നൈജീരിയയില്‍ ക്രൈസ്തവരുടെ മോചനത്തിനായി പോരാട്ടവുമായി സാമൂഹ്യ പ്രവര്‍ത്തകര്‍

0

കടുണ: നൈജീരിയയിലെ കടുണ സംസ്ഥാനത്തിലെ ഗ്രാമത്തില്‍ നിന്നും ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 36 ക്രൈസ്തവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൈജീരിയയിലെ കത്തോലിക്കാ സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ. തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ അടിയന്തിര മോചനവും, ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ക്കു അറുതിയും ആവശ്യപ്പെടുന്നതായി ഇക്കഴിഞ്ഞ ഓഗസ്റ്റ് 2-ന് ‘സിറ്റിസണ്‍ഗോ ആഫ്രിക്ക’ വഴി അധികൃതര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ പറയുന്നു. നൈജീരിയയില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ കൂട്ടക്കൊലകളില്‍ നിരാശ പ്രകടിപ്പിച്ച കത്തോലിക്ക സാമൂഹ്യ പ്രവര്‍ത്തകര്‍ ക്രിസ്ത്യാനികള്‍ക്ക് ജീവിക്കുവാന്‍ കഴിയാത്ത രാജ്യമായി നൈജീരിയ മാറിക്കഴിഞ്ഞുവെന്നും, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, മര്‍ദ്ദനം, കൊലപാതകം എന്നിവയുടെ ഭീഷണിയുമായിട്ടാണ് ഓരോ ദിവസവും കടന്നു വരുന്നതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.  

സമീപകാലത്തായി ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുകയാണെന്നും, കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആയിരത്തോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. നൈജീരിയയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ കൂട്ടക്കൊലകളില്‍ ആഗോള നേതാക്കളോ, ലോക സമൂഹമോ ഇതുവരെ കണ്ട ഭാവം നടിച്ചിട്ടില്ല. ഇക്കാര്യത്തില്‍ നൈജീരിയന്‍ സര്‍ക്കാര്‍ കര്‍ക്കശമായ നടപടികള്‍ കൈകൊള്ളണമെന്ന ആവശ്യവുമായി കഴിഞ്ഞ 5 വര്‍ഷങ്ങളായി തങ്ങള്‍ നിരവധി പ്രചാരണ പരിപാടികള്‍ നടത്തിവരികയാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഇപ്പോഴും ബന്ധിയാക്കപ്പെട്ടിരിക്കുന്ന ലിയ ഷരീബുവിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കുവാനായി മൈഡുഗുരിയില്‍ പോയ കത്തോലിക്കാ സാമൂഹ്യ പ്രവര്‍ത്തകര്‍ എക്കോവാസ് കോടതിയില്‍ തങ്ങളുടെ പരാതി സമര്‍പ്പിച്ചുവെങ്കിലും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. ആഫ്രിക്കന്‍ യൂണിയനെ സമീപിക്കുവാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെങ്കിലും ഇതുവരെ ഒന്നും സംഭവിക്കാത്തത് ലജ്ജാകരമാണെന്നും സംഘടന പറയുന്നു. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ ഇത്രയധികം വര്‍ദ്ധിച്ചിട്ടും മുഹമ്മദ്‌ ബുഹാരിയുടെ നേതൃത്വത്തിലുള്ള നൈജീരിയന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും കൈകൊള്ളുന്നില്ലെന്നും സംഘടന ചൂണ്ടികാട്ടി. 

ജൂലൈ 25-ന് രാത്രി 9 മണിക്ക് വടക്ക്-പടിഞ്ഞാറന്‍ നൈജീരിയയിലെ കടുണ സംസ്ഥാനത്തിലെ ഗ്രാമത്തില്‍ നിന്നുമാണ് ഇസ്ലാമിക തീവ്രവാദികള്‍ 36 പേരെ ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകപ്പെട്ടവരേ കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭ്യമല്ല. ഗ്രാമത്തില്‍ പ്രവേശിച്ച തീവ്രവാദികള്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്തുകൊണ്ട് ക്രൈസ്തവരെ അവരുടെ വീടുകളില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം പിടിച്ചുകൊണ്ട് പോവുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.

You might also like