ട്രിപ്പ് അഡ്‌വൈസറിന്റെ ജനപ്രിയ സഞ്ചാര സ്ഥലങ്ങളിൽ ഇടംപിടിച്ച് വിശുദ്ധ നാട്ടിലെ ക്രൈസ്തവ തീർത്ഥാടന കേന്ദ്രം
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ യാത്ര വെബ്സൈറ്റായ ട്രിപ്പ് അഡ്‌വൈസറിന്റെ മധ്യേഷ്യയിലെ ജനപ്രിയ സഞ്ചാര സ്ഥലങ്ങളിൽ വിശുദ്ധ നാട്ടിലെ ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ മഗ്ദല സെന്റർ ഇടംപിടിച്ചു. മഗ്നലന മറിയത്തിന്റെ നാട്ടിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ട്രാവലേഴ്സ് ചോയ്സ് ബെസ്റ്റ് ഓഫ് ദ ബെസ്റ്റ് വിഭാഗത്തിൽ 20 ജനപ്രിയ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലാണ് മഗ്ദല സെന്ററും ഇടം പിടിച്ചത്. സഞ്ചാരികളുടെ അഭിപ്രായം കണക്കിലെടുത്താണ് മികച്ച സഞ്ചാരകേന്ദ്രങ്ങളെ ട്രിപ്പ് അഡ്വൈസർ തെരഞ്ഞെടുത്തത്. മധ്യേഷ്യയിലെ 25 ജനപ്രിയ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടിക എടുക്കുമ്പോൾ പതിനേഴാം സ്ഥാനത്താണ് മഗ്ദല സെന്ററുള്ളത്.
ഇതിൽ ദുബായിലെ ബുർജ ഖലീഫയ്ക്ക് രണ്ടാം സ്ഥാനവും, ഈജിപ്തിലെ പെട്രായ്ക്ക് മൂന്നാം സ്ഥാനവും, പഴയ ജറുസലേം നഗരത്തിന് നാലാം സ്ഥാനവും ലഭിച്ചു. അംഗീകാരം ലഭിച്ചതിനുശേഷം മഗ്ദല സെന്ററിന്റെ അധ്യക്ഷ പദവി വഹിക്കുന്ന ഫാ. ജുവാൻ സോളാന ട്രിപ്പ് അഡ്വൈസർ ആപ്ലിക്കേഷന്റെ പ്രാധാന്യം മനസ്സിലാക്കാൻ സഹായിച്ചതിന് തീർത്ഥാടകർക്ക് നന്ദി പറഞ്ഞു. ഇതിനുമുമ്പ് ഈ ആപ്ലിക്കേഷനെ പറ്റി അറിയുക പോലും ഇല്ലായിരുന്നു എന്ന് പറഞ്ഞ അദ്ദേഹം, തീര്‍ത്ഥാടകരെ അവിടേക്ക് കൊണ്ടുവരുന്നതിൽ ട്രിപ്പ് അഡ്വൈസർ വഹിക്കുന്ന പ്രാധാന്യം എന്താണെന്ന് ഇപ്പോൾ കാണാൻ സാധിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.