പ്രതിദിന ചിന്ത | ആലയത്തിലെ പുരോഹിതന്മാരുടെ ഭക്ഷണ മണ്ഡപം
യെഹെ. 42:20 “ഇങ്ങനെ അവൻ നാലുപുറവും അളന്നു; വിശുദ്ധമായതും സാമാന്യമായതും തമ്മിൽ വേറുതിരിപ്പാൻ തവക്കവണ്ണം അഞ്ഞൂറു മുഴം നീളത്തിലും അഞ്ഞൂറുമുഴം വീതിയിലും ഒരു മതിൽ അതിന്നു ചുറ്റും ഉണ്ടായിരുന്നു.”
സഹസ്രാബ്ദ കാലത്തു യിസ്രായേലിൽ സ്ഥാപിതമാകുന്ന ദൈവാലയത്തിന്റെ അകത്തെ പ്രകാരത്തിന്റെ മുറികളുടെ അളവെടുപ്പ് (42:1-12), പുരോഹിതന്മാർക്കുള്ള വിശേഷ അറകളും മണ്ഡപങ്ങളും അളക്കപ്പെടുന്നു (42:13-14), വിശുദ്ധമായതും സാമാന്യമായതും തമ്മിൽ വേർതിരിക്കുന്ന സമചതുരമായ ഇടം അളക്കപ്പെടുന്നു (42:15-20) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
ആലയത്തിന്റെ ഉള്ളിലെ വിശേഷമായ ഒരിടമായിരുന്നു വടക്കു ഭാഗത്തുള്ള അകത്തെ പ്രാകാരത്തിന്റെ മൂന്നു നിലകളുള്ള കെട്ടിടം (42:1). അതിന്റെ മുറ്റത്തുള്ള വടക്കേ മണ്ഡപങ്ങളും തെക്കേ മണ്ഡപങ്ങളും പുരോഹിതന്മാർക്കായി മാത്രം വേർതിരിച്ചിരുന്നു. ഈ സ്ഥലം പുരോഹിതന്മാർക്ക് യാഗഭക്ഷണമായ വിശുദ്ധ ഭക്ഷണം കഴിയ്ക്കുന്നതിനും വിശുദ്ധ വസ്ത്രങ്ങൾ സൂക്ഷിക്കുന്നതുമുള്ള (42:13,14; 44:19; 46:20) ഇടമായിരുന്നു. പുരോഹിതന്മാരുടെ ഭക്ഷണവും അത് ഭക്ഷിക്കുന്ന ഇടവും വിശേഷാൽ നിർദ്ദേശിക്കപ്പെട്ടിരുന്നു. അതായതു എല്ലാ ഭക്ഷണ പദാർത്ഥങ്ങളും എല്ലായിടത്തും വച്ചു ഭക്ഷിക്കുവാൻ പ്രമാണമില്ല (ലേവ്യ. 10:14; 6:16) തന്നെ! ഭക്ഷണ പാനങ്ങളിൽ സൂക്ഷിക്കേണ്ട അച്ചടക്കം തിരുവെഴുത്തുകളിൽ ഏറെ പ്രാധാന്യതയോടെ കുറിച്ചു ചേർത്തിട്ടുണ്ട്. പ്രവാസിയായ ദാനിയേൽ ബാബേൽ രാജാവിന്റെ തീൻമേശയിലെ മുന്തിയ ഭക്ഷണങ്ങളോടു പുലർത്തിയ നിസ്സംഗതാ മനോഭാവം (1:8,14) ഈ പ്രമേയത്തിൽ മാതൃകയാക്കുവാൻ തക്ക അനുക്രമമല്ലേ! ഭക്ഷണപാനങ്ങളാൽ അശുദ്ധനാകുമെന്ന ദാനിയേലിന്റെ തിരിച്ചറിവിലൂന്നിയുള്ള നിലപാടിനോടൊപ്പം ദൈവവും നിന്നു എന്ന വസ്തുത ഒഴുക്കിനെതിരെ നീന്തുവാനുള്ള ത്രാണി നമ്മിലും ഉളവാക്കുവാൻ പോന്നതാണെന്നാണ് എന്റെ പക്ഷം! അതേസമയം ശ്ലീഹനായ പൗലോസ് പുതിയ നിയമ ശുശ്രൂഷകന്മാർക്കു കൊടുക്കുന്ന നിർദ്ദേശങ്ങളിൽ, പഴയനിയമ ഭാഗത്തിലെ ഈ പ്രമേയം (1 കൊരി. 9:13) ഉദ്ധരിച്ചു കൊണ്ട് “അതുപോലെ കർത്താവും സുവിശേഷം അറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കേണം എന്നു കല്പിച്ചിരിക്കുന്നു” (1 കൊരി. 9:14) എന്നു പ്രസ്താവിച്ചിരിക്കുന്നത് ശ്രദ്ധിച്ചാലും. ചുരുക്കത്തിൽ പഴയ-പുതിയ നിയമ ശുശ്രൂഷകന്മാർ അനുവർത്തിക്കേണ്ട തീന്മേശാ നിയമങ്ങൾക്കു അതിപ്രാധാന്യതയുണ്ടെന്നു കുറിയ്ക്കുവാനാണ് പ്രേരണ!
പ്രിയരേ, ദൈവാലയം വിശുദ്ധമാണ്; അതിലെ ഭക്ഷണപാനങ്ങളും! അതു ഭക്ഷിക്കുന്നവർ പുലർത്തേണ്ട അച്ചടക്കം തിരുവെഴുത്തുകളിലെ കാതൽ പ്രമേയവുമാണ്. ആകയാൽ നന്ദിയോടെ അനുഭവിച്ചു സ്തോത്രം ചെയ്യുന്നതിലൂടെ (1 കൊരി. 10:30) ശാരീരിക ആരോഗ്യം മാത്രമല്ല ആത്മീക പുഷ്ടിയും പ്രാപിച്ചെടുക്കുവാൻ നമുക്കിടയാകും; തീർച്ച!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.