പ്രണയമൊരുക്കുന്ന ചതിക്കുഴികളെക്കുറിച്ച് ജാഗ്രത ആവശ്യം; പാസ്റ്റർ ജെയ്സ് പാണ്ടനാട്
കോട്ടയം: പ്രണയമൊരുക്കുന്ന ചതിക്കുഴികളിൽ വീഴിക്കുന്ന മനഃശാസ്ത്രപരമായ തന്ത്രങ്ങളെക്കുറിച്ച് സാമൂഹിക ജാഗ്രത ആവശ്യമാണെന്ന് പ്രഭാഷകനും അപ്പോളജിസ്റ്റുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട്. ഐപിസി പുതുപ്പള്ളി സെന്റർ പി വൈ പി എയുടെ പ്രവർത്തന ഉത്ഘാടന സമ്മേളനത്തിൽ “യുവജനങ്ങളും ചതിക്കുഴികളും ജാഗ്രതയും” എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തുകയയിരുന്നു അദ്ദേഹം.
കോളെജ്, സ്കൂൾ, ഹോസ്റ്റൽ, ബ്യൂട്ടിപാർലർ, മൊബൈൽ ഷോപ്പ്, കോച്ചിംഗ് സെന്റർ, മാര്യേജ് ബ്യുറോ തുടങ്ങിയ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ആസൂത്രിതമായി നടക്കുന്ന സ്ക്വാഡ് പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം. ഇതിന്റെ പിന്നിൽ അന്തർ സംസ്ഥാന കൈമാറ്റ ശൃംഖല, മയക്കുമരുന്ന് – തീവ്രവാദ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. സൗഹൃദം നടിച്ച് പെൺകുട്ടികളെ വലയിൽ ചാടിച്ച്, ബ്ലാക്മെയിൽ ചെയ്തു ഭീഷണിപ്പെടുത്തുകയും പിന്നീട് നിർബന്ധിച്ച് മതം മാറ്റുന്ന രീതിയാണ് ഇക്കൂട്ടർ അവലംബിക്കുന്നത്. ഇതിന് അനുയോജ്യമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര പരിസരം നമ്മുടെ നാട്ടിൽ രൂപപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ശക്തമായ ബോധവത്ക്കരണം ആവശ്യമാണ്.
സോഷ്യൽ മീഡിയയുടെ ദുരുപയോഗം, മയക്കു മരുന്ന് ലോബിയുടെ സ്വാധീനം, പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകൽ, സൈബർ അഡിക്ഷൻ, ആത്മഹത്യ പ്രവണത തുടങ്ങിയ സാമൂഹിക പ്രശ്നങ്ങൾ വർദ്ധിച്ചുവരികയാണ്.
മതബോധന പരിശീലനത്തിന്റെ ന്യൂനതകൾ, അജപാലനത്തിന്റെ പാളിച്ചകൾ, കുടുംബാന്തരീക്ഷത്തിലെ അരക്ഷിതാവസ്ഥ, ലീഡർഷിപ്പിന്റെ നിഷ്ക്രിയത്വം എന്നിവ പ്രധാന കാരണങ്ങൾ ആണ്. വേദ വിദ്യാഭ്യാസ സമ്പ്രദായം ഉടച്ചുവാർത്തും സിലബസ് പരിഷ്കരിച്ചും അജപാലന രീതിശാസ്ത്രം പുന:ക്രമീകരിച്ചും ഈ പ്രതിസന്ധികളെ മറികടക്കേണ്ടതാണ്.
കാലോചിതമായ പരിഷ്കാരങ്ങൾ സഭയുടെ അടിയന്തിര പരിഗണനാ വിഷയം ആയിരിക്കണം. മൂന്നും നാലും വിദ്യാഭ്യാസ( Third & Fourth Education Revelution) വിപ്ലവങ്ങളുടെ കാലത്ത് പുതു തലമുറയെ സ്വാധീനിക്കാൻ ഒരു കരിസ്മാറ്റിക്.- ഇൻ്റെലെച്വൽ ക്ലാസിന് മാത്രമെ കഴിയൂ. നല്ല മത ബോധന പരിശീലനം പ്രാപിച്ചു ക്യാമ്പസിൽ വരുന്ന വിദ്യാർത്ഥികളുമായി വൈജ്ഞാനിക തർക്കത്തിൽ ഏർപ്പെടാൻ പെന്തകോസ്ത് വിദ്യാർഥികൾക്ക് സാധിക്കുന്നില്ല. ഇത്തരം ത്വാത്വിക താർക്കിക ചുഴികളിൽ നമ്മുടെ ചെറുപ്പക്കാർ വീണൂപോകുന്നു.
ഏകീകൃത ദൈവശാസ്ത്രവും വ്യാഖ്യാന ശാസ്ത്രവും ആവശ്യമാണ്. സഭാജനങ്ങളെ ശിഷ്യത്വത്തിലേക്ക് ഒരുക്കിയെടുക്കുന്ന ലിറ്റർജിക്കൽ ഷെഡ്യൂൾഡ് ആയിരിക്കണം ഇനിയും സഭയുടെ ഫോക്കസ്, പാസ്റ്റർ ജെയ്സ് പാണ്ടനാട് വിശദീകരിച്ച ശേഷം യുവജനങ്ങളുമായി ചർച്ചയും നടന്നു. പ്രതിസന്ധികളിൽപ്പെടുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ ലീഗൽ സെൽ ആവശ്യമാണന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.
സെന്റർ മിനിസ്റ്റർ പാസ്റ്റർ പി എ മാത്യു ഉത്ഘാടനം നിർവ്വഹിച്ചു. പാസ്റ്റർ ബിജു ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഡോ.സാജു ജോസഫ്, പാസ്റ്റർന്മാരായ കെ കെ സ്കറിയ, ഷാജൻ ജോർജ്, ജേക്കബ് ചാക്കോ, ബ്രദർ ഏബ്രഹാം തോമസ്, ബെന്നി ജോസഫ്, സിസ്റ്റർ സൂസമ്മ വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.
പാസ്റ്റർ അനൂപ് കോര ജോൺ( പി വൈ പി എ പ്രസിഡന്റ്) ജസ്സൻ ഫിലിപ്പ് ( സെക്രട്ടറി) സോണി ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകി.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പി വൈ പി എ സെന്റർ കമ്മിറ്റിയെ പാസ്റ്റർ പി എ മാത്യു അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. ഡാനിയേൽ, ആൻസൺ എന്നിവർ ഗാനശുശ്രൂഷ നിർവ്വഹിച്ചു.