മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ സിനിമാ ചിത്രീകരണത്തിനായി ഉപയോഗിക്കരുത്‌

0

സിനിമയിലും മറ്റ് പരിപാടികളിലും കുട്ടികളെ അഭിനയിപ്പിക്കുന്നതിന് മുമ്പായി നിര്‍മാതാക്കള്‍ അതാത് ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്നും അനുമതി വാങ്ങിയിരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശമിറക്കി ദേശീയ ബാലാവകാശ കമ്മിഷന്‍. സിനിമാ മേഖലയില്‍ കുട്ടികള്‍ വലിയ ചൂഷണത്തിന് ഇരയാകുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ബാലാവകാശ കമ്മീഷന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാലതാരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതും അവകാശം സംരംക്ഷിക്കുന്നതും കരട് മാര്‍ഗനിര്‍ദ്ദേശങ്ങളും കമ്മിഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതുപ്രകാരം മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ സിനിമാ ചിത്രീകരണത്തിനായി ഉപയോഗിക്കരുത്. എന്നാല്‍ മുലയൂട്ടലുമായി ബന്ധപ്പെട്ട ചിത്രീകരണങ്ങള്‍ക്കും, പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചിത്രീകരണങ്ങള്‍ക്കും മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ ഉപയോഗിക്കാം. ആറ് വയസില്‍ താഴെയുള്ള കുട്ടികളെ ശക്തമായ ലൈറ്റിന് മുന്‍പില്‍ നിര്‍ത്തി അഭിനയിപ്പിക്കരുത്. ഇതിന് പുറമേ തീവ്രമായ മേക്കപ്പ് ഉപയോഗിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

സിനിമാ- പരസ്യ ചിത്രീകരണങ്ങളില്‍ കുട്ടികളുമായി കരാറുണ്ടാക്കാന്‍ പാടില്ല. പരമാവധി 27 ദിവസം മാത്രമേ കുട്ടികളെ ഷൂട്ടിങ്ങിനായി ഉപയോഗിക്കാന്‍ പാടുള്ളു. ഷൂട്ടിങ്ങിനിടെ കുട്ടികള്‍ക്ക് മൂന്ന് മണിക്കൂര്‍ ഇടവേള നല്‍കണം. രാത്രി ഏഴ് മണി മുതല്‍ രാവിലെ എട്ട് മണി വരെയുള്ള സമയത്തിനുള്ളില്‍ കുട്ടികളെ ഷൂട്ടിങില്‍ പങ്കെടുപ്പിക്കരുത്. സിനിമയുടെ സെറ്റ് പരിശോധിച്ച ശേഷം നിര്‍മാതാക്കള്‍ പെര്‍മിറ്റ് എടുക്കണം. ഇത് ആറുമാസത്തെ കാലാവധിയുള്ളതാണ്. കുട്ടികളുടെ വൈകാരിക ആരോഗ്യത്തെ ബാധിക്കുന്ന പരിഹാസങ്ങള്‍, അപമാനങ്ങള്‍, പരുഷമായ അഭിപ്രായങ്ങള്‍ എന്നിവയ്ക്ക് വിധേയമാകുന്ന ഒരു റോളില്‍ കുട്ടികള്‍ അഭിനയിക്കുന്നില്ലെന്ന് നിര്‍മാതാക്കള്‍ ഉറപ്പുവരുത്തണം.

പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ കുട്ടികള്‍ സുരക്ഷിതരായിരിക്കണം. മറ്റുള്ളവര്‍ കുട്ടികളോട് എങ്ങനെ പെരുമാറുന്നു എന്നത് സംബന്ധിച്ച് വ്യക്തമായ പ്രൊട്ടോകോളും ഉണ്ടായിരിക്കണം. ലോക്കേഷനിലെ മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് മുന്നില്‍വെച്ച് മദ്യപിക്കാനോ പുകവലിക്കാനോ പാടില്ല. സിനിമയുടെ ചിത്രീകരണം കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കാതിരിക്കേണ്ടത് നിര്‍മാതാവിന്റെ ഉത്തരവാദിത്വമാണ്. സ്‌കൂളില്‍ പോകുന്നതിന് പുറമെ കുട്ടികള്‍ക്ക് പ്രൈവറ്റ് അധ്യാപകരെ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഈ നിര്‍ദ്ദേശങ്ങളില്‍ വീഴ്ചവരുത്തിയാല്‍ നിര്‍മാതാവിന് മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കുമെന്നും കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ കരട് റിപ്പോര്‍ട്ട് ബാലാവകാശ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.

You might also like