ഇറാൻ-ഇസ്രയേൽ യുദ്ധം മുറുകുമെന്ന സൂചനകൾക്കിടെ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണി

0

ഇറാൻ-ഇസ്രയേൽ യുദ്ധം മുറുകുമെന്ന സൂചനകൾക്കിടെ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണി. സെൻസെക്സ് 1,800 പോയിന്റിലധികം ഇടിഞ്ഞ് 82,434 വരെ താഴ്ന്നു. വ്യാപാരാന്ത്യത്തിൽ സെൻസെക്സുള്ളത് 1,769 പോയിന്റ് (-2.10%) കൂപ്പുകുത്തി 82,497ൽ.

ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് ഒറ്റയടിക്ക് 11 ലക്ഷം കോടിയിലധികം രൂപ ഒലിച്ചുപോയി. നിലവിൽ നഷ്ടം 10 ലക്ഷം കോടിയോളം രൂപയാണ്. 474.86 ലക്ഷം കോടി രൂപയിൽ നിന്ന് 464.99 ലക്ഷം കോടി രൂപയായാണ് മൂല്യം ഇടിഞ്ഞത്. നിഫ്റ്റി 550 ഓളം പോയിന്റ് നഷ്ടവുമായി 25,250 നിലവാരത്തിലാണുള്ളത്.

നിഫ്റ്റി50ൽ ജെഎസ്ഡബ്ല്യു സ്റ്റീൽ (+1.33%), ടാറ്റാ സ്റ്റീൽ (0.10%) എന്നീ ഓഹരികൾ മാത്രമാണ് ഇന്ന് പച്ചതൊട്ടത്. ബാക്കി 48 ഓഹരികളും രുചിച്ചത് കനത്ത നഷ്ടം. ആഗോള വ്യവസായ, റിയൽ എസ്റ്റേറ്റ് രംഗത്തെ മുഖ്യ ശക്തിയായ ചൈന ആഭ്യന്തര സമ്പദ്, റിയൽ എസ്റ്റേറ്റ് മേഖലകളുടെ ഉണർവിനായി ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതിന്റെയും ചൈനീസ് സ്റ്റീൽ ഇറക്കുമതിക്ക് നികുതി കൂട്ടാനുള്ള കേന്ദ്ര നീക്കത്തിന്റെയും പശ്ചാത്തലത്തിലാണ് ഇന്ത്യൻ സ്റ്റീൽ കമ്പനികളുടെ നേട്ടം. ബിപിസിഎൽ 5.31%, എൽ ആൻഡ് ടി 4.11%, ശ്രീറാം ഫിനാൻസ് 4.02%, മാരുതി സുസുക്കി 3.99%, ടാറ്റാ മോട്ടോഴ്സ് 3.96% എന്നിങ്ങനെ ഇടിഞ്ഞ് നിഫ്റ്റി50ൽ നഷ്ടത്തിൽ മുന്നിലെത്തി.

ബിഎസ്ഇയിലും ജെഎസ്ഡബ്ല്യു സ്റ്റീൽ (+1.17%), ടാറ്റാ സ്റ്റീൽ (+0.06%) എന്നിവ മാത്രമാണ് നേട്ടത്തിലുള്ളത്. ആക്സിസ് ബാങ്ക് 4.26% ഇടിഞ്ഞ് നഷ്ടത്തിൽ ഒന്നാമതുണ്ട്. എൽ ആൻ‍ഡ് ടി, മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, കൊട്ടക് ബാങ്ക്, അദാനി പോർട്സ്, ടൈറ്റൻ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ രണ്ടര മുതൽ 4.20% വരെ ഇടിഞ്ഞ് തൊട്ടുപിന്നാലെയുണ്ട്. ബിഎസ്ഇയിൽ 4,054 ഓഹരികൾ വ്യാപാരം ചെയ്തതിൽ 1,000 കമ്പനികളുടെ ഓഹരികളേ നേട്ടത്തിലേറിയുള്ളൂ. 2,951 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലേക്ക് വീണു. 109 ഓഹരികളുടെ വില മാറിയില്ല.

You might also like