വായ്പ എടുത്ത വ്യക്തി മരണപ്പെട്ടാല്‍ കുടിശ്ശിക എഴുതി തള്ളുമോ?

0

വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ കുറഞ്ഞു വരികയാണ്. സാമ്പത്തിക സ്ഥിതി ഉയർന്നവർക്ക് പ്രീ അപ്രൂവ്ഡ് വായ്പകൾ ബാങ്കുകൾ നൽകുന്നുണ്ട്. കൃത്യമായ മാസ വരുമാനം, മികച്ച ക്രെഡിറ്റ് ഹിസ്റ്ററി എന്നിവയുള്ള വ്യക്തികളാണെങ്കിൽ വായ്പയുമായി പുറകെ നടക്കുകയാണ് ധനകാര്യ സ്ഥാപനങ്ങൾ. വീട്, വാഹനം, വിദ്യാഭ്യാസം പോലുള്ള പല ആവശ്യങ്ങൾക്കും വായ്പയെ ആശ്രയിക്കേണ്ടി വരുന്നുണ്ട്.

ഇത്തരം വായ്പകളിൽ ബാങ്ക് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ ബാങ്ക് വായ്പ അനുവദിക്കും. ആകസ്മികമായ ജീവിതത്തിൽ വായ്പയെടുത്തയാളുടെ അകാല മരണം വായ്പയെ എങ്ങനെ ബാധിക്കും?. ഈടില്ലാത്ത വ്യക്തി​ഗത വായ്പകൾക്കും ഈട് നൽകിയുള്ള വായ്പകളെയും ഈ സാഹചര്യത്തിൽ വ്യത്യസ്തമായാണ് പരി​ഗണിക്കുന്നത്. ഇതിന്റെ വിവിധ വശങ്ങൾ ചുവടെ പരിശോധിക്കാം.

ഭവന വായ്പ

പലർക്കും വീടെന്ന സ്വപ്നത്തിലേക്ക് എത്താൻ വായ്പകളെ ആശ്രയിക്കേണ്ടി വരാറുണ്ട്. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഭവന വായ്പ അനുവദിക്കുമ്പോള്‍ സുരക്ഷയ്ക്ക് ഈട് ആവശ്യപ്പെടാറുണ്ട്. ഈട് നല്‍കിയ വസ്തുവിനോടുള്ള അവകാശികളുടെ പ്രതിബദ്ധത അനുസരിച്ച് വായ്പ കുടുംബാംഗങ്ങള്‍ തിരിച്ചടയ്ക്കണം.

ദീര്‍ഘകാലയളവിലുള്ളതായതിനാല്‍ കുടുംബത്തെ സഹായിക്കാന്‍ വായ്പ പുനക്രമീകരിച്ച് ബാങ്കുകള്‍ സഹായിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ മുന്നിൽ കണ്ട് ബാങ്കുകൾ സുരക്ഷിതകാരാൻ വായ്പ നല്‍കുന്ന സമയത്ത് തന്നെ സഹ അപേക്ഷകനെ ഉള്‍പ്പെടുത്തുകയും ആവശ്യമായ ഇന്‍ഷൂറന്‍സ് പോളിസി വായ്പ അപേക്ഷകന് ഉണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യാറുണ്ട്.

സംയുക്ത വായ്പ

സംയുക്ത വായ്പയാണെങ്കില്‍ വായ്പ ബാധ്യത രണ്ട് അപേക്ഷകര്‍ക്കും തുല്യമാണ്. ഇത്തരം വായ്പകളില്‍ വായ്പയെടുക്കുന്നയാളുടെ മരണ ശേഷം വായ്പ തിരിച്ചടവ് വായ്പ കരാറിലെ പങ്കാളിയിലേക്ക് ചുരുങ്ങും. വായ്പകാരന്‍ മരണപ്പെട്ടാല്‍ ഇക്കാര്യം സഹ വായ്പകാരന്‍ ബാങ്കിനെ അറിയിക്കണം. മരണപ്പെട്ടയാളെ വായ്പയില്‍ നിന്ന് ബാങ്ക് ഒഴിവാക്കും.

മരണപ്പെട്ട വായ്പകാരന്‍ ഗ്രൂപ്പ് ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി എടുത്തിട്ടുണ്ടെങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനിയെ സമീപിച്ച് ഇന്‍ഷൂറന്‍സ് തുക ക്ലെയിം ചെയ്യാം. വായ്പ തുകയെക്കാള്‍ ഇന്‍ഷൂറന്‍സ് തുകയുണ്ടെങ്കില്‍ ബാക്കി വരുന്ന പണം മരണപ്പെട്ടായളുടെ നോമിനിക്ക് ലഭിക്കും.

സഹവായ്പകാരനില്ലാത്ത സാഹചര്യത്തില്‍ ബാങ്ക് ആദ്യം ഇന്‍ഷൂറന്‍സ് നടപടിയിലക്ക് പോകും. ഇന്‍ഷൂറന്‍സ് തുക വായ്പ തിരിച്ചടവിന് പര്യാപ്തമല്ലെങ്കില്‍ മരണപ്പെട്ടയാളുടെ നിയമപരമായ അവകാശികൾ വായ്പ തിരിച്ചടയ്ക്കണം. ഇതിന് തയ്യാറാവുന്ന കുടുംബാംഗത്തെ വായ്പയില്‍ ചേര്‍ക്കും. വായ്പ തിരിച്ചടയ്ക്കാന്‍ തയ്യാറാവാത്ത പക്ഷം സര്‍ഫാസി നിയമ പ്രകാരം വീട് ജപ്തി ചെയ്ത് ലേല നടപടികളിലേക്ക് ബാങ്ക് കടക്കും. കെവൈസി നടപടികളും കള്ളപണ വെളുപ്പിക്കല്‍ നിയമങ്ങളും പ്രകാരം കുടുംബാം​ഗങ്ങളല്ലാത്തവരെ വായ്പ തിരിച്ചടയ്ക്കാൻ ബാങ്കുകൾ സമ്മതിക്കാറില്ല.

വ്യക്തി​ഗത വായ്പ

വ്യക്തിഗത വായ്പ പോലുള്ള ജാമ്യം ആവശ്യമില്ലാത്ത വായ്പകളില്‍ വായ്പയെടുത്തയാളുടെ മരണ ശേഷം തുക തിരിച്ചടയക്കാന്‍ കുടുംബാംഗങ്ങളെ നിര്‍ബന്ധിപ്പിക്കാന്‍ ബാങ്കുകള്‍ക്കോ ധനകാര്യ സ്ഥാപനങ്ങള്‍ക്കോ സാധിക്കില്ല. വായ്പ തുകയ്ക്ക് ഈട് നല്‍കാത്തതിനാല്‍ തിരിച്ചടവ് ജാമ്യം എടുത്തയാളുടെ മാത്രം ബാധ്യതയാണ്.

ഇത്തരം വായ്പകള്‍ എഴുതി തള്ളുകയാണ് ബാങ്കുകളുടെ മുന്നിലുള്ള വഴി. ഇവിടെ ഇ്ന്‍ഷൂറന്‍സ് പോളിസിയാണ് വായ്പ നല്‍കിയവരുടെ രക്ഷയ്‌ക്കെത്തുക. കുടുംബാംഗങ്ങള്‍ വായ്പ തിരിച്ചടവിന് തയ്യാറായാല്‍ ബാങ്ക് ഇളവുകള്‍ നല്‍കും. ക്രെ‍ഡിറ്റ് കാർഡ് ബില്ലുകളിലും ഇതേ രീതിയാണ് പിന്തുടരുക.

വാഹന വായ്പ

കാർ, ബൈക്ക് തുടങ്ങിയവ വാങ്ങാനായി വായ്പയെടുക്കുമ്പോൾ വാഹനം ഈടായി ബാങ്ക്/ ധനകാര്യ സ്ഥാപനങ്ങൾ ആവശ്യപ്പെടാറുണ്ട്. ഈ സാഹചര്യത്തിൽ വായ്പയെടുത്തയാള്‍ മരണപ്പെട്ടാല്‍ മരണപ്പെട്ടയാളുടെ കുടുംബത്തിന് വായ്പ തിരിച്ചടയ്ക്കാൻ ബാധ്യതയുണ്ട്. ഇല്ലാത്ത പക്ഷം വായ്പ നൽകിയ ധനകാര്യ സ്ഥാപനം വാഹനം പിടിച്ചെടുക്കും. പിന്നീട് നിയമപ്രകാരമുള്ള നടപടികളിലൂടെ വാഹനം ലേലം ചെയ്ത് തിരിച്ചടവ് തുക കണ്ടെത്തും.

You might also like