പ്രതിദിന ചിന്ത | നെബൂഖദ്‌നേസറിന്റെ രണ്ടാം സ്വപ്നം

0

ദാനി. 4:27 “ആകയാൽ രാജാവേ, എന്റെ ആലോചന തിരുമനസ്സിലേക്കു പ്രസാദമായിരിക്കട്ടെ; നീതിയാൽ പാപങ്ങളെയും ദരിദ്രന്മാർക്കു കൃപകാട്ടുന്നതിനാൽ അകൃത്യങ്ങളെയും പരിഹരിച്ചുകൊൾക; അതിനാൽ പക്ഷേ തിരുമനസ്സിലെ സുഖകാലം ദീർഘമായി നില്ക്കും.”

നെബൂഖദ്‌നേസർ രാജാവു കണ്ട രണ്ടാം സ്വപ്നം (4:1-18), സ്വപ്നത്തിന്റെ പൊരുൾ ദാനിയേൽ തിരിച്ചു കൊടുക്കുന്നു (4:19-27), സ്വപ്നം നിവൃത്തിയാകുന്നു (4:28-37) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

നെബൂഖദ്‌നേസർ രാജാവ് പ്രതാപശാലിയായ ഭരണാധികാരി ആയിരുന്നു. അതേസമയം ലോകഭരണകൂടങ്ങൾ ദൈവത്തിന്റെ നിയന്ത്രണത്തിലാണെന്നു നിസ്സംശയം സ്ഥാപിക്കുവാൻ ഈ അദ്ധ്യായത്തിന്റെ ഉള്ളടക്കം മാത്രം തെളിവായി നിരത്തിയാൽ മതി താനും. നെബൂഖദ്‌നേസർ രാജാവ് കണ്ട രണ്ടാം സ്വപ്നത്തിന്റെ വസ്തുതാ വിവരണമാണ് പശ്ചാത്തലം. മുൻസ്വപ്നത്തിൽ നിന്നും വിഭിന്നമായി രണ്ടാം സ്വപ്നം രാജാവിന്റെ ഓർമ്മയിൽ തങ്ങി നിന്നിരുന്നു എങ്കിലും പൊരുൾ രാജാവിന് അജ്ഞമായിരുന്നു! മുൻസ്വപ്നമോ അതിന്റെ അർത്ഥമോ പ്രസ്താവിക്കുന്നതിൽ പരാജയം സമ്മതിച്ച മന്ത്രവാദപടുക്കൾ വീണ്ടും രാജസമക്ഷം കൊണ്ടുവരപ്പെട്ടെങ്കിലും ഈ പ്രാവശ്യവും അവരുടെ പ്രതികരണം നാസ്തിയായി ഭവിച്ചു. സ്വപ്നം ഉളവാക്കിയ അലോസരം “മന്ത്രവാദി ശ്രേഷ്ഠനായ ബേൽത്ത്ശസ്സർ” (4:9) എന്ന ദാനിയേലിനെ രാജാവിന്റെ മുമ്പാകെ എത്തിച്ചു. സ്വപ്നത്തിന്റെ അർത്ഥം വെളിപ്പെട്ടു കിട്ടിയ ദൈവാത്മപൂർണ്ണനായ ദാനിയേലാകട്ടെ, “യജമാനനേ, സ്വപ്നം തിരുമനസ്സിലെ ശത്രുക്കൾക്കും അതിന്റെ അർത്ഥം തിരുമനസ്സിലെ വൈരികൾക്കും ഭവിക്കട്ടെ” (4:19) എന്ന ആമുഖത്തോടെ സ്വപ്നവ്യാഖ്യാനം രാജാവിനോടറിയിച്ചു. സ്വപ്നത്തിന്റെ സരമാകട്ടെ, നെബൂഖദ്‌നേസറിന്റെ മേൽ വരുന്ന അത്യുന്നതനായവന്റെ ന്യായവിധിയുടെ പ്രഖ്യാപനമായിരുന്നു. രാജകൊട്ടാരത്തിന്റെ അത്യാഡംബരങ്ങളിൽ നിന്നും നിഷ്കാസനം ചെയ്യപ്പെടുന്ന നെബൂഖദ്‌നേസർ രാജാവ്, അടുത്ത ഏഴു വർഷങ്ങൾ കാളയെപ്പോലെ പുല്ലുതിന്നുകൊണ്ടു ആകാശത്തിലെ മഞ്ഞുകൊണ്ടു നനയുമെന്ന (4:25) ദൈവിക നിർണ്ണയം കുറിയ്ക്കപ്പെട്ടെന്ന മുന്നറിയിപ്പ് സ്വപ്നത്തിലൂടെ നൽകപ്പെട്ടു. “നീതിയാൽ പാപങ്ങളെയും ദരിദ്രന്മാർക്കു കൃപകാട്ടുന്നതിനാൽ അകൃത്യങ്ങളെയും പരിഹരിച്ചുകൊൾക; അതിനാൽ പക്ഷേ തിരുമനസ്സിലെ സുഖകാലം ദീർഘമായി നില്ക്കും” (4:27) എന്ന ദാനിയേലിന്റെ ആലോചന രാജാവിനോടുള്ള ദൈവകരുണയുടെ വാതിൽ അടയപ്പെടുകയില്ല എന്ന സൂചനയായി കരുതുന്നതാണെനിക്കിഷ്ടം!

പ്രിയരേ, വിശ്വപ്രസിദ്ധമായ ബാബേലിലെ തൂക്കുവനത്തിന്റെ മട്ടുപ്പാവിൽ നിന്നുകൊണ്ട് തന്റെ ധനത്തിന്റെയും പ്രതാപത്തിന്റെയും പ്രദർശനമായ “മഹതിയാം ബാബിലോണിന്റെ” (4:30) നിർമ്മിതിയിൽ പുകഴുന്ന നെബൂഖദ്‌നേസർ അതേനിൽപ്പിൽ രൂപമാറ്റം സംഭവിച്ചു കേവലം മൃഗരൂപമായി (4:33) തീർന്നു. (താൻ ഒരു മൃഗമാണെന്നു സ്വയം സങ്കല്പിക്കുന്ന ബോൻത്രോപ്പി എന്ന രോഗലക്ഷണമായി ഈ അവസ്ഥയെ അഭിജ്ഞർ മനസ്സിലാക്കുന്നു). നിഗളത്തിന്റെ പര്യവസാനം പുരോഗമനപരമായതൊന്നും ഉളവാക്കുകയില്ലെന്ന പാഠമല്ലേ ഇവിടെ അടിവരയിടപ്പെടുന്നത്.

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like