യേശു ഗിരിപ്രഭാഷണം നടത്തിയ മലയില്‍ എണ്ണായിരത്തിലധികം അമേരിക്കന്‍ യുവജനങ്ങളുടെ പ്രാര്‍ത്ഥന

0

ജെറുസലേം: അമേരിക്കയില്‍ നിന്നും വിശുദ്ധ നാട്ടില്‍ തീര്‍ത്ഥാടനത്തിനെത്തിയ എണ്ണായിരത്തിലധികം യുവതീയുവാക്കള്‍ യേശു ഗിരിപ്രഭാഷണം നടത്തിയ മലയില്‍ പ്രാര്‍ത്ഥന നടത്തി. യേശു തന്റെ ഏറ്റവും പ്രധാനപ്പെട്ട ഗിരി പ്രഭാഷണം നടത്തിയ “മൗണ്ട് ഓഫ് ദി ബീറ്റിറ്റ്യൂഡ്സ്” മലയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രാര്‍ത്ഥനാകൂട്ടായ്മ നടന്നത്. ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ‘നിയോകാറ്റെക്ക്യുമെനല്‍ വേ’ ജൂലൈ 19-ന് സംഘടിപ്പിച്ച ദൈവവിളി കൂട്ടായ്മയില്‍ പങ്കെടുക്കുവാനെത്തിയതായിരിന്നു യുവജനങ്ങള്‍.

പ്രത്യാശയും, വിശുദ്ധ നാട്ടിലെ ജനങ്ങളോടുള്ള അടുപ്പവും അടയാളപ്പെടുത്തുന്നതായിരിന്നു തീര്‍ത്ഥാടനമെന്ന് മൗണ്ട് ഓഫ് ദി ബീറ്റിറ്റ്യൂഡില്‍ ‘നിയോകാറ്റെക്ക്യുമെനല്‍ വേ’ യുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ രൂപീകരണ ധ്യാന കേന്ദ്രമായ ‘ഡോമുസ് ഗലീലി’യുടെ റെക്ടറായ ഫാ. റിനോ റോസി പറഞ്ഞു. തങ്ങളുടെ വേനല്‍ അവധിക്കാല പദ്ധതികളും, മറ്റ് പരിപാടികളും ഒഴിവാക്കി യുവജനങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് സഭ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നിയോകാറ്റെക്ക്യുമെനല്‍ വേ’യുടെ സഹസ്ഥാപകനായ കാര്‍മെന്‍ ഹെര്‍ണാണ്ടസിന്റെ ആറാം ചരമവാര്‍ഷികത്തിലായിരുന്നു ഈ യുവജന കൂട്ടായ്മയെന്നതും ശ്രദ്ധേയമാണ്.

 

You might also like