പ്രതിദിന ചിന്ത | വൈദേശിക ശക്തികൾ ന്യായം വിധിക്കപ്പെടുന്നു

0

യെഹെ. 25:5 “ഞാൻ രബ്ബയെ ഒട്ടകങ്ങൾക്കു കിടപ്പിടവും അമ്മോന്യരെ ആട്ടിൻ കൂട്ടങ്ങൾക്കു താവളവും ആക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.”

അമ്മോന്യരുടെമേലുള്ള ന്യായവിധിയുടെ പ്രഖ്യാപനം (25:1-7), മോവാബ്യരുടെ മേലുള്ള ന്യായവിധിയുടെ പ്രഖ്യാപനം (25:8-11), എദോമ്യരുടെ മേലുള്ള ന്യായവിധിയുടെ പ്രഖ്യാപനം (25:12-14), ഫെലിസ്ത്യരുടെ മേലുള്ള ന്യായവിധിയുടെ പ്രഖ്യാപനം (25:15-17) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യിസ്രായേലിനെതിരായി പലപ്പോഴായി അണിനിരന്നിട്ടുള്ള വിദേശ ശക്തികളോടുള്ള യഹോവയുടെ അരുളപ്പാടുകൾ ഈ അദ്ധ്യായത്തിന്റെ വായനയാകുന്നു. യഹൂദയുടെ മേൽ ബാബിലോൺ ആധിപത്യം സ്ഥാപിച്ചപ്പോൾ അമ്മോന്യർ നടത്തിയ മുതലെടുപ്പ് വിശേഷാൽ വിമർശിക്കപ്പെടുന്നു (25:3). വിശുദ്ധമന്ദിരം അശുദ്ധമാക്കപ്പെടുകയും യിസ്രായേൽ ദേശം ശൂന്യമാക്കപ്പെടുകയും യഹൂദാ ഗൃഹം പ്രവാസത്തിൽ കൊണ്ടുപോകപ്പെടുകയും ചെയ്ത ഇരുളടഞ്ഞ നാളുകൾ യിസ്രായേലിന്റെ ചരിത്രത്തിലെ കാഠിന്യമേറിയ ഏടുകളായിരുന്നു. ലോത്തിനു തന്റെ ഇളയ പുത്രിയിൽ ജനിച്ച മകനായിരുന്ന ബെൻ-അമ്മീ (ഉൽപ്പ. 19:38), പുരാതന സെമിറ്റിക് വംശപരമ്പരയിൽ അമ്മോന്യർ എന്ന നാടോടി വിഭാഗമായി അറിയപ്പെടുന്നു. മരുഭൂമിയിലൂടെയുള്ള യിസ്രായേലിന്റെ യാത്രയിൽ അമ്മോന്യരുമായി ഏറ്റുമുട്ടൽ ഒഴിവാക്കണമെന്ന പ്രത്യേകമായ നിർദ്ദേശം (ആവർ. 2:16-20) യാഹോവയായ ദൈവം കൊടുത്തിരുന്നു. ശലോമോൻ അമ്മോന്യരുടെ മ്ളേച്ഛവിഗ്രഹമായ മിൽക്കോമിനെ സേവിച്ചു ( 1 രാജാ. 11:5,7) എന്നു മാത്രമല്ല, യെരൂശലേമിന്നെതിരെ നാശപർവ്വതത്തിന്റെ വലത്തു ഭാഗത്തു ശലോമോൻ മിൽക്കോമിന്നു പൂജാഗിരികളെയും പണിതിരുന്നു (2 രാജാ. 23:13). പിൽക്കാലങ്ങളിൽ യിസ്രായേലിനെതിരായ നീക്കങ്ങൾ നടത്തിയ അമ്മോന്യർ ദൈവത്തിന്റെ ശത്രുക്കളായി പരിണമിച്ചു (സെഫ. 2:8; യിര. 49:1-6; ആമോസ് 1:13-15) ദൈവിക ന്യായവിധി ഏറ്റുവാങ്ങി. യഹൂദാ നാശത്തിന്റെ വക്കിൽ എത്തിച്ചേർന്ന പശ്ചാത്തലത്തിൽ കൈകൊട്ടി ആഹ്ലാദം പ്രകടിപ്പിക്കുകയും കാൽകൊണ്ടു ചവിട്ടി അവരെ നിന്ദിക്കുകയും ദേശത്തിന്റെ നാശത്തിൽ സന്തോഷിക്കുകയും ചെയ്ത കുറ്റം അമ്മോന്യരുടെ മേൽ ചാർത്തിക്കൊടുക്കുന്നു. അതിന്റെ പരിണിതിയെന്നോണം, കിഴക്കേ ദേശക്കാർ അഥവാ ബാബിലോന്യർ അമ്മോന്യരുടെ പ്രധാന പട്ടണമായ രബ്ബയെ അധീനമാക്കി ഒട്ടകങ്ങൾക്കും ആടുമാടുകൾക്കും താവളമാക്കി കൊടുക്കുമെന്നു മുന്നറിയിപ്പു കൊടുക്കുന്നു.

പ്രിയരേ, ദൈവിക ഇടപെടൽ ന്യായവിധിയുടെ മൂർദ്ധന്യതയിൽ എത്തിനിൽക്കുമ്പോഴും തന്റെ ജനത്തോടു വിരോധ മനോഭാവം വച്ചുപുലർത്തുന്ന ജാതികൾ ദൈവത്താൽ ശിക്ഷിക്കപ്പെടുന്ന വസ്തുത വിരോധാഭാസമായി തോന്നുന്നില്ലേ! ദൈവിക പദ്ധതികളുടെ രൂപരേഖയിൽ മാനുഷിക ഇടപെടലുകൾ കടന്നകൈയ്യായി ദൈവം കരുതുമെന്നും അവിടുത്തെ കരുണയുടെ നിവൃത്തീകരണം ഏതൊരനുക്രമത്തിലും ഇടമുറിയാതെ വെളിപ്പെടുമെന്നും പഠിയ്ക്കുന്നതാണെനിക്കിഷ്ടം!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like