ഒഹൊല, ഒഹൊലീബാ സഹോദരിമാരുടെ ദൃഷ്ടാന്തം

0

യെഹെ. 23:13 “അവളും തന്നെത്താൻ മലിനയാക്കി എന്നു ഞാൻ കണ്ടു; ഇരുവരും ഒരു വഴിയിൽ തന്നേ നടന്നു.”

ഒഹൊല, ഒഹൊലീബാ എന്നീ സഹോദരിമാരുടെ പരസംഗം (23:1-21), ഒഹൊല, ഒഹൊലീബാ സഹോദരിമാരുടെ ശിക്ഷാവിധി (23:22-49) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

വടക്കേ ദേശമായ ശമര്യയെയും തെക്കേ ദേശമായ യെരുശലേമിനെയും യഥാക്രമം സഹോദരിമാരായ ഒഹൊല, ഒഹൊലീബാ എന്നീ പേരുകളിൽ ചിത്രീകരിച്ചിരിക്കുന്നു. ‘ഒഹൊല’ എന്ന വാക്കിനു ‘കൂടാരം ഉള്ളവൾ’ എന്നും ‘ഒഹൊലീബാ’ എന്ന വാക്കിനു ‘ഒരു കൂടാരം അവളിൽ’ എന്നുമാണർത്ഥം. കൂടാരം എന്ന പൊതു സംജ്ഞയ്ക്ക് തന്റെ ജനത്തിന്റെ മദ്ധ്യേയുള്ള ദൈവനിവാസത്തിന്റെ സൂചിതാർത്ഥമാണുള്ളത്. സഹോദരിമാർ ഇരുവരും വ്യഭിചാരിണികളായി തീർന്നതിന്റെ വിശദമായ വർണ്ണന ഈ അദ്ധ്യായത്തിന്റെ വായനയാകുമ്പോൾ യിസ്രായേലിന്റെ ചരിത്രത്തിലേക്കുള്ള വെളിച്ചം വീശലായി കാണുന്നതാണെനിക്കിഷ്ടം. അന്യജാതികളുമായി യിസ്രായേൽ ഉണ്ടാക്കിയെടുത്ത കൂട്ടുകെട്ടുകളെ അസാന്മാർഗ്ഗിക ജീവിതത്തോടുപമിച്ചു കൊണ്ടുള്ള പ്രവാചകന്റെ വിവരണം ഏറെ ചിന്തനീയമായ വസ്തുതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. അശൂരിനോടും (23 :5-8 ഒ. നോ. 2 രാജാ. 15 :19 -29), മിസ്രയീമ്യരോടും (23:8 ഒ. നോ. 2 രാജാ. 17:3-6) യിസ്രായേൽ അഥവാ ശമര്യ ചെയ്ത സഖ്യത വിമർശിക്കപ്പെടുന്നു. മാത്രമല്ല, അശൂരിനോടും (23:11 -13 ഒ. നോ. യെശ. 7:1-25), മിസ്രയീമ്യരോടും (23:19-21 ഒ. നോ. യെശ. 30-31) കല്ദയരോടും (23:14-17 ഒ. നോ. 2 രാജാ. 24:1) യഹൂദാ ഉണ്ടാക്കിയ സഖ്യതയും വിമർശനവിധേയമാകുന്നു. ഇരുരാജ്യങ്ങളും അവലംബിച്ച ക്രമംകെട്ട വ്യഭിചാരത്തിന്റെ വിവരണം യിസ്രായേലിന്റെ അവിശ്വസ്തതകളുടെ നേർക്കാഴ്ചയാകുന്നു. കുളിച്ചു കണ്ണെഴുതി ആഭരണം അണിഞ്ഞു ഭംഗിയുള്ള കട്ടിലിന്മേലിരുന്നു മേശയൊരുക്കി (23:40,41), മോടിയായി ഉടുത്തു ചമഞ്ഞ ദേശാധിപതികളും സ്ഥാനാപതികളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായ മനോഹര യുവാക്കളുമായി (23:12) വേശ്യാവൃത്തിയുടെ പാരമ്യതയിൽ അഭിരമിക്കുന്ന യിസ്രായേലിന്മേൽ ദൈവിക ഇടപെടലിന്റെ കാഠിന്യം വർദ്ധിതമാക്കി!

പ്രിയരേ, ആത്മീക ജീവിതത്തിലും ഭൗതിക ജീവിതത്തിലും ഒരേപോലെ പാലിക്കേണ്ട സാന്മാർഗിക നിലവാരം വിശുദ്ധിയുടെ അളവുകോലായി പരിഗണിക്കാം. ജീവിതവിശുദ്ധിയുടെ പാലനം ദൈവേച്ഛയുടെ നിയതവും സ്ഥായിഭാവവുമായി കാണുന്നതാണ് ദൈവപ്രസാദത്തിനു മുഖാന്തിരമാകുന്നതെന്നു കുറിയ്ക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like