വെസ്റ്റേൺ ഓസ്ട്രേലിയയിലെ തൊഴിൽവിസ വ്യവസ്ഥകളിൽ ഇളവ്; കുടിയേറ്റം എളുപ്പമാക്കും

0
വെസ്റ്റേൺ ഓസ്ട്രേലിയയിൽ വിദഗ്ധ തൊഴിലാളികൾക്കുള്ള ദൗർലഭ്യം പരിഹരിക്കുന്നത് ലക്ഷ്യമിട്ട് നോമിനേറ്റഡ് വിസ വ്യവസ്ഥകളിൽ നിരവധി ഇളവുകൾ പ്രഖ്യാപിച്ചു. തൊഴിൽപരിചയം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, ബാങ്ക് അക്കൗണ്ട് ബാലൻസ് തുടങ്ങിയ നിരവധി വ്യവസ്ഥകളിൽ ഇളവു വരുത്തിയാണ് വിദേശത്തു നിന്ന് കൂടുതൽ വിദഗ്ധ തൊഴിലാളികളെ ആകർഷിക്കാൻ വെസ്റ്റേൺ ഓസ്ട്രേലിയ സർക്കാർ ശ്രമിക്കുന്നത്.

2022-23 സാമ്പത്തിക വർഷത്തിൽ 8,140 പേർക്കായിരിക്കും വെസ്റ്റേൺ ഓസ്ട്രേലിയയിൽ സർക്കാർ നോമിനേറ്റഡ് വിസകൾ നൽകുക. മുൻ വർഷത്തെക്കാൾ ഇരട്ടിയിലേറെയാണ് ഇത്.
സംസ്ഥാന സർക്കാരിന്റെ സ്പോൺസർഷിപ്പിനുള്ള തൊഴിൽപട്ടിക വിപുലപ്പെടുത്തിയതാണ് ഇതിൽ ഏറ്റവും പ്രധാന മാറ്റം.

ആരോഗ്യമേഖലയിലെ 46 തൊഴിലുകൾ ഉൾപ്പെടെ, നൂറിലേറെ പുതിയ തൊഴിൽരംഗങ്ങളെയാണ് ഇതിലേക്ക് ഉൾപ്പെടുത്തിയത്. സ്കിൽഡ് നോമിനേറ്റഡ് വിസ (സബ്ക്ലാസ് 190), സ്കിൽഡ് വർക്ക് റീജിയണൽ (പ്രൊവിഷണൽ) വിസ (സബ്ക്ലാസ് 491) എന്നിവയിലൂടെ സംസ്ഥാനത്തേക്ക് കുടിയേറുന്നതിനാണ് ഈ പട്ടികകൾ ഉപയോഗിക്കാൻ കഴിയുക. IT മേഖലയിലും, എഞ്ചിനീയറിംഗ് മേഖലയിലും നിരവധി പുതിയ തൊഴിൽരംഗങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിദേശതൊഴിലാളികളെ ആകർഷിക്കാൻ നിരവധി ഇളവുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

  • സംസ്ഥാന നോമിനേഷന് അപേക്ഷിക്കുന്നതിനുള്ള 200 ഡോളർ ഫീസ് താൽക്കാലികമായി ഒഴിവാക്കും
  • ഒരു വർഷത്തെ തൊഴിൽ കരാർ ലഭിച്ചിരിക്കണം എന്ന വ്യവസ്ഥയിൽ ഇളവ്. ആറു മാസത്തെ തൊഴിൽ കരാർ ഉള്ളവർക്ക് അപേക്ഷിക്കാം
  • അപേക്ഷകർ ബാങ്ക് അക്കൗണ്ട് ബാലൻസ് വ്യവസ്ഥയിലും മാറ്റം. 20,000 ഡോളർ നീക്കിയിരിപ്പുണ്ട് എന്ന് ഇനി തെളിയിക്കേണ്ടതില്ല. മൂന്നു മാസത്തേക്ക് ഇവിടെ ജീവിക്കാനുള്ള ഫണ്ട് ഉണ്ട് എന്നതു മാത്രം കാണിച്ചാൽ മതി.
  • മാനേജർമാർക്കും മറ്റു പ്രൊഫഷണൽ രംഗത്തുള്ളവർക്കും ഇംഗ്ലീഷ് ഭാഷാ മാനദണ്ഡത്തിലും ഇളവ് നൽകും.
  • തൊഴിൽ പരിചയ വ്യവസ്ഥകളും ഒരു വർഷത്തേക്ക് ഇളവ് ചെയ്യും.
സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഇതോടെ, തൊഴിൽവിപണിയിൽ ആവശ്യത്തിന് ആളെ കിട്ടാനില്ലാത്ത സാഹചര്യമാണ്.
You might also like