മനസ്സോടെ വ്യസനം തരാത്ത ദൈവം

0

വിലാ. 3:31-33 “കർത്താവു എന്നേക്കും തള്ളിക്കളകയില്ലല്ലോ. അവൻ ദുഃഖിപ്പിച്ചാലും തന്റെ മഹാദയെക്കു ഒത്തവണ്ണം അവന്നു കരുണതോന്നും. മനസ്സോടെയല്ലല്ലോ അവൻ മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നതു.”

യിരെമ്യാവിന്റെ വിലാപം (3:1-18), യിരെമ്യാവിന്റെ പ്രത്യാശ (3:19-42), യിരെമ്യാവിന്റെ കഷ്ടത (3:43-54), യിരെമ്യാവിന്റെ പ്രാർത്ഥന (3:55-66) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

പിന്നിട്ട എണ്ണൂറു പ്രഭാതങ്ങളിൽ ഈ ധ്യാനപരമ്പരയിലൂടെ പ്രിയവായനക്കാരിലേക്കു എത്തുവാൻ അവസരം തന്ന ദൈവത്തിനു സ്തോത്രം! നിങ്ങൾ തന്ന സ്നേഹവും പ്രോത്സാഹനങ്ങങ്ങളും തിരുത്തലുകളും ഈ ശുശ്രൂഷയിൽ മുമ്പോട്ടു കുതിയ്ക്കുവാനുള്ള ഇന്ധനം പകരുന്നതായിരുന്നു. ഇനിയും സകല പിന്തുണയും പ്രതീക്ഷിച്ചു കൊണ്ടു തുടരട്ടെ ഈ സഞ്ചാരം!

യിസ്രായേലിന്റെ പ്രതിനിധിയായി യിരെമ്യാവു നടത്തുന്ന അത്യന്തം ഹൃദയസ്പർശിയായ വിലാപമാണ് ഈ അദ്ധ്യായം. ദൈവത്താൽ തള്ളിക്കളയപ്പെട്ടുവെന്ന യാഥാർഥ്യം താൻ അംഗീകരിക്കുന്നു. എങ്കിലും ആ തള്ളിക്കളയപ്പെടൽ, എന്നേക്കുമുള്ള പ്രതിഭാസമായി കാണുവാൻ തനിക്കു മനസ്സില്ല. ഈ പ്രതിഭാസം താത്കാലികമാണ്. കാരണം അവിടൂന്നു തന്റെ ജനത്തെ ദുഃഖിപ്പിച്ചാലും തന്റെ മഹാദയെക്കു ഒത്തവണ്ണം കരുണതോന്നുന്നവനാണ്. മാത്രമല്ല, മനസ്സോടെയല്ല അവിടൂന്നു മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നതു. അസാഫ് ഒരിക്കൽ തന്റെ മനോവിഭ്രമത്തിൽ “കർത്താവു എന്നേക്കും തള്ളിക്കളയുമോ? അവൻ ഇനി ഒരിക്കലും അനുകൂലമായിരിക്കയില്ലയോ?” എന്നു തുടങ്ങി ആറോളം ചോദ്യങ്ങളടങ്ങിയ പ്രശ്നാവലി (സങ്കീ. 77:7-9) ദൈവമുമ്പാകെ ഉയർത്തി. എങ്കിലും തന്റെ ജനത്തെ ആട്ടിൻകൂട്ടത്തെ പോലെ നടത്തുന്ന ദൈവമുണ്ടെന്ന തിരിച്ചറിവു കൂടെ (77:20) വ്യക്തമാക്കുവാൻ താൻ മറന്നില്ല. ദൈവത്തിന്റെ തള്ളിക്കളയൽ തികച്ചും താത്കാലികവും തന്റെ ജനത്തിന്റെ അംഗീകരണത്തോളം ദൈർഘ്യം മാത്രമേ അതിനുള്ളൂ എന്നും പഠിയ്ക്കുന്നതാണെനിക്കിഷ്ടം! “അവർ കുറ്റം ഏറ്റുപറഞ്ഞു എന്റെ മുഖം അന്വേഷിക്കുവോളം ഞാൻ മടങ്ങിപ്പോയി എന്റെ സ്ഥലത്തു ഇരിക്കും; കഷ്ടതയിൽ അവർ എന്നെ ജാഗ്രതയോടെ അന്വേഷിക്കും” (ഹോശേ. 5:15) എന്ന പ്രസ്താവന ഈ ആശയത്തെ സംപുഷ്ടമാക്കുന്നില്ലേ!

പ്രിയരേ, നിരന്തരമായ ദൈവത്തിന്റെ ദയ അവിടുന്നു ത്യജിച്ചു കളയുന്നില്ല. ആകയാൽ തന്നെ തന്റെ ജനത്തെ തള്ളിക്കളയുവാൻ അവിടുത്തേക്ക്‌ എങ്ങനെ സാധിക്കും! പാപവും അകൃത്യങ്ങളും മത്സരവും ദൈവദയയുടെ കടാക്ഷം നമ്മിലേക്ക് പായിക്കുവാൻ താത്കാലികമായ വിഘ്നങ്ങൾ സൃഷ്ട്ടിക്കുമ്പോഴും അതിനപ്പുറം അവിടുത്തെ ഇടപെടൽ പകർന്നേകുന്ന ചേർത്തുപിടിയ്ക്കലിന് മാറ്റേറെയുണ്ട്‌!

You might also like