പ്രതിദിന ചിന്ത | അധിനിവേശങ്ങളും വിജയഗാഥകളും

0

യെഹെ. 38:18 “യിസ്രായേൽദേശത്തിന്നു വിരോധമായി ഗോഗ് വരുന്ന അന്നാളിൽ എന്റെ ക്രോധം എന്റെ മൂക്കിൽ ഉജ്ജ്വലിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.”

യിസ്രായേലിന്മേലുള്ള ഗോഗിന്റെയും സഖ്യകക്ഷികളുടെയും അധിനിവേശം (38:1-13), ഗോഗിന്റെ മേലുള്ള യിസ്രായേലിന്റെ വിജയം (38:14-23) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യെഹെസ്കേലിന്റെ 38,39 അദ്ധ്യായങ്ങൾ യിസ്രായേലിന്റെ മേൽ ഉണ്ടാകുവാനുള്ള രൂക്ഷമായ ഭാവിയുദ്ധത്തിന്റെ (38:11,12 ഒ. നോ. 39:,3,4,11-15) പ്രവചനപരമായ വിശദീകരണങ്ങളുടെ ഉള്ളടക്കമാണ്. കരിങ്കടലിനു വടക്കു കിഴക്കും കാസ്പിയൻ കടലിനു കിഴക്കുമുള്ള ശിത്തീയരുടെ പ്രദേശമാണ് മാഗോഗ്‌ എന്നു കരുതപ്പെടുന്നു. ഇപ്പോഴത്തെ റഷ്യ, ഉക്രൈൻ, കസാഖിസ്ഥാൻ എന്നീ സ്വതന്ത്ര കോമൺ വെൽത്ത് രാജ്യങ്ങളാണിത്. റോശ് (ആധുനിക ഇറാന്റെ പ്രദേശം), മേശക്ക്, തൂബൽ (ആധുനിക തുർക്കിയുടെ പ്രദേശങ്ങൾ) എന്നീ രാജ്യങ്ങളെ കൂടാതെ പാർസികൾ (ആധുനിക ഇറാൻ), കൂശ്യർ (വടക്കേ സുഡാൻ), പൂത്യർ (ലിബിയ), ഗോമേർ (തുർക്കിയുടെ പ്രദേശങ്ങളും ഉക്രൈനും), തോഗർമ്മാഗൃഹം (സിറിയ അതിർത്തിക്കടുത്തുള്ള തുർക്കിയുടെ ഭാഗം) (38:5,6) എന്നീ രാജ്യങ്ങൾ യിസ്രായേലിനെതിരായി അണിനിരക്കുന്ന ഒരു വലിയ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിന്റെ മുന്നറിയിപ്പാണ് ഈ അദ്ധ്യായത്തിന്റെ ഉള്ളടക്കം. ഈ യുദ്ധത്തിന്റെ സമയം വ്യക്തമല്ല. എങ്കിലും യിസ്രായേൽ താത്കാലികമായി സുരക്ഷിതരായും നിർഭയരായും പാർക്കുന്ന ഒരു സ്ഥിതിയുടെ മദ്ധ്യത്തിൽ പൊടുന്നനവെ പ്രതീക്ഷിതമായ ഒരവസരത്തിൽ പൊട്ടിപ്പുറപ്പെടുന്ന ഒരു യുദ്ധമായി (38:11,12) ഇതിനെ സൂചിപ്പിച്ചിരിക്കുന്നു. ആകയാൽ പശ്ചാത്തല തെളിവുകളുടെയും വിവരണങ്ങളുടെയും അടിസ്ഥാനത്തിൽ മഹോപദ്രവകാലത്തിന്റെ മദ്ധ്യഭാഗത്തിൽ ആരംഭിക്കുന്നതും തുടർച്ചയായ ആക്രമണങ്ങളിലൂടെ ഹർമ്മഗെദ്ദോൻ യുദ്ധത്തിൽ പര്യവസാനിക്കുന്നതുമായ (39:17-20; വെളി. 19:17-18) ഒരു ചിത്രീകരണമായി ഈ ഭാഗത്തെ പഠിയ്ക്കുന്നതാണെനിക്കിഷ്ടം! എന്തായിരുന്നാലും ശത്രുക്കളാൽ ആവൃതരാകപ്പെട്ട യിസ്രായേൽ ഏറെ പ്രതിസന്ധികളെ തരണം ചെയ്തു, ദൈവിക പദ്ധതികളുടെയുള്ളിൽ അവിടുത്തെ കരുതലിൻ കരങ്ങളിൽ സുരക്ഷിതരായിരിക്കുമെന്ന വർത്തമാനം (39:23) എത്രയോ പ്രതീക്ഷാനിർഭരമായ നാളെകളുടെ ഉറപ്പാണ് വാഗ്ദാനം ചെയ്യുന്നത്!

പ്രിയരേ, പ്രതിസന്ധികൾ തീർക്കുന്ന ചുറ്റുമതിലുകളുടെയുള്ളിൽ ഒതുങ്ങിപ്പോകുന്നതല്ല നമ്മുടെ വിശ്വാസ ജീവിതത്തിന്റെ നാളെകൾ. ഇന്നത്തെ പ്രതികൂല പരിസരങ്ങൾ നാളെകളുടെ വിജയഗാഥകൾ രചിക്കുന്ന പണിപ്പുരകളായിരിക്കുമെന്ന ഉറപ്പു കുറിയ്ക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like