ഇന്ത്യയിൽ ക്രൈസ്തവർക്കെതിരായ ആക്രമണം: ഹർജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും
ഇന്ത്യയിൽ ക്രൈസ്തവർക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കും നേരേ നടക്കുന്ന ആക്രമണങ്ങൾക്കെതിരേ നൽകിയ ഹർജി ഇന്ന് (ജൂലൈ 15 ന്) സുപ്രിം കോടതി പരിഗണിക്കും. ബംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മക്കാഡോ, നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവർ ആണ് ഹർജി നൽകിയിരിക്കുന്നത്. ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എസ്. ബൊപ്പണ്ണ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് വെള്ളിയാഴ്ച ഹർജിയിൽ വാദം കേൾക്കുന്നത്.
രാജ്യത്ത് ക്രൈസ്തവർക്കെതിരേ 2021 വർഷം മാത്രം 505 അക്രമസംഭവങ്ങൾ നടന്നതായി മുതിർന്ന അഭിഭാഷകൻ കോളിൻ ഗോണ്‍സാൽവസ് ചൂണ്ടിക്കാട്ടി. തുടർന്നാണ് കേസ് വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ജസ്റ്റീസ് ചന്ദ്രചൂഡ് വ്യക്തമാക്കിയത്. ക്രൈസ്തവ സമുദായത്തെ ലക്ഷ്യം വച്ചു നടക്കുന്ന വിദ്വേഷപ്രസംഗങ്ങളും ആരാധനാലയങ്ങൾക്കു നേരേ നടക്കുന്ന ആക്രമണങ്ങളും തടയാൻ കർശന നടപടി വേണമെന്നാണു ഹർജിക്കാരുടെ ആവശ്യം.
രാജ്യത്താകെ ക്രൈസ്തവർക്കും പുരോഹിതർക്കും പാസ്റ്റർമാർക്കും എതിരെ പ്രതിമാസം അൻപതോളം അക്രമസംഭവങ്ങൾ നടക്കുന്നു എന്നു പരാതിക്കാരുടെ അഭിഭാഷകനായ കോളിൻ ഗോണ്‍സാൽവസ് ചൂണ്ടിക്കാട്ടിയിരുന്നു. അക്രമസംഭവങ്ങൾ സംബന്ധിച്ച കേസുകൾ പരിശോധിക്കാൻ സംസ്ഥാനങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിക്കണമെന്ന തെഹ്സീൻ പൂനാവാല കേസിലെ വിധി നിർദേശം നടപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
വിദ്വേഷ അക്രമങ്ങളിൽ നടപടിയെടുക്കാൻ ഓരോ ജില്ലയിലും എസ്പി റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും നോഡൽ ഓഫീസറെ സഹായിക്കാൻ ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു.
2018ൽ ഇക്കാര്യം സംബന്ധിച്ച് സുപ്രീംകോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു മാർഗനിർദേശം നൽകിയിരുന്നു. അതിവേഗ വിചാരണ, നഷ്ടപരിഹാരം, കർശന ശിക്ഷ, കൃത്യവിലോപം വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി തുടങ്ങിയ നിർദേശങ്ങളാണ് സുപ്രീംകോടതി നൽകിയിരുന്നത്. ഈ നിർദേശങ്ങൾ നടപ്പാക്കണമെന്നാണ് പുതിയ ഹർജിയിലെ ആവശ്യം.