ബെത്ലഹേമിൽ ക്രൈസ്തവ യുവജനങ്ങളുടെ സംഗമം

0

ബെത്ലഹേം: യേശുക്രിസ്തു ജനിച്ച ബെത്ലഹേമിൽ ക്രൈസ്തവ യുവജനങ്ങളുടെ ഒത്തുചേരലും ആഘോഷങ്ങളും. യൂത്ത് ഓഫ് ജീസസസ് ഹോം ലാൻഡ്, ബെത്ലഹേം മുൻസിപ്പാലിറ്റിയുമായി ചേർന്ന് സംയുക്തമായാണ് ഇബിൻ എൽ ബലാദ് ഫെസ്റ്റിവൽ എന്ന പേരിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. പലസ്തീൻ പ്രദേശത്തെ ടൂറിസം മന്ത്രിയായ റുലാ മായയും സമ്മേളനത്തിന് പൂർണ്ണ പിന്തുണ നൽകിയിരിന്നു. തിരുപ്പിറവിയുടെ ദേവാലയത്തിന് മുന്നിൽ സ്ഥിതി ചെയ്യുന്ന മാഞ്ചർ സ്ക്വയറിലാണ് നാലുദിവസം നീണ്ടുനിന്ന പരിപാടികൾ അരങ്ങേറിയത്.

ആദ്യത്തെ ദിവസം, മധ്യ ഏഷ്യയിലെയും അറബ് ലോകത്തെയും ഏറ്റവും വലിയ ബൈബിൾ പ്രദർശനം തിരുപ്പിറവി ദേവാലയത്തിന് സമീപം സ്ഥിതിചെയ്യുന്ന അർമേനിയൻ ഹാളിൽ നടന്നിരിന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇസ്രായേലി പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ച പാലസ്തീൻ വംശജയായ ക്രൈസ്തവ മാധ്യമപ്രവർത്തക ഷിരീൻ അബു അക്ലയെ സമ്മേളനത്തില്‍ പങ്കെടുക്കാൻ എത്തിയവർ അനുസ്മരിച്ചു. രണ്ടാമത്തെ ദിവസം ബെത്ലഹേമിലെയും, ജെറുസലേമിലെയും വിദ്യാർത്ഥികൾ തയാറാക്കിയ ബൈബിൾ പ്രദർശന വേദി യുവജനങ്ങൾ സന്ദർശിച്ചു. അവിടെവച്ച് ‘യൂത്ത് ഓഫ് ജീസസസ് ഹോം ലാൻഡി’ലെ അംഗങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

‘ക്രൈസ്തവ രക്തസാക്ഷിത്വം, ജന്മനാടിനോടുള്ള സ്നേഹം’ എന്ന വിഷയത്തെപ്പറ്റി ‘യൂത്ത് ഓഫ് ഗലീലി’ എന്ന സംഘടനയുടെ ചാപ്ലിൻ റാമസ് ത്വാലിന്റെ പ്രഭാഷണവും നടന്നു. മൂന്നാമത്തെ ദിവസം ബൈബിൾ പഠനവും, പ്രദക്ഷിണവും, ആരാധനയും നടന്നു. യൂത്ത് ഓഫ് ജീസസസ് ഹോം ലാൻഡിന്റെ സെക്രട്ടറി ജനറൽ നാദിൻ ബിറ്റാർ കൃതജ്ഞത അർപ്പിച്ചതിന് ശേഷം ആശീർവാദത്തോടെയാണ് ആഘോഷ പരിപാടികൾക്ക് സമാപനമായത്.

You might also like