ബ്രസീലില്‍ ക്രിസ്ത്യൻ ദേവാലയത്തിന് നേരെ ആക്രമണം

0

സാവോപോളോ: ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ ബ്രസീലില്‍ ക്രിസ്ത്യൻ ദേവാലയത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. ഇക്കഴിഞ്ഞ ഒക്ടോബര്‍ 10ന് ഉച്ചയോടെ തെക്കന്‍ ബ്രസീലിലെ പരാനാ സംസ്ഥാനത്തിലെ സാവോ മതേവൂസ് ഡെ സുള്‍ പട്ടണത്തിലെ സാവോ മതേവൂസ് ദേവാലയത്തില്‍ അതിക്രമിച്ച് കയറിയ അജ്ഞാതരായ വ്യക്തികള്‍ ദേവാലയം അലംകോലപ്പെടുത്തുകയും ഇരുപത്തിയെട്ടോളം രൂപങ്ങള്‍ തകര്‍ക്കുകയുമായിരിന്നു. രൂപങ്ങള്‍ തകര്‍ക്കപ്പെട്ടുവെങ്കിലും തങ്ങളുടെ വിശ്വാസം ഉറച്ചതാണെന്ന് ഇടവക വികാരിയായ ഫാ. ജോസ് കാര്‍ലോസ് എമാനോയല്‍ ഡോസ് സാന്റോസ് ഇന്നലെ ഒക്ടോബര്‍ 11-ന് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. അക്രമത്തെത്തുടർന്ന് വിവിധ കോണുകളില്‍ നിന്നും ലഭിച്ച പിന്തുണക്ക് അദ്ദേഹം നന്ദിയര്‍പ്പിച്ചു.

ദേവാലയത്തില്‍ നടന്ന അക്രമത്തെ അപലപിച്ചുകൊണ്ട് ഇവാഞ്ചലിക്കല്‍ സമൂഹാംഗങ്ങളും രംഗത്ത് വന്നിട്ടുണ്ട്. ഇതിന്റെ പിന്നില്‍ ആരാണെങ്കിലും അവര്‍ ഒരു വാതില്‍ ഒഴികെ മറ്റുള്ള വാതിലുകള്‍ അടച്ച ശേഷമാണ് ദേവാലയത്തില്‍ ഈ അതിക്രമം നടത്തിയതെന്നും അക്രമത്തിന് ശേഷം തുറന്നിട്ട വാതിലൂടെ രക്ഷപ്പെടുകയായിരുന്നെന്നും പറോക്കിയല്‍ വികാര്‍ ഫാ. ഡിയഗോ റൊണാള്‍ഡോ നാകാല്‍സ്കി വെളിപ്പെടുത്തി. അക്രമത്തിന് ശേഷം ദേവാലയത്തിന്റെ ഉള്‍ഭാഗം യുദ്ധക്കളം പോലെയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങളെ വിഭജിക്കുന്ന ഇത്തരം വിദ്വേഷപരമായ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് കാലങ്ങളില്‍ കാണാറുണ്ടെന്നും, ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടില്ലെന്ന്‍ പ്രതീക്ഷിക്കുന്നുവെന്നും യുനിയാവോ ഡാ വിക്റ്റോറിയ രൂപതാധ്യക്ഷന്‍ ബിഷപ്പ് വാള്‍ട്ടര്‍ ജോര്‍ജ് പിന്റോ ഫേസ്ബുക്കില്‍ കുറിച്ചു. യേശു ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശിഷ്യന്‍മാരുടേതല്ലാത്ത വികാര വിക്ഷോഭങ്ങള്‍ തങ്ങളുടെ മനസ്സുകളെ കീഴടക്കുവാന്‍ അനുവദിക്കരുതെന്ന് മെത്രാനെന്ന നിലയില്‍ തനിക്ക് പറയുവാനുള്ളതെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. വേദനാജനകമായ ഈ നിമിഷത്തില്‍ വിശ്വാസികളെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് പറഞ്ഞ മെത്രാന്‍ അധികം താമസിയാതെ തന്നെ ഈ പ്രവര്‍ത്തി ചെയ്തവര്‍ക്കൊപ്പം പ്രായാശ്ചിത്തമായി പരിഹാര പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് തന്റെ പ്രസ്താവന അവസാനിപ്പിക്കുന്നത്. 

You might also like