“യിരെമ്യാവിന്റെ പ്രാണൻ അപകടത്തിൽ”

0

യിര. 26:24 “എന്നാൽ യിരെമ്യാവെ ജനത്തിന്റെ കയ്യിൽ ഏല്പിച്ചു കൊല്ലാതിരിക്കേണ്ടതിന്നു ശാഫാന്റെ മകനായ അഹീക്കാം അവന്നു പിന്തുണയായിരുന്നു.”

യെരുശലേം ദൈവാലയത്തിന്റെ നാശം ശീലോവിന് തുല്യമായിരിക്കുമെന്ന പ്രവചനം (26:1-6), യിരെമ്യാവിന്റെ ജീവൻ അപകടത്തിൽ (26:7-15), പ്രഭുക്കന്മാരും ജനവും യിരെമ്യാവിനെ സംരക്ഷിക്കുന്നു (26:16-24) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യഹോവയുടെ സന്ദേശവാഹകനായിരുന്നു യിരെമ്യാ പ്രവാചകൻ. അവിടുത്തെ വചനങ്ങളിൽ ഒരു വാക്കുപോലും വിട്ടു കളയാതെ (26:3) ജനത്തോടറിയിച്ചതിന്റെ വെളിച്ചത്തിൽ നിരവധി തവണ ജീവൻ അപകടത്തിൽ അകപ്പെട്ടു പോയ സന്ദർഭങ്ങൾ വായനയാകുന്നുണ്ട്. അതിൽ ഒന്ന് ഈ അദ്ധ്യായത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു. ജനത്തിന്റെ മാനസാന്തരത്തിനുതകുന്ന സന്ദേശങ്ങൾ തിരസ്കരിക്കുന്നതു പോരാഞ്ഞിട്ട്, പ്രവാചകനെ മരണയോഗ്യനെന്നു (26:8) വിധിയ്ക്കുവാൻ പോലും ജനം അമാന്തിക്കുന്നില്ല. ദൈവാലയത്തിനും ദൈവാലയ പട്ടണത്തിനും വരുവാനുള്ള ന്യായവിധി ഒഴിവാക്കുവാനുള്ള അനുതാപത്തെക്കാൾ പ്രവചനത്തിലുള്ള പ്രകോപനമാണ് പ്രവാചകന് എതിരെ തിരിയുവാൻ ജനത്തെ പ്രേരിപ്പിച്ചതെന്നു കരുതുന്നതാണെനിക്കിഷ്ടം!

പുരോഹിതന്മാരും പ്രവാചകന്മാരും ഒരു വലിയ കൂട്ടം ജനവും (26:8) യിരെമ്യാവിനു എതിരായെങ്കിലും പ്രഭുക്കന്മാരും ജനത്തിൽ മറ്റൊരു വിഭാഗവും (26:16) യിരെമ്യാവിന്റെ സംരക്ഷണയ്ക്കായി മുമ്പോട്ടു വന്നത് ആശ്വാസമായി. മോരഷ്ട്യനായ മീഖായാവു (മീഖാ. 3:1 ഒ. നോ. 12) ഹിസ്കീയാവിന്റെ കാലത്തു സമാനസന്ദേശം നൽകിയപ്പോൾ ജനം അനുതപിച്ച ചരിത്രവും, മാത്രമല്ല, യെഹോയാക്കീം രാജാവിനെതിരായി പ്രവചിച്ച ഊരിയാ പ്രവാചകനെ വാളാൽ കൊന്നുകളഞ്ഞതിനാൽ നേരിട്ട ദൈവകോപവും (26:18-23) ജനം വിരോധപക്ഷത്തെ ഓർപ്പിക്കുന്നു. യിരെമ്യാവിനനുകൂലമായി ഉയർന്നു വന്ന ഈ പ്രതിരോധത്തിന് യോശീയാവിന്റെ നവീകരണത്തിൽ രാജാവിന്റെ അടുത്ത ഉദ്യോഗസ്ഥനും (2 രാജാ. 22:12) യെരുശലേം പിടിയ്ക്കപ്പെട്ട ശേഷം ഗവർണ്ണരായി നിയമിതനാകുകയും (2 രാജാ. 25:22) പിന്നീട് ജനം കൊന്നുകളഞ്ഞതുമായ ഗെദല്യാവിന്റെ (2 രാജാ. 25:25) അപ്പനുമായ അഹീക്കാം (26:24) നിർണ്ണായക പങ്കാളിത്തം വഹിച്ചു. അങ്ങനെ യിരെമ്യാവിനെതിരായി രൂപപ്പെട്ട വലിയ കോലാഹലം അവസാനിച്ചു.

പ്രിയരേ, പ്രവചനത്തിനെതിരായും പ്രവാചകനെതിരായും തിരിയുന്ന മനോഭാവം മാനസാന്തരത്തിനു പകരമല്ല. സന്ദേശത്തിന്റെ പൊരുൾ തിരിച്ചറിഞ്ഞുള്ള മടങ്ങിവരവല്ലാതെ മറ്റൊന്നും കരണീയവുമല്ല. ചരിത്രത്തിന്റെ ഇടവഴികളിലെ ചുവരെഴുത്തുകൾ പകർന്നേകുന്ന യാഥാർഥ്യങ്ങളാൽ ഉൾക്കാഴ്ച പ്രാപിച്ചെടുക്കുന്നതാണ് ദൈവേച്ഛയുടെ പൂർത്തീകരണമെന്നു കുറിയ്ക്കുവാനാണ് പ്രേരണ!

You might also like