പ്രതിദിന ചിന്ത | മിസ്രയീമ്യരോടുള്ള ന്യായവിധിയുടെ പ്രഖ്യാപനം
യെഹെ. 29:6 “മിസ്രയീംനിവാസികൾ യിസ്രായേൽ ഗൃഹത്തിന്നു ഒരു ഓടക്കോലായിരുന്നതുകൊണ്ടു അവരൊക്കെയും ഞാൻ യഹോവ എന്നു അറിയും.”
മിസ്രയീമിന്മേലുള്ള ശിക്ഷാവിധിയുടെ പ്രഖ്യാപനം (29:1-16), യിസ്രായേലിനോടുള്ള ദൈവകരുണയുടെ വാഗ്ദത്തം (29:17-21) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
നൈൽ നദിയുടെ ദാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന മിസ്രയീം, യിസ്രായേൽ ചരിത്രത്തിന്റെ ഏറെ ഏടുകളിൽ നിർണ്ണായക അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുള്ള ദേശമാണ്. അബ്രാമിന്റെ കാലത്തുണ്ടായ ക്ഷാമത്തിൽ മിസ്രയീമിലേക്കു പോകുവാൻ മനസ്സുവച്ചതും (ഉൽപ്പ. 12:10) പിന്നീട്, സുമാർ രണ്ടു നൂറ്റാണ്ടുകൾക്കിപ്പുറം യോസഫ് അടിമയായി മിസ്രയീമ്യർക്കു വില്ക്കപ്പെട്ടതും, തുടർന്ന് ദേശത്തുണ്ടായ ക്ഷാമം യാക്കോബിന്റെ പുത്രന്മാരെയും പിന്നെ യാക്കോബിന്റെ എഴുപതുപേരടങ്ങുന്ന കുടുംബത്തെയും മിസ്രയീമിൽ എത്തിച്ചതും പൂർവ്വപിതാക്കന്മാരുടെ ചരിത്രത്തിലെ അനിഷേധ്യങ്ങളായ അടയാളപ്പെടുത്തലുകളല്ലേ! ശലോമോൻ രാജാവ് ഫറവോന്റെ പുത്രിയെ വിവാഹം കഴിച്ചു സംബന്ധം കൂടിയതും യിസ്രായേലിന്റെ ആത്മീക അധഃപതനത്തിനു അതു കാരണമായതും മറ്റൊരു ചരിത്രം! യിസ്രായേൽ രാജാവായിരുന്ന രെഹബെയാമിന്റെ കാലത്തു ബി സി 926 ൽ മിസ്രയീം രാജാവായിരുന്ന ശീശക്ക് യെരുശലേം ദൈവാലയം കൊള്ളയിട്ടു (1 രാജാ. 14:25,26). മിസ്രയീമ്യരെ തടയുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ബി സി 609 ൽ മെഗിദ്ദോവിൽ വച്ച് ഫറവോൻ-നേഖോയുമായുണ്ടായ ഏറ്റുമുട്ടലിൽ യോശീയാ രാജാവ് ദാരുണമായി കൊല്ലപ്പെട്ടു (2 രാജാ. 23:29-30) എങ്കിലും ബി സി 605 ൽ കർക്കമേശിൽ നെബൂഖദ്‌നേസർ ഫറവോൻ നോഖോയെ കീഴടക്കി. യെരുശലേം, ബാബിലോണ്യരാൽ പിടിയ്ക്കപ്പെട്ടപ്പോൾ യെരുശലെമിൽ അവശേഷിച്ച ജനം മിസ്രയീമിലേക്കു ഓടിപ്പോയി (യിര. 44). നെബൂഖദ്‌നേസറിനെതിരെ സിദക്കിയാ രാജാവ് ആശ്രയിച്ചതു ഫറവോൻ-നെഖോയുടെ പൗത്രൻ ഫറവോൻ-ഹൊഫ്രയെ (യിര. 35:5-7; 44:30) ആണ്. ഇവിടെ (29:2) പ്രതിപാദിക്കപ്പെട്ടിരിക്കുന്ന മിസ്രയീം രാജാവ്, ഫറവോൻ-ഹൊഫ്രായാണ്. താൻ ദേവനാണെന്നു സ്വയം സങ്കല്പിക്കുകയും നൈൽനദി തന്റെ സൃഷ്ടിയാണെന്നു പുകഴുകയും ചെയ്യുന്ന ഫറവോൻ-ഹൊഫ്രാ ദൈവിക ന്യായവിധിയ്ക്കു പാത്രനാകുമെന്നു പ്രവാചകൻ മുന്നറിയിപ്പു കൊടുക്കുന്നു.
പ്രിയരേ, മിസ്രയീമ്യ ചരിത്രത്തിനു യിസ്രായേലുമായുള്ള ബന്ധത്തിന്റെ സംക്ഷിപ്ത വിവരണം വിപുലമായ ചിന്തകൾക്ക് വഴിമരുന്നിടുവാൻ പോന്നതാണ്. അവശ്യഘട്ടങ്ങളിൽ ദൈവാശ്രയം മാറ്റിവച്ചിട്ടു പ്രബലരായ രാജാക്കന്മാരിൽ ആശ്രയം വയ്ക്കുവാൻ ഇറങ്ങിപ്പുറപ്പെട്ട യിസ്രായേൽ തക്കതായ ശിക്ഷയും ഏറ്റുവാങ്ങിയിട്ടുണ്ട്. ഏതൊരു വേളയിലും ദൈവാശ്രയം മാത്രം കൈമുതലായി കരുതുന്നവർ ജയാളികളായി തീരുമെന്ന വസ്തുത കാലാതീതമായ പാഠമല്ലേ!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.