ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്തു വിശ്വാസം സ്വീകരിച്ച ഇറാനിയൻ പൗരന് അഭയം നിഷേധിച്ച് ജർമ്മനി

0

മ്യൂണിക്ക്: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാനിയൻ സ്വദേശി തന്നെ രാജ്യത്ത് നിന്ന് പുറത്താക്കാൻ സർക്കാർ എടുത്ത തീരുമാനത്തിനെതിരെ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ നൽകിയ അപ്പീൽ തള്ളി. സുരക്ഷാഭീഷണിയെ തുടർന്ന് ഹസ്സൻ എന്ന പേരിൽ രേഖകളിൽ പേര് നൽകിയിരിക്കുന്ന 44 വയസ്സുള്ള ക്രൈസ്തവ വിശ്വാസിയുടെ കേസാണ് മനുഷ്യാവകാശ കോടതി പരിഗണിക്കാൻ വിസമ്മതിച്ചത്. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഹസ്സന്റെ വീട്ടിൽ ഇറാനിയൻ സുരക്ഷാസേന തിരച്ചിൽ നടത്തി കംപ്യൂട്ടറും, ബൈബിളും അടക്കം പിടിച്ചെടുത്തിരുന്നു. ഇതിനെ തുടർന്നാണ് അവരുടെ കുടുംബം തുർക്കി വഴി ജർമ്മനിയിലേക്ക് പലായനം ചെയ്യുകയായിരിന്നു. ഇപ്പോൾ ജർമ്മനിയിലുള്ള ഹസ്സൻ 2018 ലാണ് തങ്ങൾക്ക് ജർമ്മനിയിൽ തങ്ങാനുളള അനുമതി ഔദ്യോഗികമായി ആവശ്യപ്പെടുന്നത്.

ഹസ്സന്റെ ഭാര്യ സഹോദരനും ക്രൈസ്തവിശ്വാസം സ്വീകരിച്ച ആളാണ്. പിന്നീട് അദ്ദേഹത്തിന് വിശ്വാസ പരിവര്‍ത്തനത്തിന്റെ പേരിൽ ജീവൻ തന്നെ നഷ്ടമായി. അയാളുടെ ഭാര്യയ്ക്കും കടുത്ത പീഡനങ്ങൾ നേരിടേണ്ടിവന്നു. ഈ സംഭവമാണ് ഹസ്സനും ക്രൈസ്തവിശ്വാസം സ്വീകരിക്കാൻ പ്രചോദനമായി മാറിയത്. ക്രൈസ്തവിശ്വാസം സ്വീകരിച്ചതിനുശേഷം ഭാര്യ സഹോദരൻ മറ്റൊരു വ്യക്തിയായി മാറിയെന്നും, ആ അനുഭവം തങ്ങൾക്കും ലഭിക്കുമോ എന്നറിയാൻ വേണ്ടിയാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതെന്നും ജർമ്മനിയിലെ അധികൃതർക്ക് നൽകിയ രേഖയിൽ ഹസ്സൻ വ്യക്തമാക്കിയിരുന്നു. സർക്കാർ അധികൃതർ അഭയം നിഷേധിച്ചതിനു ശേഷം, ഗ്രീഫ്സ് വാൾഡ് അഡ്മിനിസ്ട്രേറ്റീവ് കോടതി കേസ് തള്ളിക്കൊണ്ട് നടത്തിയ വിധി പ്രസ്താവന വിചിത്രമായിരുന്നു.

ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഭാര്യ സഹോദരന്റെയും, അയാളുടെ ഭാര്യയുടെയും അനുഭവം കണ്ടിട്ട് ഒരു മുസ്ലിമും ക്രൈസ്തവ വിശ്വാസം സ്വീകരിക്കാൻ ഒട്ടും തന്നെ സാധ്യതയില്ലെന്നാണ് കോടതി പറഞ്ഞത്. ഇതിനുശേഷമാണ് കേസ് യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ എത്തുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ തന്റെ മതത്തെ സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉണ്ടായിരുന്നെന്നും, അത് ചോദിക്കാൻ തനിക്ക് അനുവാദം ഇല്ലായിരുന്നുവെന്നും, ചോദ്യം ചോദിച്ച വേളകളിൽ സ്കൂളിൽ നിന്നും മർദ്ദനം വരെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും ക്രൈസ്തവർക്ക് വേണ്ടി നിയമ പോരാട്ടം നടത്തുന്ന സംഘടന ആയ അലയൻസ് ഡിഫൻഡിങ് ഫ്രീഡം എന്ന സംഘടന വഴി തയ്യാറാക്കിയ പ്രസ്താവനയിൽ ഹസ്സൻ പറഞ്ഞു.

ഒരിക്കൽ ഒരു നല്ല വാർത്ത ഉണ്ടെന്ന് ഭാര്യ സഹോദരൻ തന്നോടും, ഭാര്യയോടും പറഞ്ഞു. ”ഒരു നിധിയുണ്ട്, ജീവിക്കുന്ന ഒരു ദൈവമുണ്ട്. യേശുക്രിസ്തു, നമ്മൾ ആ ദൈവത്തിന്റെ മക്കളാണ് അടിമകൾ അല്ല”. രക്ഷ സൗജന്യമായി തന്നെ ലഭിക്കുമെന്നും ഭാര്യ സഹോദരൻ പറഞ്ഞു. ജർമ്മനിയിൽ ഇപ്പോൾ താൽക്കാലികമായി താമസിക്കുന്ന സ്ഥലത്ത് പ്രാർത്ഥന കൂട്ടായ്മകൾ സംഘടിപ്പിക്കാറുണ്ടെന്നും, മറ്റുള്ളവരെ ക്രിസ്തുവിനു വേണ്ടി തനിക്ക് നേടണമെന്നും ഹസ്സൻ കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യത്തിൽ ക്രിസ്തുവിനെ കണ്ടെത്തുക എന്നതും, ഒരു നല്ല ജീവിതം നയിക്കുക എന്നതുമാണ് തന്റെ കുട്ടികൾക്ക് വേണ്ടിയുള്ള ഏറ്റവും വലിയ ലക്ഷ്യമെന്നും ഹസ്സൻ വിശദീകരിച്ചു.

പൗരന്മാരുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഇറാൻ പരാജയമായി മാറുകയാണെന്ന് അലയൻസ് ഡിഫൻഡിങ് ഫ്രീഡത്തിന്റെ ഗ്ലോബൽ റിലീജിയസ് ഫ്രീഡം അധ്യക്ഷ പദവി വഹിക്കുന്ന കെൽസി സോർസി ഓഗസ്റ്റ് പതിനൊന്നാം തീയതി ഹസ്സൻ കേസിന്റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇഷ്ടപ്പെട്ട മതം തിരഞ്ഞെടുക്കാനും, അത് പ്രകാരം ജീവിക്കാനും അവകാശം നൽകുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ തലത്തിലേക്ക് ഇറാന്റെ നിയമങ്ങളെയും കൊണ്ടുവരാൻ ഭരണഘടന ഭേദഗതി ആവശ്യമാണെന്നും കെൽസി സോർസി ചൂണ്ടിക്കാട്ടി.

അങ്ങനെ സംഭവിക്കുന്നത് വരെ മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാൻ ജർമ്മനി പോലെയുള്ള രാജ്യങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ട്. ഈ ഉത്തരവാദിത്തം മാനിക്കാതിരുന്നാൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഹസ്സനെ തിരികെ ഇറാനിലേക്ക് അയച്ചാൽ ഒന്നെങ്കിൽ അദ്ദേഹത്തിന് തടവ് ശിക്ഷ ലഭിക്കുമെന്നും അതല്ലെങ്കിൽ വധശിക്ഷ വരെ നൽകാൻ സാധ്യതയുണ്ടെന്നുമാണ് നിരീക്ഷകർ കരുതുന്നത്.

You might also like