അറിവിനെ ഏറ്റവും നന്നായി വിനിയോഗിക്കുന്ന സംസ്ഥാനമാണ് കേരളം

0

അറിവാണ് ഏറ്റവും വലിയ മൂലധനമെന്നും അറിവിനെ ഏറ്റവും നന്നായി വിനിയോഗിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും സംസ്ഥാന നിയമസഭ സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എയുടെ വൈപ്പിന്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തില്‍ എസ്.എസ്.എല്‍.സിക്കും പ്ലസ്ടുവിനും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ആദരം നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്പന്ന രാജ്യങ്ങളില്‍ വിദ്യാഭ്യാസത്തില്‍ അധിഷ്ഠിതമായ സമ്പത്ത് വ്യവസ്ഥയാണു നിലനില്‍ക്കുന്നത്. ഇതേ മാതൃകയാണ് കേരളവും പിന്തുടരുന്നത്. കേരളത്തിലെ വിദ്യാഭ്യാസ രംഗം കൈവരിച്ച നേട്ടങ്ങളാണ് ഇതിനു സംസ്ഥാനത്തെ പ്രാപ്തമാക്കുന്നത്. ഇന്നു ലോകത്തിന്റെ നാനാ ഭാഗത്തും മലയാളികള്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തി നില്‍ക്കുകയാണ്. ഇതു പുതുതലമുറയ്ക്കു പ്രചോദനമാണെന്നും സ്പീക്കര്‍ പറഞ്ഞു. മുഴുവന്‍ കുട്ടികളെയും സ്‌കൂളില്‍ എത്തിക്കുക എന്ന ഭരണഘടനാ ലക്ഷ്യം 51 കൊല്ലം മുന്‍പ് സാക്ഷാത്ക്കരിച്ച സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

മുഴുവന്‍ എപ്ലസ് നേടിയ, മണ്ഡലത്തിലെ സ്‌കൂളുകളില്‍ പഠിച്ചവരും ഇതര മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച വൈപ്പിന്‍ സ്വദേശികളുമായ 390 കുട്ടികളെയാണ് എംഎല്‍എയുടെ പദ്ധതിയുടെ ഭാഗമായി റോട്ടറി ക്ലബിന്റെയും മലയാള മനോരമയുടെയും മോളിക്യുലാര്‍ ആശുപത്രി ഗ്രൂപ്പിന്റെയും സഹകരണത്തോടെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചത്.

    ഓച്ചന്തുരുത്ത് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ആതുര ശുശ്രൂഷ രംഗത്ത് ആറു പതിറ്റാണ്ടായി കര്‍മ്മനിരതനായ ഡോ. എം.കെ കരുണാകരനെ ചടങ്ങില്‍ സ്പീക്കര്‍ ആദരിച്ചു. റോട്ടറി ഡിസ്ട്രിക്റ്റ് – 3201 ഗവര്‍ണര്‍ എസ് രാജ്മോഹന്‍ നായര്‍ മുഖ്യാതിഥിയായി. കൊച്ചിന്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോ. പൂര്‍ണ്ണിമ നാരായണന്‍ പ്രചോദനാത്മക പ്രഭാഷണം നടത്തി. 

ജില്ലാ പഞ്ചായത്ത് അംഗം എം.ബി ഷൈനി, വരാപ്പുഴ അതിരൂപത അത്മായ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, മലയാള മനോരമ സര്‍ക്കുലേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്.രമേശ്, മോളിക്യുലാര്‍ ആശുപത്രി ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. എം.ആര്‍.എ പിള്ള, റോട്ടറി കൊച്ചിന്‍ സോണ്‍ ജില്ലാ ഡയറക്ടര്‍ നോബി, വിദ്യാഭ്യാസ പദ്ധതി കോ ഓര്‍ഡിനേറ്റര്‍ എ.പി പ്രിനില്‍, കേരള മാരിടൈം ബോര്‍ഡ് അംഗം അഡ്വ സുനില്‍ ഹരീന്ദ്രന്‍, എം.ജി സര്‍വകലാശാല സെനറ്റംഗം എന്‍.എസ് സൂരജ്, തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

You might also like