ക്രൈസ്തവര്‍ക്ക് നേരെ ആക്രമണമില്ല; യാഥാര്‍ത്ഥ്യങ്ങളെ പൂര്‍ണ്ണമായി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളിലെ യാഥാര്‍ത്ഥ്യം നിഷേധിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ക്രൈസ്തവർക്കു നേരെ നടക്കുന്ന അക്രമങ്ങൾ തടയാൻ നിർദേശം നൽകണം എന്നാവശ്യപ്പെട്ടു ബംഗളൂരിലെ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. നാഷണൽ സോളിഡാരിറ്റി ഫോറവും ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യയും കേസിൽ കക്ഷികളാണ്.
ഇതിനു നൽകിയ മറുപടിയിലാണ് ആരോപണങ്ങൾ വ്യാജമാണെന്നും അക്രമ സംഭവങ്ങളെന്ന് വിവരിക്കുന്ന റിപ്പോർട്ടുകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും കേന്ദ്രം ബോധിപ്പിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിനു വേണ്ടി ആഭ്യന്തര മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന പ്രാഥമിക മറുപടി യാഥാര്‍ത്ഥ്യങ്ങളെ പൂര്‍ണ്ണമായും തമസ്ക്കരിക്കുന്നതാണ്.
ക്രൈസ്തവർക്കെതിരായ ആക്രണങ്ങൾ നടക്കുന്നുണ്ടെന്ന് സ്ഥാപിക്കാൻ ഹർജിക്കൊപ്പം നൽകിയിരിക്കുന്ന വിവരങ്ങൾ പത്രവാർത്തകളുടെയും ഓൺലൈൻ മാധ്യമ ങ്ങളിൽ പ്രസിദ്ധീകരിച്ച് റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലുള്ളതാണെന്നും ഇതെല്ലാം വ്യാജമാണെന്നുമാണ് കേന്ദ്രത്തിന്റെ വാദം. പരാതികളിൽ പോലീസ് പക്ഷപാതപരമായി പെരുമാറുന്നതു അടക്കമുള്ള കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവർക്ക് എതിരേ കേസുകളോ പരാതികളോ ഉണ്ടായാൽ ഉടനെ അത് ക്രൈസ്തവ സമൂഹത്തിന് എതിരായ ആക്രമണമായി ചിത്രീകരിക്കപ്പെടുകയാണെന്നുമുള്ള വാദഗതികള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നിരത്തി. ചില സംഘടനകൾ സമാഹരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളാണ് ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമമായാണ് ചിത്രീകരിക്കപ്പെടുന്നതെന്നും കേന്ദ്രം ആരോപിച്ചു.
ക്രൈസ്തവര്‍ക്ക് നേരെ രാജ്യമെമ്പാടും നടക്കുന്ന ആക്രമങ്ങളെ ഇല്ലെന്ന് വരുത്തി തീര്‍ക്കുന്ന വിധത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വാദഗതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കും ആരാധനാലയങ്ങള്‍ക്കും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടക്കുന്നതു പകല്‍ പോലെ സത്യമായ കാര്യമാണ്. മതപരിവര്‍ത്തനം ആരോപിച്ച് നിരപരാധികളായവരെ അറസ്റ്റ് ചെയ്യുന്നതും ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലേക്ക് ഹിന്ദുത്വ മുദ്രാവാക്യങ്ങളുമായി അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തുന്നതും പ്രാര്‍ത്ഥന കൂട്ടായ്മകള്‍ അലങ്കോലപ്പെടുത്തുന്നത് അടക്കം അനേകം അക്രമ സംഭവങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയത് ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്തതാണ്.
കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ കുറിച്ച് പഠിച്ചു നിരീക്ഷണ റിപ്പോര്‍ട്ട് പുറത്തുവിടുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസം പുറത്തുവന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്റെ (യു.എസ്.സി.ഐ.ആര്‍.എഫ്) വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഭാരതത്തില്‍ ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷ സമൂഹങ്ങള്‍ അനുഭവിക്കുന്ന കടുത്ത പ്രതിസന്ധിയെ കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായിരിന്നു. ഇത്തരത്തില്‍ അനവധി യാഥാര്‍ത്ഥ്യങ്ങള്‍ നിലനില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ വളരെ എളുപ്പത്തില്‍ വസ്തുതകളെ നിഷേധിച്ചിരിക്കുന്നത്.
ജസ്റ്റീസുമാരായി ഡി.വൈ. ചന്ദ്രചൂഡ്, എ.എസ്. ബൊപ്പണ്ണ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഇന്നലെ ഹർജി പരിഗണിച്ചത്.ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ മറുപടിയിൻമേലുള്ള പ്രതികരണത്തിന് പരാതിക്കാരുടെ അഭിഭാഷകനായ കോളിൻ ഗോൺസാൽവസ് കൂടുതൽ സമയം ആവശ്യപ്പെട്ടു. കേസ് 25ന് വീണ്ടും പരിഗണിക്കും.