പ്രതിദിന ചിന്ത | സോർ രാജാവിന്റെ നിഗളം

0

യെഹെ. 28:15 “നിന്നെ സൃഷ്ടിച്ച നാൾമുതൽ നിങ്കൽ നീതികേടു കണ്ടതുവരെ നീ നടപ്പിൽ നഷ്കളങ്കനായിരുന്നു.”

സോർ രാജാവിനെതിരെയുള്ള ശിക്ഷാവിധിയുടെ പ്രഖ്യാപനം (28:1-10), സോരിനെ ചൊല്ലിയുള്ള വിലാപഗീതം (28:11-19), സീദോന്റെ മേലുള്ള ന്യായവിധിയുടെ പ്രഖ്യാപനം (28:20-24), യിസ്രായേലിന്റെ പുനഃസ്ഥാപനം (28:25-26) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

ബി സി 585-573 ൽ സോരിന്റെ രാജാവായിരുന്ന ഇത്തോബാൽ രണ്ടാമനോടുള്ള പ്രവചനമായിട്ടാണ് ഈ അദ്ധ്യായം വേദശാസ്ത്രജ്ഞന്മാർ ചൂണ്ടികാണിക്കുന്നത്. തന്റെ ധനമഹിമയിലും ജ്ഞാനസമ്പൂർണ്ണതയിലും അതിയായ അഹങ്കാരവും ഉന്നതഭാവവും നിറഞ്ഞ ഇത്തോബാൽ രണ്ടാമൻ ന്യായംവിധിയ്ക്കപ്പെടുമെന്ന മുന്നറിയിപ്പാണ് ഈ അദ്ധ്യായത്തിന്റെ കാര്യസാരമായ വായന. അതേസമയം, വിലാപകാവ്യത്തിന്റെ ഈരടികളിലെ ഉള്ളടക്കത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന അമാനുഷിക വിവരണങ്ങൾ സോർ രാജാവിനപ്പുറം സാത്താനോടുള്ള ബന്ധത്തിലാണെന്നു പഠിയ്ക്കുന്നതിൽ തെറ്റില്ല തന്നെ. ദൈവത്തിന്റെ തോട്ടമായ ഏദനിൽ പാർപ്പിക്കപ്പെട്ടവനും താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ലു, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളാൽ മൂടപ്പെട്ടിരുന്നവനും പൊന്നുകൊണ്ടുള്ള പണിയോടു തീർക്കപ്പെട്ടവനുമായിരുന്ന ചിറകു വിടർത്തു മറെക്കുന്ന കെരൂബും വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തപ്പെട്ടവനും അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നവനുമായിരുന്നു (28:12-14) ഇവിടുത്തെ പ്രതിപാത്യ പുരുഷൻ. ദൈവസംസർഗ്ഗത്തിൽ അഭിരമിച്ചിരുന്ന ഈ കെരൂബ്, സൃഷ്ടിക്കപ്പെട്ട നാൾ മുതൽ അവനിൽ നീതികേടു കണ്ടെത്തും വരെ നിഷ്കളങ്ക നടപ്പുള്ളവനും വിശുദ്ധിയുടെ പ്രതീകവുമായിരുന്നു. എന്നാൽ സൗന്ദര്യത്താൽ ഗർവ്വവും പ്രഭ നിമിത്തം ജ്ഞാനത്തിന്റെ വഷളത്തവും അകൃത്യബാഹുല്യവും വ്യാപാരത്തിന്റെ നീതികേടും വിശുദ്ധമന്ദിരങ്ങളെ അശുദ്ധമാക്കിയതും നിമിത്തം (28:17-18) നിലത്തു തള്ളിയിടപ്പെടുകയും ദൈവത്താൽ അശുദ്ധനെന്നു (28:16) മുദ്രകുത്തപ്പെട്ട കെരൂബ്, ദേവപർവ്വതത്തിൽ നിന്നും എറിഞ്ഞു കളയപ്പെടുകയും ചെയ്തു. സകല ജാതികളുടെയും മുമ്പാകെ നിന്ദയ്ക്കും സ്തംഭനത്തിനും കാരണമായി തീർന്ന ഈ കെരൂബ്, സാത്താന്റെ പ്രതിച്ഛായയായി പഠനാർഹമായ ദൈവശാസ്ത്ര പാഠ്യക്രമമായി തിരുവെഴുത്തുകളിൽ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നു!

പ്രിയരേ, സൗന്ദര്യസമ്പൂർണ്ണതയും ജ്ഞാനവൈഭവവും ധനസമൃദ്ധിയും നിലനിൽക്കുന്നതല്ലെന്ന ബോധ്യം നമ്മെ ഭരിക്കണം. ദൈവത്താൽ ലഭിക്കപ്പെടുന്ന സകല നന്മകളും നന്ദിയോടെയും അതിലുപരി താഴ്മയോടെയും അനുഭവിക്കുമ്പോൾ ദൈവനാമം മഹത്വപ്പെടുകയും ദൈവപ്രസാദം നേടുവാൻ നമുക്കാകുകയും ചെയ്യുമല്ലോ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like