ക്രിസ്ത്യാനികൾ ദർശനം നടത്തി; ഗുരുവായൂർ ക്ഷേത്രത്തിൽ ശുദ്ധികലശം
ഗുരുവായൂർ: തമിഴ് നാട്ടിൽ നിന്നും എത്തിയ അഹിന്ദുക്കൾ പ്രവേശിച്ചതിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ മഹാ പുണ്യാഹം ശുദ്ധി നടത്തി. കുഞ്ഞിന് ചോറൂണ് നൽകാൻ തമിഴ്നാട്ടിൽ നിന്നും എത്തിയ സംഘത്തിനൊപ്പം എത്തിയ അഞ്ച് ക്രിസ്ത്യൻ സമുദായ അംഗങ്ങൾ ക്ഷേത്രത്തിൽ പ്രവേശിച്ചതാണ് മഹാ പുണ്യാഹം നടത്താൻ കാരണം.
ചോറൂണ് നൽകാൻ കൊണ്ട് വന്ന കുട്ടിയുടെ ബന്ധുക്കൾ കൂടിയാണത്രെ ഇവർ. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിശ്വാസികളായ എല്ലാ മതസ്ഥർക്കും പ്രവേശനം നൽകുന്നത് പോലെ ഗുരുവായൂരിലും പ്രവേശനമുണ്ടെന്ന ധാരണയിലാണ് ഇവർ ക്ഷേത്രത്തിൽ കയറിയതെന്നാണ് പറയുന്നത്. ഇവർ പേരുകൾ വിളിക്കുന്നത് ശ്രദ്ധയിൽ പെട്ട ക്ഷേത്രം ജീവനക്കാരാണ് വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത് . ഉച്ചപൂജ കഴിഞ്ഞ സമയത്താണ് ഇവർ ദർശനം നടത്തി പുറത്തിറങ്ങിയത്. തുടർന്ന് തന്ത്രിയുടെ നിർദേശ പ്രകാരം അഞ്ചു ഓതിക്കന്മാർ ചേർന്ന് മഹാ പുണ്യാഹം, ശുദ്ധികലശം നടത്തി. തന്ത്രിയുടെ കാർമികത്വത്തിൽ ബിംബ ശുദ്ധിയും നടത്തി. ഇത് മൂലം വൈകീട്ട് അത്താഴ പൂജക്ക് ശേഷം മാത്രമാണ് ഭക്തരെ നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിച്ചത്.