വീഥിയുടെ തലയ്ക്കൽ ചൊരിഞ്ഞു കിടക്കുന്ന വിശേഷവസ്തുക്കൾ

0

വിലാ. 4:1 “അയ്യോ, പൊന്നു മങ്ങിപ്പോയി, നിർമ്മല തങ്കം മാറിപ്പോയി, വിശുദ്ധരത്നങ്ങൾ സകലവീഥികളുടെയും തലെക്കൽ ചൊരിഞ്ഞു കിടക്കുന്നു.”

യെരുശലേം നഗരത്തിന്റെ നിരോധനവും അപമാനവും (4:1-12), നിരോധനത്തിനും അപമാനത്തിനുമുള്ള കാരണങ്ങൾ (4:13-20), യിസ്രായേലിന്റെ ഭാവിയുടെ പ്രത്യാശ (4:21-22) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യെരുശലേമിനെ ബാബേൽ നിരോധിച്ചപ്പോൾ സംഭവിച്ച അപമാനത്തിന്റെ വ്യക്തമായ ചിത്രമാണ് ഈ അദ്ധ്യായത്തിന്റെ പ്രാരംഭ പരാമർശങ്ങൾ. ദാവീദിന്റെ കാലം മുതൽ സ്വരുക്കൂട്ടി വച്ചിരുന്ന പൊന്നു, നിർമ്മല തങ്കം, വിശുദ്ധ രത്നങ്ങൾ മുതലായവ കുശവന്റെ മൺപാത്രം പോലെ നഗരവീഥികളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചിതറിക്കിടക്കുന്നു. അത്യന്തം അപമാനകരമായ ഈ സംഭവ ജടിലതകൾ, പ്രവാചകനെ സംബന്ധിച്ചിടത്തോളം ഏറെ മനോസംഘർഷം ഉളവാക്കുന്നതായിരുന്നു. വീഥിയുടെ തലയ്ക്കൽ ചൊരിഞ്ഞു കിടക്കപ്പെട്ട വിലയേറിയ ഭൗതിക വസ്തുക്കൾ എന്ന പ്രയോഗത്തോട് വീഥിയുടെ തലയ്ക്കലൊക്കെയും വിശപ്പുകൊണ്ട് തളർന്നു കിടക്കുന്ന യെരുശലേമിന്റെ കുഞ്ഞുങ്ങൾ (2:19) എന്ന സൂചന സമാന്തരമായി ചിന്തിക്കരുതോ! ഒരു സമൂഹത്തിന്റെ വിലയേറിയ സമ്പത്തു അവിടുത്തെ തലമുറയാണെന്ന പൊതുതത്വം കാതൽ പ്രമേയമായി അവതരിപ്പിക്കപ്പെടുന്നു. പ്രവാസത്തിന്റെ കാഠിന്യത ഏറെ ദോഷമായി ബാധിച്ചത് യിസ്രായേല്യ കുഞ്ഞുങ്ങളെ ആണെന്നതാണ് യാഥാർഥ്യം. വിശന്നു വലഞ്ഞ കുഞ്ഞുങ്ങൾ മാതാപിതാക്കന്മാരുടെ വിശപ്പകറ്റുന്ന ഭക്ഷ്യവസ്തുക്കളായി (4:10) മാറിയെന്നതിനോളം ദൈന്യത എന്താണുള്ളത്! മൃഗങ്ങളുടെ കുഞ്ഞുങ്ങൾ മാതൃത്വത്തിന്റെ ഊഷ്മളത നുകരുന്നതുപോലെ പോലും മാതൃസ്നേഹം അനുഭവിക്കുവാൻ ഭാഗ്യം സിദ്ധിക്കാതെ പോയ യിസ്രായേൽ ബാല്യങ്ങളുടെ അവസ്ഥ ഏറെ ദുഃഖകരമല്ലേ! നിരോധനം പരകോടിയിലെത്തി നിൽക്കുന്നതിനാൽ സ്വന്തം കുഞ്ഞുങ്ങളെ കരുണയോടെ നോക്കുവാൻ പോലുമാകാതെ പോയ (4:3) യിസ്രായേലിന്റെ ആ കഠിന നാളുകൾ പ്രവാചകന്റെ വിലാപത്തിന്റെ ആഴം കൂട്ടുകയല്ലേ ചെയ്തത്!

പ്രിയരേ, തലമുറകളുടെ തകർച്ച വിദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുമെന്നു പഠിയ്ക്കണം. തലമുറകളെ പൊന്നു, തങ്കം, വിശുദ്ധരത്നങ്ങൾ മുതലായ നിലയിൽ കരുത്തുന്നിടത്താണ് ഉത്തരവാദിത്വപരമായ നീക്കങ്ങൾ സംജാതമാകുന്നത്. അവയുടെ സംരക്ഷണം ലാഘവബുദ്ധിയോടെ കാണുവാൻ പാടില്ലെന്നും നൈരന്തര്യമായ കരുതലും ശ്രദ്ധയും വിശേഷാൽ പ്രാർത്ഥനയും തലമുറകൾക്കു വേണ്ടി കൊടുക്കേണമെന്നും കുറിയ്ക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like