യുക്രൈന്‍ അഭയാർത്ഥികളെ സഹായിക്കാൻ ക്രിസ്ത്യൻ സംഘടനകൾക്ക് സഹായം അനുവദിച്ച് തായ്‌വാൻ
തായ്പേയ് സിറ്റി: റഷ്യ- യുക്രൈന്‍ യുദ്ധം മൂലം അഭയാർത്ഥികളായി തീർന്ന യുക്രൈന്‍ സ്വദേശികളെ സഹായിക്കാനായി യൂറോപ്പിലെ വിവിധ ക്രിസ്ത്യൻ സന്നദ്ധ സംഘടനകൾക്ക് ഏഷ്യൻ രാജ്യമായ തായ്‌വാൻ സാമ്പത്തിക സഹായം കൈമാറി. റോമിലുളള സാന്ത സോഫിയ മൈനർ ബസിലിക്കയിൽ സെപ്റ്റംബർ അഞ്ചാം തീയതി യുക്രൈന് വേണ്ടി നടന്ന സമാധാന പ്രാർത്ഥനക്കു ശേഷം മുൻ തായ്‌വാനീസ് വൈസ് പ്രസിഡന്റ് ചെൻ ചിയേൻ ജെനാണ് സർക്കാരിനെ പ്രതിനിധീകരിച്ച് 89,600 ഡോളർ കൈമാറിയതെന്ന് ‘ഫോക്കസ് തായ്‌വാൻ’ എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു.
പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസിലെ അംഗം കൂടിയായ 71 വയസ്സുള്ള ചിയേൻ ജെൻ മൂന്ന് ക്രിസ്ത്യൻ സംഘടനകളെ കൂടാതെ സാന്ത സോഫിയ മൈനർ ബസിലിക്കയ്ക്കും പണം നൽകി. യുക്രൈൻ പൗരന്മാരുടെ വേദനയിൽ തായ്‌വാൻ പങ്കു ചേരുന്നുവെന്ന് പറഞ്ഞ അദ്ദേഹം, ചൈനയുടെ ഭീഷണിക്ക് മുന്നിൽ സ്വയം പ്രതിരോധിക്കാനുള്ള പാഠം യുക്രൈനിൽ നിന്ന് തന്റെ രാജ്യം പഠിക്കുമെന്ന് കൂട്ടിച്ചേർത്തു.