകൂടുന്ന സുവിശേഷ പരിപാടിയിൽ വെച്ച് പ്രതിഷേധിച്ചത് എതിർക്കുന്നവർക്കിടയിൽ തങ്ങളുടെ ശബ്ദം ഉയരണമെന്ന ഉദ്ദേശ്യത്തോടെയാണ് എന്ന് പ്രതിഷേധക്കാർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.