കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടല്‍; ആലപ്പുഴയില്‍ എ സി റോഡില്‍ വെളളം കയറി, ജാഗ്രതാ നിര്‍ദ്ദേശം

0

കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക നാശ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടി. വെമ്പാലമുക്കുളം മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ജനവാസ മേഖലയ്ക്ക് പുറത്താണ് ഉരുള്‍പൊട്ടിയത്. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇന്ന് പുലര്‍ച്ചെ മൂന്നേ മുക്കാലോടെയാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായതെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. രണ്ട് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ പ്രദേശത്തേക്ക് പുറപ്പെട്ടു. അതേസമയം കോട്ടയം മണിമലയാറില്‍ ഇന്ന് ജലനിരപ്പ് ഉയര്‍ന്നു. ആലപ്പുഴ – ചങ്ങനാശ്ശേരി റോഡില്‍ പലയിടങ്ങളിലും വെള്ളം കയറി. പ്രദേശത്ത് കൂടിയുള്ള വാഹനയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണ തേജ അറിയിച്ചു.

പറമ്പിക്കുളം ഡാമില്‍ നിന്നുള്ള വെള്ളം വരവ് കൂടി. പൊരിങ്ങല്‍കുത്ത് ഡാമിന്റെ മൂന്നാമത് ഷട്ടറും തുറന്നു. ഇതേ തുടര്‍ന്ന് ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലും ഇടവിട്ടുള്ള മഴ തുടരുകയാണ്. താമരശ്ശേരിയില്‍ കനത്ത മഴയെ തുടര്‍ന്ന് അടിവാരം അങ്ങാടിയില്‍ വെള്ളക്കെട്ട് ഉണ്ടായി. മഴക്കെടുതിയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം ഇരുപതായി. 232 കുടുംബങ്ങളിലായി 796 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.

അതേസമയം ഇന്ന് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളിലും വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

You might also like