കെരൂബിന്റെ കരങ്ങളിലെ അഗ്നി

0

യെഹെ. 10:7 “ഒരു കെരൂബ് കെരൂബുകളുടെ ഇടയിൽനിന്നു തന്റെ കൈ കെരൂബുകളുടെ നടുവിലുള്ള തീയിലേക്കു നീട്ടി കുറെ എടുത്തു ശണവസ്ത്രം ധരിച്ചവന്റെ കയ്യിൽ കൊടുത്തു; അവൻ അതു വാങ്ങി പുറപ്പെട്ടുപോയി.”

വിശ്വസ്ത ശേഷിപ്പായ പുരുഷന്മാരുടെ നെറ്റിയിൽ അടയാളമിട്ട അതേ പുരുഷൻ നഗരത്തിന്മേൽ തീ വിതറുന്നു (10:1-7), ഒന്നാം അദ്ധ്യായത്തിനു സമാനമായ സിംഹാസന രഥത്തിന്റെ ദർശനം ആവർത്തിക്കപ്പെടുന്നു (10:8-22) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യെരുശലേമിന്റെ മ്ലേച്ഛതകൾ നിമിത്തം കരഞ്ഞുകൊണ്ടിരുന്ന വിശ്വസ്ത ശേഷിപ്പായ പുരുഷന്മാരുടെ നെറ്റിയിൽ അടയാളമിട്ടു വേർതിരിച്ച ശണവസ്ത്രധാരി അടുത്ത ദൗത്യത്തിനായി നിയോഗിക്കപ്പെടുന്നു. അതാകട്ടെ, യെരുശലേമിന്മേൽ പ്രഖ്യാപിക്കപ്പെട്ട മറ്റൊരു ന്യായവിധിയുടെ നടപ്പാക്കലിനോടുള്ള ബന്ധത്തിൽ ആയിരുന്നു. കെരൂബുകളുടെ ഇടയിലെ തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ കീഴിൽ നിന്നും ഒരു കെരൂബ്, കൈനീട്ടി തീക്കനലെടുത്തു ശണവസ്ത്രം ധരിച്ച പുരുഷന്റെ കരങ്ങളിൽ കൊടുക്കുന്നു. ആ പുരുഷൻ തന്റെ കരങ്ങളിൽ ലഭിക്കപ്പെട്ട തീക്കനലുമായി പുറപ്പെട്ടു പോകുന്നു. നിരോധവും കൊള്ളയടിക്കപ്പെടലും ക്ഷാമവും മഹാമാരിയും നിമിത്തം വെളിപ്പെട്ടു വന്ന ന്യായവിധിയുടെ അടുത്ത ഭാഗം ഇപ്പോൾ നഗരത്തിന്മേൽ കത്തുന്ന തീയായി പ്രകടമാകുന്നു! ബിസി 586 ൽ ബാബേൽ സൈന്യം യെരുശലേമിനെ അക്ഷരാർത്ഥത്തിൽ തീയിട്ടു നശിപ്പിച്ചതിലൂടെ (2 രാജാ. 25:9) ഈ ദർശനം നിവൃത്തിയായി. യെശയ്യാ പ്രവാചകന്റെ ദർശനത്തിൽ തീക്കനലിന്റെ സമാനമായ ദർശനം (യെശ. 6:1-7) പരാമർശിക്കുന്നുണ്ട്. ആ ദർശനത്തിൽ തീയാൽ പ്രവാചകൻ ശുദ്ധീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. അഗ്നി, ന്യായവിധിയ്ക്കും ശുദ്ധീകരണത്തിനും ഒരേപോലെ ഉപയോഗിക്കപ്പെടുന്നു എന്ന പാഠത്തിനു മാറ്റേറെയുണ്ട്. അനുബന്ധമായി “നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ” (എബ്രായ. 12:29) എന്ന ശ്ലീഹന്റെ വാക്കുകൾ ചേർത്തു ധ്യാനിച്ചാലും! നമ്മുടെ ദൈവം കൃപയുടെയും കരുണയുടെയും ദൈവം മാത്രമല്ല, പ്രത്യുത, ന്യായവിധിയുടെയും ദഹനത്തിന്റെയും ദൈവമാണെന്നും കൂടെ കരുതുന്നത് ദൈവത്തിന്റെ സ്വഭാവശ്രേഷ്ഠതയിലേക്കുള്ള ശരിയായ നടന്നടുക്കലല്ലേ!

പ്രിയരേ, ജനത്തിന്റെ മേൽ അവിടൂന്നു ചൊരിയുന്ന കരുണയുടെ ഘനം ശുദ്ധീകരണത്തിലൂടെയും ന്യായവിധിയിലൂടെയും ദർശിക്കാനാകും. അതേസമയം ദഹിപ്പിക്കുന്ന അഗ്നിയായി വെളിപ്പെട്ടു വരുന്ന ദൈവം അവിടുത്തെ നീതിയെ പ്രകടമാക്കുന്ന സർവ്വാധികാരിയായി തന്റെ ജനത്തോടു വ്യവഹാരം നടത്തുന്നവനാണ്.

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like