പ്രതിദിന ചിന്ത | അശൂരിന്റെ അഹങ്കാരം കോതിയിറക്കപ്പെടുന്നു

0

യെഹെ. 31:9 “കൊമ്പുകളുടെ പെരുപ്പം കൊണ്ടു ഞാൻ അതിന്നു ഭംഗിവരുത്തിയതിനാൽ ദൈവത്തിന്റെ തോട്ടമായ ഏദെനിലെ സകലവൃക്ഷങ്ങളും അതിനോടു അസൂയപ്പെട്ടു.”

അശൂരിനെ തഴച്ചു വളർന്ന ഒരു ദേവദാരുവോടുള്ള ഉപമിക്കൽ (31:1-9), അശൂരിന്റെ നാശത്തിന്റെ ചിത്രീകരണം (31:10-14), അശൂരിന്റെ നാശത്തിങ്കൽ വിലാപവും അന്യജാതികളുടെ പ്രതികരണവും (31:15-18) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

വാസ്തവത്തിൽ ഫറവോനോടുള്ള സന്ദേശമാണ് (31:2) ഈ അദ്ധ്യായത്തിന്റെ ഉള്ളടക്കം. അശൂരിൻറെ ഉയർച്ചയും വീഴ്ചയും പ്രമേയമാക്കി ഫറവോന്റെ മേലുള്ള ന്യായവിധിയുടെ ഉറപ്പായ പ്രഖ്യാപനം പ്രവാചകൻ അറിയിക്കുന്നു. മിസ്രയീമിനെക്കാളും ഒരുപടികൂടി ഉയർന്ന നിലയിൽ പരിലസിച്ചിരുന്നു അശൂർ. മേഘങ്ങളോളം തുഞ്ചം എത്തിച്ചു സർവ്വഭൂമിയുടെയും ഏതു ദിക്കിൽ നിന്നും സുവിദിതമായിരുന്നു അശൂരിൻറെ മഹത്വം. ഭംഗിയുള്ള കൊമ്പുകളും തണലുള്ള ഇലകളും അലങ്കാരമായിരുന്നു ഈ ദേവദാരുവിന്. അനുകൂല പരിസരങ്ങൾ നന്നായി സ്വാംശീകരിച്ച ഈ ദേവദാരു, സകല വൃക്ഷങ്ങളെക്കാളും വളർച്ചയിലും തണലിലും ഏറെ മുൻപന്തിയിൽ സ്ഥാനം ഉറപ്പിച്ചിരുന്നു. അതിന്റെ ചില്ലകളിൽ ആകാശത്തിലെ പക്ഷികൾ കൂടൊരുക്കി പാർക്കുകയും അതിന്റെ തണലിൽ കാട്ടുമൃഗങ്ങൾ കുട്ടികളെ പെറ്റു വളർത്തുകയും ചെയ്തിരുന്നു. ദൈവത്തിന്റെ തോട്ടമായ ഏദനിലെ വൃക്ഷങ്ങൾക്കു പോലും ഈ ദേവദാരുവിനോട് അസൂയ തോന്നത്തക്ക വിധത്തിൽ ഉന്നതമായിരുന്നു ഇതിന്റെ സ്ഥാനം. എങ്കിലും അതിൽ ദൈവത്തിനു അസഹനീയമായ ദുഷ്ടതയും ഒപ്പം തഴച്ചു വന്നിരുന്നു (31:11) എന്ന വസ്തുതയും ചേർത്തു രേഖപ്പെടുത്തിയിരിക്കുന്നു. അതിന്റെ വെളിച്ചത്തിൽ ദൈവത്തിന്റെ ഇടപെടൽ അശൂരിനോടുള്ള ബന്ധത്തിൽ ഏറെ ദോഷമായി ഭവിച്ചു. “ബലവാനായവന്റെ കൈയ്യിൽ” (31:11) അഥവാ നെബൂഖദ്‌നേസറിന്റെ കൈയ്യിൽ ഏൽപ്പിക്കപ്പെട്ട അശൂറിന്റെ ചില്ലകളും കൊമ്പുകളും കോതിയിറക്കിയതിന്റെ ഫലമായി അതിന്റെ ഭംഗിയുള്ള ഇലകൾ ഉണങ്ങിപ്പോയി. അങ്ങനെ പാതാളത്തിലേക്ക് ഇറങ്ങിപ്പോയ അശൂരിനെപ്പോലെ മിസ്രയീമും ആയിത്തീരുമെന്ന മുന്നറിയിപ്പ് പ്രവാചകൻ പ്രസ്താവിക്കുന്നു.

പ്രിയരേ, അനുകൂല പരിസരങ്ങളുടെ സദുപയോഗത്താൽ ഉളവാകുന്ന സകല നന്മകളും ദൈവനാമ മഹത്വത്തിനും പുകഴ്ചയ്ക്കും ഉപയോഗിക്കപ്പെടണം. അല്ലാത്തപക്ഷം മുന്നറിയിപ്പില്ലാതെ അവയുടെ കോതിയിറക്കൽ ഉളവാക്കുന്ന നാശോന്മുഖത താങ്ങുവാൻ കഴിയുന്നതിലും അപ്പുറമായിരിക്കുമെന്നും നാം മറന്നുപോകരുത്!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like