ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹത്തിനു സാധ്യത
കൊളംബോ: ജനകീയ പ്രതിഷേധം ആളിക്കത്തിയതോടെ ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈദ്യുതിപോലും കൃത്യമായി ലഭിക്കാതെ, ആശങ്കകൾ നിറഞ്ഞ ശ്രീലങ്ക, സംഘർഷമേഖലകളിൽ കർഫ്യൂവും പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രസിഡൻറിൻറെയും പ്രധാനമന്ത്രിയുടെയും രാജി വൈകുന്നതിൽ പ്രതിഷേധിച്ച് പ്രക്ഷോഭകാരികൾ പാർലമെൻറും പ്രധാനമന്ത്രിയുടെ ഓഫീസും വളഞ്ഞിരുന്നു. പ്രസിഡന്റ് ഗോത്തബയ രജപക്സെ രാജിവെക്കില്ലെന്ന് വന്നതോടെയാണ് ജനങ്ങൾ പ്രതിഷേധം കടുപ്പിച്ചത്. രാജി പ്രഖ്യാപിക്കാതെ ഗോത്തബയ രഹസ്യമായി രാജ്യം വിട്ടതോടെ കൊളംബോയിൽ കലാപ സമാനമായ സാഹചര്യം ഉണ്ടായി. പ്രത്യേക സൈനിക വിമാനത്തിൽ മാലദ്വീപിൽ ഇറങ്ങിയ ഗോത്തബയ പിന്നീട് സിംഗപ്പൂരിൽ നിന്ന് രാജി ഈമെയിൽ വഴി അറിയിച്ചു.
എങ്കിലും ശ്രീലങ്കയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയാണ്. വിവിധ പ്രതിസന്ധികളിൽ കഠിനമായി ഉലയുന്ന ശ്രീലങ്ക രാജ്യാന്തര സമൂഹത്തിന്റെയാകെ ആശങ്കയാവുകയാണ്. ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടു പോകുമെന്നറിയാതെ 2.2 കോടിയോളമുള്ള ശ്രീലങ്കൻ ജനത പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. രാജ്യത്ത് ഭക്ഷണം, ഇന്ധനം തുടങ്ങി അവശ്യവസ്തുക്കളെല്ലാം തീർന്ന അവസ്ഥയാണിപ്പോൾ. സ്കൂൾ, കോളജ്, സർക്കാർ സ്ഥാപനങ്ങൾ എല്ലാം അടഞ്ഞുകിടക്കുന്നു. ചില ആശുപത്രികൾ പോലും പ്രവർത്തിക്കുന്നില്ല. വൈദ്യുതിയും കൃത്യമായി ലഭിക്കുന്നില്ല.
അരാജകത്വത്തിലേക്ക് വഴുതിവീണ ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹത്തിനു സാധ്യതയുണ്ടെന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ റിപ്പോർട്ട്. ബ്രിട്ടനിൽനിന്നു സ്വാതന്ത്ര്യം നേടിയ 1948 നു ശേഷം ശ്രീലങ്ക നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. മൂന്നു പതിറ്റാണ്ടോളം നീണ്ട ആഭ്യന്തരയുദ്ധം അടക്കം ഒട്ടേറെ വെല്ലുവിളികളെ നേരിട്ട ശ്രീലങ്ക സങ്കീർണവും കഠിനവുമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണിപ്പോൾ.
ഒരു കാലത്ത് സുവിശേഷത്തിനു വേണ്ടി വളരെ ശക്തമായി നിലകൊണ്ട രാജ്യം, ധാരാളം ക്രിസ്തീയ സഭകളും പെന്തെക്കോസ്തു സഭകളും ലക്ഷക്കണക്കിന് വിശ്വാസികളുമുള്ള ശ്രീലങ്കയുടെ ഇപ്പോഴത്തെ സാഹചര്യം വളരെ പരിതാപകരമാണ്.