മെനെഞ്ചറ്റിസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന റിറ്റി രാജുവിന് വേണ്ടി പ്രാർത്ഥിക്കുക

0

ലണ്ടൻ : ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലില്‍ റെജിസ്ട്രേഡ് നഴ്സായി ജോലി ചെയ്യുന്ന സിസ്റ്റർ റിറ്റി രാജു മെനെഞ്ചറ്റിസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആയിരിക്കുന്നു.

ജീവിതം സുഗമമായി മുന്‍പോട്ട് പോകുന്നതിനിടെയായിരുന്നു റിറ്റിക്ക് കഠിനമായ തലവേദന ആരംഭിച്ചത്. തുടര്‍ന്ന് 2022 ആഗസ്റ്റ് 31 ന് അവര്‍ ലണ്ടനിലെ തന്നെ ഹില്ലിംഗ്ടണ്‍ ആശുപത്രിയിലെ അടിയന്തര സേവന വിഭാഗത്തെ സമീപിക്കുകയായിരുന്നു. പിന്നീട് മെനിഞ്ചൈറ്റിസ് എന്ന രോഗമാണെന്ന സംശയത്തില്‍ അവരെ ആശുപ്ത്രിയില്‍ അഡ്മിറ്റ് ചെയ്തു. മസ്തിഷ്‌കത്തിന്റെ ആവരണത്തെ ഗുരുതരമായി ബാധിക്കുന്ന ഒന്നാണ് മെനിഞ്ചൈറ്റിസ്.

സാധാരണയായി ഇത്തരം രോഗാവസ്ഥക്ക് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ചികിത്സാ വിധികള്‍ എല്ലാം തന്നെ ആശുപ്ത്രി അധികൃതര്‍ റിറ്റിയുടെ കാര്യത്തിലും പിന്തുടര്‍ന്നു. എന്നാല്‍ 2022 സെപ്റ്റംബര്‍ 6 ആയപ്പോഴേക്കും അവരുടെ ആരോഗ്യ നില വഷളാകാന്‍ തുടങ്ങി. കൃത്യമായ രോഗം കണ്ടെത്താന്‍, നിലവിലുള്ള എല്ലാ പരിശോധനകളും നടത്തിയെങ്കിലും മെഡിക്കല്‍ സംഘത്തിന് വ്യക്തമായ ഒരു അനുമാനത്തില്‍ എത്താന്‍ കഴിഞ്ഞില്ല.

2022 സെപ്റ്റംബര്‍ 7 ആയപ്പോഴേക്കും രോഗം മൂര്‍ച്ഛിക്കുകയും അവരുടെ ബോധം നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമെത്തി. ഇവരുടെ ആരോഗ്യനില ഇത്ര പെട്ടെന്ന് തകരാറിലാകാന്‍ ഉള്ള കാരണമെന്തെന്നറിയാതെ ഡോക്ടര്‍മാര്‍ അവരുടെ ആന്റിബയോട്ടിക് ചികിത്സ തുടര്‍ന്നു. എന്നാല്‍ അത് യാതൊരു പ്രയോജനവും ചെയ്തില്ല.പിറ്റേന്ന്, അതായത് സെപ്റ്റംബര്‍ 8 ന് റിറ്റിയെ തീവ്ര ശുശ്രൂഷ വിഭാഗത്തിലേക്ക് മാറ്റി.

രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും, ആരോഗ്യ നില പിന്നെയും വഷളാവുകയും ചെയ്തതോടെ പിന്നെ അവരെ വെന്റിലേറ്ററില്‍ ആക്കുകയായിരുന്നു. നോക്കി നില്‍ക്കുന്ന സമയത്ത് പെട്ടെന്ന് കൂടുതല്‍ വഷളാവുകയാണ് റിറ്റിയുടെ ആരോഗ്യനില. ഇതാണ് ഡോക്ടര്‍മാരെ ഏറെ ആശ്യക്കുഴപ്പത്തിലാക്കിയത്. അതിനൊരു ഉത്തരം കണ്ടെത്താനാകാതെ ആയതോടെ ലണ്ടനിലെ തന്നെ ചാറിംഗ് ക്രോസ്സ് ആശുപത്രിയിലെ ന്യുറോളജിക്കല്‍ വിദഗ്ദ്ധന്റെ സഹായം തേടി.

തുടര്‍ന്ന് സെപ്റ്റംബര്‍ 9 ന് അവരെ ചാറിംഗ് ക്രോസ് ആശുപത്രിയിലെ ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് എം ആര്‍ ഐ സ്‌കാന്‍ ഉള്‍പ്പടെയുള്ള പരിശോധനകള്‍ വീണ്ടും നടത്തി. അതിനിടയില്‍ റിറ്റിക്ക് ഹൃദയാഘാതം ഉണ്ടായെങ്കിലും, മെഡിക്കല്‍ ടീമിന്റെ അശ്രാന്ത പരിശ്രമത്താല്‍ അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാനായി. എം ആര്‍ ഐ പരിശോധനയില്‍ തെളിഞ്ഞത് അവരുടെ തലച്ചോറില്‍ നിന്നും സുഷുമ്നാ നാഡി വരെ നീര്‍ക്കെട്ട് ഉണ്ടെന്നാണ്. ഇത് ജീവന് ഭീഷണിയുയര്‍ത്തുന്ന ഗുരുതരാവസ്ഥയാണ്.

വെന്റിലേറ്ററിന്റെ സഹായത്തോടെ അബോധാവസ്ഥയില്‍ കിടക്കുന്ന റിറ്റിയുടെ ജീവനെ കുറിച്ച് ഡോക്ടര്‍മാര്‍ക്കും ആശങ്കയാണ്. തലച്ചോറിനെ ബാധിക്കുന്ന ഒരുതരം അണുബാധയായ എന്‍സെഫാലിറ്റിസിന്റെ വളരെ വൈകിയ സ്റ്റേജിലേക്ക് അവര്‍ എത്തിക്കഴിഞ്ഞു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മാത്രമല്ല, ആന്റിബയോട്ടിക് ഉള്‍പ്പടെ പല മരുന്നുകളോടും അവരുടെ ശരീരം പ്രതികരിക്കുന്നുമില്ല.

പ്രിയ റ്റിറ്റി രാജുവിന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ലോകത്തെമ്പാടുമുള്ള ദൈവജനത്തിന്റെ ആത്മാർത്ഥമായ പ്രാർത്ഥന അപേക്ഷിക്കുന്നു.

You might also like