പ്രതിദിന ചിന്ത | ഉണങ്ങിയ അസ്ഥികളും യഹോവയുടെ വചനവും

0

യെഹെ. 37:10 “അവൻ എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചപ്പോൾ ശ്വാസം അവരിൽ വന്നു; അവർ ജീവിച്ചു ഏറ്റവും വലിയ സൈന്യമായി നിവിർന്നുനിന്നു.”

ഏറ്റവും ഉണങ്ങിയ എത്രയും അധികമായ അസ്ഥികളുള്ള താഴ്വരയിൽ പ്രവചിക്കുന്ന പ്രവാചകൻ (37:1-10), ഉണങ്ങിയ അസ്ഥികളുടെ പൊരുൾ വിശദമാക്കപ്പെടുന്നു (37:11-14), യിസ്രായേലിന്റെയും യഹൂദയുടെയും പുനരൈക്യം രണ്ടു കോലുകളുടെ ദൃഷ്ടാന്തത്തിലൂടെ (37:15-28) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യിസ്രായേലിന്റെ ആത്മീകവും രാഷ്ട്രീയവുമായ ചരിത്രത്തെ ഈ അദ്ധ്യായത്തിൽ വരച്ചു കാട്ടിയിരിക്കുന്നതു പോലെ ഇത്രയും വ്യക്തമായി വിശദീകരിച്ചിട്ടുള്ള മറ്റൊരു ചിത്രീകരണം ഉണ്ടെന്നു തോന്നുന്നില്ല. എത്രയും അധികവും ഏറ്റവും ഉണങ്ങിയതുമായ മനുഷ്യ അസ്ഥികളാൽ നിറയപ്പെട്ട താഴ്വരയുടെ നടുവിൽ ആത്മാവിൽ നിർത്തപ്പെട്ടു പ്രവാചകൻ. അസ്ഥികൾ ഒന്നോടൊന്നു ചേർന്നിരിക്കാതെ ചിതറി കിടക്കുന്നതിന്റെ നേർക്കാഴ്ച യുദ്ധത്താൽ തകർക്കപ്പെട്ട പ്രത്യാശയില്ലാത്ത യിസ്രായേലിന്റെ തത്സ്ഥിതിയുടെ ചിത്രീകരണമായി വ്യക്തമാകുന്നു. എങ്കിലും യിസ്രായേലിനോടുള്ള അവിടുത്തെ പദ്ധതികളുടെ രൂപരേഖ മാറ്റമില്ലാത്തതാണെന്നും അതിന്റെ നിവൃത്തീകരണം നിർവിഘ്‌നം തുടരുമെന്നതിന്റെയും പ്രഖ്യാപനമാണ് ഇവിടുത്തെ പ്രതിപത്യം! “മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുമോ?” എന്ന ചോദ്യത്തിനു മുമ്പിൽ, “യഹോവയായ കർത്താവേ, നീ അറിയുന്നു” എന്നു പ്രതിവചിക്കുന്ന പ്രവാചകന്റെ പ്രസ്താവനയിൽ പ്രതീക്ഷയുടെ സകല നാമ്പുകളും അറ്റുപോയ പ്രതീതിയാണ് വായിച്ചയെടുക്കാനാകുന്നത്. എങ്കിലും “ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേൾക്കുവിൻ” എന്ന പ്രവാചക വാക്കുകൾക്ക്‌ അസാധാരണമായ അധികാരവും പ്രഭാവവും കാണുവാൻ കഴിയുന്നില്ലേ! ഉണങ്ങിയ അസ്ഥികളോട് ‘യഹോവയുടെ വചനം’ പ്രവചിച്ചപ്പോൾ മുഴക്കവും ഭൂകമ്പവും ഉണ്ടാകുകയും അസ്ഥി അസ്ഥിയോടു യോജിക്കുകയും അവയുടെ മേൽ ഞരമ്പും മാംസവും ത്വക്കും ചേർന്നുവരുകയും ചെയ്തു. തുടർന്നുള്ള പ്രവചനത്തിന്റെ പരിണിതിയായി നാലുദിക്കുകളിൽ നിന്നും ചുറ്റിയടിച്ച കാറ്റ്, നിഹതന്മാരിൽ ജീവനും ശ്വാസവും പകർന്നു വലിയ സൈന്യമായി എഴുന്നേല്പിക്കപ്പെട്ടു.

പ്രിയരേ, അധഃപതനത്തിന്റെ താഴ്വരയിൽ ഒന്നോടൊന്നു യോജിക്കാതെ ചിതറിക്കിടക്കുന്ന അസ്ഥികൾ പോലും യഹോവയുടെ വചനത്തിന്റെ മുമ്പിൽ ജീവൻ പ്രാപിക്കുമെന്ന സൂചന ഇവിടെ വ്യക്തമാക്കുന്നു. അതായതു, കേവലം യിസ്രായേലിന്റെ ചരിത്രത്തിലേക്കുള്ള വെളിച്ചം വീശൽ എന്നു മാത്രം താഴ്വരയിലെ സംഭവജടിലതകളെ സംഗ്രഹിക്കാതെ വർത്തമാനകാല പരിസരങ്ങളുടെ സ്ഥിതിമാറ്റങ്ങൾക്കു യഹോവയുടെ വചനം മാത്രം ഉപയുക്തമാണെന്ന തിരിച്ചറിവിന്റെ സ്വംശീകരണവും ഈ വായനയുടെ ഉന്നമാണ്.

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like