പ്രതിദിന ചിന്ത | യുദ്ധമൊഴിഞ്ഞുള്ള നാളുകളും ആത്മനിറവിന്റെ നന്മകളും

0

യെഹെ. 39:29 “ഞാൻ യിസ്രായേൽഗൃഹത്തിന്മേൽ എന്റെ ആത്മാവിനെ പകർന്നിരിക്കയാൽ ഇനി എന്റെ മുഖം അവർക്കു മറെക്കയുമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.”

ഗോഗിനെ ദൈവം ന്യായം വിധിയ്ക്കുന്നു (39:1-10), ഗോഗിന് യിസ്രായേലിൽ ഒരുക്കപ്പെടുന്ന ശ്മാശാന ഭൂമിയുടെ സൂചന (39:11-22), യിസ്രായേലിൻമേൽ വീണ്ടും പകരപ്പെടുന്ന ദൈവകരുണയുടെ പ്രഖ്യാപനം (39:23-29) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

മുൻ അദ്ധ്യായത്തിന്റെ തുടച്ചയായി വേണം ഈ അദ്ധ്യായത്തിന്റെ പഠനം നടത്തുവാൻ. യിസ്രായേലിനെ ആക്രമിക്കുന്ന ഗോഗിന്റെ നേതൃത്വത്തിലുള്ള സഖ്യസൈന്യം മാത്രമല്ല (39:4) അവരുടെ ദേശം കൂടെ (39:6) നാമാവശേഷമാകുമെന്ന പ്രവാചക ശബ്ദം മുഴങ്ങുന്നു. യിസ്രായേലിനെതിരായി ശത്രുക്കൾ കൊണ്ടുവരുന്ന ആയുധങ്ങൾ ആക്രമണത്തിനും നശീകരണത്തിനും ഉപയോഗിക്കപ്പെടുകയില്ല. കാരണം അതിനുമുമ്പേ, സൈന്യത്തിന്റെ കരങ്ങളിൽ നിന്നും ആയുധങ്ങൾ തെറിപ്പിക്കപ്പെടുകയും പർവ്വതങ്ങളിൽ അവർ വീണുപോകുകയും ചെയ്യും (39:3,4). യിസ്രായേലിലെങ്ങും ചിതറിക്കിടക്കപ്പെടുന്ന ആയുധങ്ങളാകട്ടെ, തുടർന്നുള്ള ഏഴുവർഷങ്ങൾ വിറകിനു പകരമായി യിസ്രായേൽ ജനങ്ങൾ തീകത്തിക്കുവാൻ ഉപയോഗിക്കും (39:9,10). ഗോഗിനാകട്ടെ ചാവുകടലിനു കിഴക്കുള്ള താഴ്വര, ഹാമോൻ-ഗോഗ് അഥവാ ഗോഗ് പുരുഷാരത്തിന്റെ താഴ്വര എന്ന നാമകരണത്തോടെ ശ്മാശാന ഭൂമിയായി (39:11) വേർതിരിയ്ക്കും. യുദ്ധത്തിൽ നിഹതന്മാരായി അസംഖ്യം പടയാളികൾ വീഴുന്നതിനെ പക്ഷികൾക്കായും കാട്ടുമൃഗങ്ങൾക്കായും അറുക്കപ്പെടുന്ന ദൈവത്തിന്റെ യാഗമായി (39:18-20) ചിത്രീകരിച്ചിരിക്കുന്നതിനു മാറ്റേറെയുണ്ട്! ഈ ന്യായവിധിയുടെ പരിണിതിയോ, ദൈവമഹത്വം ജാതികൾ കാണും (39:21-23), യിസ്രായേലിന്റെ മദ്ധ്യേ യഹോവയുടെ നാമം വിശുദ്ധീകരിക്കപ്പെടും (39:24-26) എന്നിങ്ങനെ സംഗ്രഹിക്കുകയുമാകാം. ചുരുക്കത്തിൽ യിസ്രായേലുമായി ദൈവം ഉണ്ടാക്കിയിരുന്ന നിത്യനിയമത്തിന്റെ വാസ്തവമായ യഥാസ്ഥാപനം ഈ യുദ്ധത്തിന്റെ ആത്യന്തിക ലക്ഷ്യമായി കരുതുന്നതാണെനിക്കിഷ്ടം! അതായത്, യിസ്രായേൽ ഗൃഹത്തിന്മേൽ അവിടുത്തെ ആത്മാവിനെ പകരപ്പെടുമെന്നുള്ളതിനാൽ ഇനിയും മറയ്ക്കപ്പെടാത്ത തിരുമുഖത്തിന്റെ പ്രശോഭനം തന്റെ ജനത്തിനു ഉറപ്പാക്കപ്പെടുമെന്നു സാരം!

പ്രിയരേ, ആത്യന്തികമായ യുദ്ധങ്ങളുടെ പരിസമാപ്തി യിസ്രായേലിനോടുള്ള ബന്ധത്തിൽ വിജയം മാത്രമല്ല, ദൈവാത്മാവിന്റെ പകരപ്പെടലിനും ലജ്ജയുടെ തുടച്ചു മാറ്റലിനും കാരണമായി തീർന്നു. ദൈവാഭിമുഖമാകുന്ന ഏതൊരു വ്യക്തിക്കും സിദ്ധിക്കുന്ന ആത്മീക നൽവരങ്ങളുടെ ആകെത്തുകയായി ഈ അനുഗ്രഹങ്ങളെ ചൂണ്ടികാണിക്കുവാൻ പ്രേരണയുണ്ട്. യുദ്ധമൊഴിഞ്ഞുള്ള നല്ലനാളുകൾ അവിടുത്തെ ആത്മാവിന്റെ നിറവിനും മറയ്ക്കപ്പെടാത്ത ദൈവമുഖത്തിന്റെ മഹത്വം ദർശിക്കുവാനുള്ള മുഖാന്തിരമായും തീരും; തീർച്ച!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like