ഓസ്‌ട്രേലിയൻ ജനതയിൽ പകുതിയോളം പേർക്കും ഇതിനകം കൊവിഡ് ബാധിച്ചതായി റിപ്പോർട്ട്

0

ഓസ്‌ട്രേലിയയിൽ പ്രായപൂർത്തിയായവരിൽ 46.2% പേർക്ക് കൊറോണവൈറസ് ബാധിച്ചുകഴിഞ്ഞു കാണുമെന്ന് രോഗബാധാ നിരക്ക് സംബന്ധിച്ചുള്ള സർവേ വെളിപ്പെടുത്തി. നാഷണൽ സെന്റർ ഫോർ ഇമ്മ്യൂണൈസേഷൻ റിസേർച് ആൻഡ് സർവേയ്‌ലൻസിന്റെയും, കിർബി ഇൻസ്റ്റിറ്റ്യൂട്ട് ന്യൂ സൗത്ത് വെയിൽസിന്റെയും നേതൃത്വത്തിൽ നടത്തുന്ന സെറോസർവേ എന്ന പഠനത്തിലാണ് ഈ കണ്ടെത്തൽ. നാല് ഘട്ടങ്ങളായി നടത്തുന്ന സർവേയുടെ രണ്ടാം ഘട്ടത്തിലാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.

2022 ഫെബ്രുവരിയിൽ പൂർത്തിയാക്കിയ ആദ്യ സർവേയിൽ 17%  ഓസ്‌ട്രേലിയക്കാർക്ക് കൊവിഡ് ബാധിച്ചു കഴിഞ്ഞിട്ടുള്ളതായാണ് കണ്ടെത്തിയത്. ജൂൺ മാസത്തിൽ പൂർത്തിയായ രണ്ടാം സർവേയിൽ ഈ സംഖ്യ 46.2% ലേക്ക് ഉയർന്നതായി ഗവേഷകർ വെളിപ്പെടുത്തി. കൊറോണവൈസ് ബാധിച്ചവരുടെ രക്തസാമ്പിളുകളിലെ ആന്റിബോഡി സാന്നിധ്യമാണ് കണക്കുകൾ തയ്യാറാക്കാൻ സഹായിക്കുന്നതെന്ന് ഗവേഷകർ വ്യക്തമാക്കി.

18 വയസ് മുതൽ 89 വയസുവരെയുള്ള 5,139 പേരുടെ രക്ത സാമ്പിളുകളാണ് രണ്ടാം ഘട്ട സർവേയിൽ പരിശോധിച്ചത്. 18-29 വരെ പ്രായമുള്ളവരുടെ വിഭാഗത്തിൽ 61.7%  പേരിലും ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി അധികൃതർ ചൂണ്ടിക്കാട്ടി. വെസ്റ്റേൺ ഓസ്‌ട്രേലിയ ഒഴിച്ചുള്ള മറ്റ് പ്രദേശങ്ങളിൽ ആദ്യ സർവ്വേയ്ക്ക് ശേഷമുള്ള വർദ്ധനവ് ഏകദേശം തുല്യമായ നിരക്കിലായിരുന്നവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ 0.5% എന്നായിരുന്നു ഫെബ്രുവരി മാസത്തിലെ പോസ്റ്റിവിറ്റി നിരക്ക്. ഇത് മൂന്ന് മാസത്തിനകം 37.5% ത്തിലേക്ക് ഉയർന്നു.

കൊവിഡിനെതിരെ ഏറ്റവും കൂടുതൽ സംരക്ഷണം ലഭിക്കുന്നത് വാക്‌സിനേഷൻ, ബൂസ്റ്റർ ഡോസുകൾ ശരിയായി സ്വീകരിച്ചിട്ടുള്ളവർക്കിടയിലാണെന്ന് പഠനം നടത്തിയ ഗവേഷകർ നിരീക്ഷിക്കുന്നുണ്ട്. മൂന്നാമത്തെ സർവേ ഓഗസ്റ്റ് അവസാനത്തോടെ ആരംഭിക്കും.

You might also like