ക്രിസ്ത്യന്‍ രാഷ്ട്രമായി തുടര്‍ന്നില്ലെങ്കില്‍ പോളണ്ടിന് നിലനില്‍പ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

0

വാര്‍സോ: പോളണ്ട് ഒരു ക്രിസ്ത്യന്‍ രാഷ്ട്രമായി തുടര്‍ന്നില്ലെങ്കില്‍ രാഷ്ട്രത്തിന് നിലനില്‍പ്പില്ലെന്ന് പോളിഷ് വിദ്യാഭ്യാസ മന്ത്രി പ്രെസ്മിസ്ലോ ക്സാര്‍നെക്. ഇക്കഴിഞ്ഞ ശനിയാഴ്ച മിഡ്‌സിർസെക്കിലെ പോളണ്ടിലെ രക്തസാക്ഷികളുടെ കേന്ദ്രത്തിലേക്കുള്ള പുരുഷന്മാരുടെ തീർത്ഥാടനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാശ്ചാത്യരുടെ കുത്തഴിഞ്ഞ, മതനിരപേക്ഷതക്കെതിരെ പ്രതികരിക്കണമെന്നുള്ള തന്റെ ആഹ്വാനത്തോടു വിവിധ കോണുകളില്‍ നിന്ന് ഉയരുന്ന പ്രതികരണങ്ങള്‍ക്കുള്ള മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. നമ്മുടെ ക്രിസ്ത്യന്‍ പൈതൃകം ഭാവി തലമുറകള്‍ക്ക് പകരുന്നതിനെ ആശ്രയിച്ചായിരിക്കും പോളണ്ടിന്റെ നിലനില്‍പ്പെന്ന് ക്സാര്‍നെക് അസന്നിഗ്ദമായി പ്രഖ്യാപിച്ചു.

“ഇത് നമ്മുടെ ഉത്തരവാദിത്വവും കടമയും” എന്ന് പറഞ്ഞ ക്സാര്‍നെക്, ആയിരത്തില്‍പരം വര്‍ഷങ്ങളായി തുടരുന്ന ക്രിസ്ത്യന്‍ പൈതൃകത്തിന്റെ ആകെത്തുകയാണ് നമ്മളെന്നും, പോളണ്ട് ഒരു ക്രിസ്ത്യന്‍ രാഷ്ട്രമായിരുന്നില്ലെങ്കില്‍ അതിന് നിലനില്‍പ്പില്ലെന്നും കൂട്ടിച്ചേര്‍ത്തു. മനുഷ്യന് താന്‍ ആരാണെന്നും, തന്റെ ജീവിത ലക്ഷ്യം എന്താണെന്നും ക്രിസ്തുവിനെ കൂടാതെ അറിയുവാന്‍ കഴിയില്ലെന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

“ദൈവത്തിന്റെ കല്‍പ്പനകള്‍ പിന്തുടരാത്തതാണ് ഇന്നത്തെ ലോകത്തിലെ എല്ലാ നിര്‍ഭാഗ്യത്തിന്റേയും കാരണം. എല്ലാവരും ദൈവത്തിന്റെ കല്‍പ്പനകള്‍ അനുസരിക്കുകയാണെങ്കില്‍ ലോകത്ത് ദൗര്‍ഭാഗ്യം ഉണ്ടാകില്ല”. അതുപോലെ തന്നെ ക്രിസ്ത്യന്‍ മൂല്യങ്ങളെ വലിച്ചെറിയുന്നവര്‍ മാത്രമല്ല, ക്രിസ്ത്യന്‍ മൂല്യങ്ങള്‍ക്കു വിരുദ്ധമായി പൊരുതുന്നവരും പോളണ്ടിന്റെ അടിസ്ഥാനം അറിയാത്തവരാണ്. റഷ്യക്കും, ജര്‍മ്മനിക്കുമിടയിലുള്ള മഹത്തായ രാഷ്ട്രമായ പോളണ്ടിലെ എല്ലാവരും ക്രിസ്ത്യന്‍ മൂല്യങ്ങളെ വലിച്ചെറിഞ്ഞവരായിരുന്നാല്‍ ഇന്ന് പോളിഷ് ജനത റഷ്യന്‍ ഭാഷയോ, ജെര്‍മ്മന്‍ ഭാഷയോ സംസാരിക്കുന്നവര്‍ മാത്രമായിരുന്നേനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോളണ്ടിന്റെ ക്രൈസ്തവത ഉപേക്ഷിക്കണമെന്ന് ഒരു സിവിക് പ്ലാറ്റ്ഫോം പാര്‍ട്ടി അംഗം കഴിഞ്ഞ വര്‍ഷം നടത്തിയ ആഹ്വാനത്തോടുള്ള പ്രതികരണമായി മന്ത്രിയുടെ വാക്കുകളെ നിരീക്ഷകര്‍ നോക്കികാണുന്നുണ്ട്. പോളണ്ടിന്റെ ആദ്യ ഭരണാധികാരിയായ മിയസ്കോ ഒന്നാമന്‍ മാമ്മോദീസ മുങ്ങിയ എ.ഡി 966 മുതലാണ്‌ പോളണ്ടിന്റെ ക്രിസ്തീയവല്‍ക്കരണം ആരംഭിച്ചത്. ഇന്ന് പോളിഷ് ജനതയിലെ 84% പേരും ക്രൈസ്തവരാണ്.

You might also like