അഫ്ഗാന്‍ ക്രൈസ്തവരുടെ ഭീതി നിറഞ്ഞ അതിജീവനത്തിന് ഒരാണ്ട്

0

കാബൂള്‍: ഭീതിയുടെയും സഹനത്തിന്റെയും നടുവില്‍ അഫ്ഗാനിസ്ഥാനില്‍ അവശേഷിക്കുന്ന ചുരുക്കം വരുന്ന ക്രിസ്ത്യന്‍ സമൂഹത്തിന്റെ അതിജീവനത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായി. അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍വാങ്ങലിനെ തുടര്‍ന്ന്‍ 2021 ഓഗസ്റ്റ് 15-നാണ് ഇസ്ലാമിക തീവ്രവാദി സംഘടനയായ താലിബാന്‍, അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തത്. അന്ന് തൊട്ട് ഇന്നുവരെ ഏത് നിമിഷവും കൊല്ലപ്പെടുമെന്ന ഭീതിയില്‍ ഒളിവു ജീവിതമാണ് അഫ്ഗാനിലെ ക്രൈസ്തവര്‍ നയിച്ചുവരുന്നത്. യു‌എസ് സൈന്യത്തിന്റെ പിന്‍വാങ്ങലിന് ശേഷമുള്ള അഫ്ഗാനിസ്ഥാന്റെ തകര്‍ച്ചയെ കുറിച്ചും അവര്‍ കടന്നുപോകുന്ന ജീവിതസാഹചര്യങ്ങളെ കുറിച്ചും ആളുകള്‍ മറന്നു തുടങ്ങിയെന്ന് അഫ്ഗാനിലെ ഭൂഗര്‍ഭ സഭാശൃംഖലയുമായി സഹകരിച്ച് അഫ്ഗാന്‍ ക്രൈസ്തവരെ സഹായിച്ചു കൊണ്ടിരിക്കുന്ന ‘ഗ്ലോബല്‍ കാറ്റലിസ്റ്റ് മിനിസ്ട്രി’ (ജി.സി.എം) യുടെ പ്രവര്‍ത്തകനായ റേസ പറഞ്ഞു.

അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന ക്രിസ്ത്യാനികളെ കുറിച്ച് ചിന്തിക്കുന്നവര്‍ ചുരുക്കമാണ്. അതിജീവനത്തിനായി ഇന്ന് മിക്ക അഫ്ഗാനികളും വിദേശ സംഘടനകളുടെ സഹായത്തെയാണ് ആശ്രയിക്കുന്നത്. താലിബാന്റെ നിയന്ത്രണം അഫ്ഗാനെ നയതന്ത്രപരമായ ഒറ്റപ്പെടലിലേക്ക് നയിച്ചിരിക്കുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പാടെ തകർന്നുകഴിഞ്ഞു. മിക്ക അഫ്ഗാനികൾക്ക് ദൈനംദിന അവശ്യവസ്തുക്കൾപോലും ലഭിക്കാത്ത അവസ്ഥയാണെന്നാണ്‌ മിഷന്‍ നെറ്റ്വര്‍ക്ക് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. “രാജ്യത്തെ ജനത തളര്‍ന്നുകഴിഞ്ഞു. ഇസ്ലാം അവരെ നശിപ്പിച്ചു. താലിബാന്‍ ദുഷ്ടത നിറഞ്ഞ മാര്‍ഗ്ഗങ്ങളിലൂടെ അവരെ നിയന്ത്രിച്ചു കൊണ്ടിരിക്കുകയാണ്. പ്രത്യാശയുടെ അടയാളമാണ് ജനങ്ങള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നതെന്നും റേസ പറയുന്നു. ആയിരകണക്കിന് പേരെ രക്ഷിക്കുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞെന്ന് പറഞ്ഞ റേസ, ഭൂഗര്‍ഭ നേതാക്കള്‍ക്ക് ക്രിസ്തുവിനെ പങ്കുവെക്കുവാനും അതുവഴി കൂടുതല്‍ വിശ്വാസികളെ നേടുവാന്‍ കഴിയുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം ബൈഡന്‍ ഭരണകൂടത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അഫ്ഗാനിസ്ഥാന്റെ പതനത്തിന്റെ വാര്‍ഷികം സംബന്ധിച്ച ആശങ്ക രേഖപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ പതനം ബൈഡന്റെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഏതാണ്ട് നാലു ലക്ഷം ഡോളറുമായി അഫ്ഗാനിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ ‘ജി.സി.എം’ന് 45 ലക്ഷം ഡോളര്‍ സമാഹരിക്കുവാന്‍ കഴിഞ്ഞു. മൂന്ന്‍ വര്‍ഷം നീണ്ട പുനരുദ്ധാരണ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഘടന ലക്ഷ്യം വെക്കുന്നത്.

You might also like