മഴക്കെടുതിയിൽ ആറു മരണം, 27 വീടുകൾ തകർന്നു, 2291 പേരെ മാറ്റിപ്പാർപ്പിച്ചു
സംസ്ഥാനത്ത് മഴക്കെടുതിയിൽ ആറു പേർ മരിച്ചു. 23 വീടുകൾ പൂർണമായും 71 വീടുകൾക്കു ഭാഗീകമായും തകർന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 2291 പേരെ മാറ്റിപ്പാർപ്പിച്ചു. വിവിധ ജില്ലകളിലായി 95 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.
കണ്ണൂരിൽ മൂന്നുപേരും തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിൽ ഓരോരുത്തരുമാണു മരിച്ചത്. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് മരിച്ചവരുടെ ആകെ എണ്ണം 12 ആയി. കണ്ണൂർ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിലുണ്ടായ ഉരുൾപൊട്ടലിൽ പിഞ്ചുകുഞ്ഞടക്കം മൂന്നു പേർ മരിച്ചു.
കണിച്ചാർ വില്ലേജിലെ പൂളക്കുറ്റി, വെള്ളറ, നെടുംപുറം ചാൽ എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. കണിച്ചാൽ വെള്ളറ കോളനിയിലെ അരുവിക്കൽ ഹൗസിൽ രാജേഷ് (45), പൂളക്കുറ്റി ആരോഗ്യ കേന്ദ്രം ജീവനക്കാരി നദീറ ജെ. റഹീമിന്റെ രണ്ടര വയസുകാരിയായ മകൾ നൂമ തസ്മീൻ, കണിച്ചാർ വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രൻ (55) എന്നിവരാണു മരിച്ചത്. പൂളക്കുറ്റിയിലെ ഉരുൾപൊട്ടലിൽ തകർന്ന ചന്ദ്രന്റെ വീട് പൂർണമായും മണ്ണിനടിയിലാണ്. ഇന്ത്യൻ ആർമിയുടെയും ഫയർ ആൻഡ് റെസ്‌ക്യു ഫോഴ്‌സിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണു താഴെ വെള്ളറ ഭാഗത്തുനിന്ന് വൈകീട്ട് നാലരയോടെ ചന്ദ്രന്റെ മൃതദേഹം കിട്ടിയത്.
തിരുവനന്തപുരത്ത് തമിഴ്നാട് സ്വദേശി കന്യാകുമാരി പുത്തൻതുറ കിങ്സറ്റൺ (27) കടലിൽ തിരയിൽപ്പെട്ടു മരിച്ചു. കോട്ടയം കൂട്ടിക്കലിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ടു കൂട്ടിക്കൽ കന്നുപറമ്പിൽ റിയാസ് (45) മരിച്ചു. എറണാകുളം കുട്ടമ്പുഴയിൽ തിങ്കളാഴ്ച കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കാവനാകുടിയിൽ പൗലോസിനെയാണ് വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉരുളംതണ്ണി സ്വദേശിയായ ഇദ്ദേഹത്തിന് 65 വയസ്സായിരുന്നു. ദേഹത്തേക്ക് മരം ഒടിഞ്ഞുവീണതാണു മരണ കാരണം.
കഴിഞ്ഞ ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് 27 വീടുകൾ പൂർണമായും 126 വീടുകൾ ഭാഗീകമായും തകർന്നു. 02 ഓഗസ്റ്റ് മാത്രം 23 വീടുകൾ പൂർണമായി തകർന്നു. 71 വീടുകൾക്കു ഭാഗീക നാശനഷ്ടമുണ്ടായി. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വീടുകൾ തകർന്നത്. ഇവിടെ 18 വീടുകൾ പൂർണമായും എട്ടു വീടുകൾ ഭാഗീകമായും തകർന്നു. ഇന്നുണ്ടായ കനത്ത മഴയിലാണ് ഈ നാശനഷ്ടം. കൊല്ലം – 2, ഇടുക്കി – 5, എറണാകുളം – 1, വയനാട് – 1 എന്നിങ്ങനെയാണു മറ്റു ജില്ലകളിൽ പൂർണമായി തകർന്ന വീടുകളുടെ എണ്ണം. തിരുവനന്തപുരത്ത് ഇതുവരെ 12 വീടുകൾക്കു ഭാഗീക നാശനഷ്ടമുണ്ടായി. കൊല്ലം – 15, പത്തനംതിട്ട – 6, ആലപ്പുഴ – 10, കോട്ടയം – 50, ഇടുക്കി – 7, എറണാകുളം – 2, തൃശൂർ – 6, വയനാട് – 10, കണ്ണൂർ – 8 എന്നിങ്ങനെയാണു മറ്റു ജില്ലകളിൽ ഭാഗീകമായി തകർന്ന വീടുകളുടെ എണ്ണം.
കോട്ടയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നത്. 21 ക്യാംപുകളിലായി 447 പേരെ ഇവിടെ മാറ്റിപ്പാർപ്പിച്ചു. ഇടുക്കിയിൽ ഏഴു ക്യാംപുകളിലായി 118 പേരും എറണാകുളത്ത് 11 ക്യാംപുകളിലായി 467 പേരും കഴിയുന്നു. തൃശൂരിലാണ് ഏറ്റവും കൂടുതൽ പേരെ മാറ്റിപ്പാർപ്പിച്ചത്. 657 പേരെ ഇവിടെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. 15 ദുരിതാശ്വാസ ക്യാംപുകളാണ് ഇതിനായി തുറന്നത്. പാലക്കാട് ഒരു ക്യാംപിൽ 25 പേരും മലപ്പുറത്ത് രണ്ടു ക്യാംപുകളിലായി എട്ടു പേരും വയനാട് മൂന്നു ക്യാംപുകളിലായി 38 പേരും കണ്ണൂരിൽ മൂന്നു ക്യാംപുകളിലായി 52 പേരും കഴിയുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ രണ്ടു ക്യാംപുകളിലായി 30 പേരെയും പത്തനംതിട്ടയിൽ 25 ക്യാംപുകളിലായി 391 പേരെയും ആലപ്പുഴയിൽ അഞ്ചു ക്യാംപുകളിലായി 58 പേരെയും മാറ്റിപ്പാർപ്പിച്ചു.
10 ജില്ലകളിൽ നാളെയും റെഡ് അലേർട്ട്
അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ നാളെ (03 ഓഗസ്റ്റ്) ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ഓഗസ്റ്റ് നാലിന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴഎന്നതുകൊണ്ടു കാലാവസ്ഥാ വകുപ്പ് അർഥമാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർഗോഡ് ജില്ലകളിൽ ഇന്നും (ഓഗസ്റ്റ് 03) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓഗസ്റ്റ് നാലിനും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓഗസ്റ്റ് അഞ്ചിനും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ടു കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓഗസ്റ്റ് നാലിനും കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓഗസ്റ്റ് അഞ്ചിനും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓഗസ്റ്റ് ആറിനും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്. മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിനു സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 02 ഓഗസ്റ്റ് മുതൽ ഓഗസ്റ്റ് നാലു വരെയും കർണാടക തീരങ്ങളിൽ 02 ഓഗസ്റ്റ് മുതൽ ഓഗസ്റ്റ് ആറു വരെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യയുള്ളതിനാൽ ഈ ദിവസങ്ങളിൽ കേരള-ലക്ഷദ്വീപ് തീരങ്ങളിലും കർണാടക തീരത്തും മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
11 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 03 ഓഗസ്റ്റ് അവധിയാണ്.
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു (ഓഗസ്റ്റ് 3) അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി. മഴ ശക്തമായി തുടരുന്നതിനാലും ജില്ലകളിൽ റെഡ് അലേർട്ട്, ഓറഞ്ച് അലെർട് നിലനിൽക്കുന്നതിനാലും അങ്കണവാടികൾ മുതൽ പ്രൊഫെഷണൽ കോളേജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
പത്തനംതിട്ട ജില്ലയിൽ മുൻ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. പാലക്കാട്, ഇടുക്കി, മലപ്പുറം, തൃശൂർ ജില്ലകളിലും യൂണിവേഴ്സിറ്റി പരീക്ഷകളും ഇന്റർവ്യൂകളും മുൻ നിശ്ചയിച്ച പ്രകാരം നടക്കും.
പമ്പയാർ, മണിമലയാർ, അച്ചന്കോവിലാർ എന്നിവയുടെയുടെ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയരുന്നതിനാൽ നദീ തടങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം. അട്ടപ്പാടി മേഖലയിലേക്ക് വൈകീട്ട് ആറ് മണി മുതൽ പിറ്റേന്ന് ആറ് വരെയുള്ള സമയത്ത് ഭാരവാഹനങ്ങളുടെ സഞ്ചാരം നിരോധിച്ചു.
ഓഗസ്റ്റ് അഞ്ച് വരെ നെല്ലിയാമ്പതി ഭാഗങ്ങളിലേക്കും വിനോദ യാത്ര പൂർണ്ണമായും നിരോധിച്ചു. പറമ്പിക്കുളത്തേക്കും വിനോദയാത്രയ്ക്കു നിരോധനമുണ്ട്.