പ്രതിദിന ചിന്ത | ബാബിലോണിന്റെ തകർച്ചയും മേദ്യ-പേർഷ്യരുടെ രംഗപ്രവേശവും

0

ബാബിലോണിന്റെ തകർച്ചയും മേദ്യപേർഷ്യരുടെ രംഗപ്രവേശവും.”

ദാനി. 5:14 “ദേവന്മാരുടെ ആത്മാവു നിന്നിൽ ഉണ്ടെന്നും പ്രകാശവും ബുദ്ധിയും വിശേഷജ്ഞാനവും നിന്നിൽ കണ്ടിരിക്കുന്നു എന്നും ഞാൻ നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു.”

ബേൽശസ്സറിന്റെ രജകീയ വിരുന്നു (5:1-4), ചുവരിന്മേൽ പതിഞ്ഞ കൈയെഴുത്തു (5:5-6), കൈയ്യെഴുത്തിന്റെ വായനയും അർത്ഥവിശകലനവും (5:7-29), ബേൽശസ്സർ കൊല്ലപ്പെടുന്നു; പകരം മേദ്യനായ ദാര്യാവേശ് രാജത്വം കൈയ്യേൽക്കുന്നു (5:30-31) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

ബി സി 562 ൽ നെബൂഖദ്‌നേസർ രാജാവ് മരിക്കുകയും തന്റെ മകനായ അമേൽ-മർദൂത് രാജാവാകുകയും ചെയ്തു. യിരെമ്യാവിന്റെ പ്രവചനത്തിൽ എവീൽ-മേരോദക് (52:31) എന്ന നാമധേയത്തിൽ അറിയപ്പെടുന്ന ബാബേൽ രാജാവ് ഇദ്ദേഹം തന്നെ. അമേൽ-മർദൂത് തന്റെ സഹോദരീ ഭർത്താവായ നേർഗ്ഗൽ-ശരേസ്സറിനാൽ (യിര. 39:3,13) ബി സി 560 ൽ കൊല്ലപ്പെടുകയും രാജാവാകുകയും ചെയ്തു. തനിക്കു ശേഷം ബി സി 556 ൽ തന്റെ മകനായ ലാബാഷി-മർദൂക്ക് രാജാവായെങ്കിലും അതേവർഷം താനും കൊലചെയ്യപ്പെട്ടു. ആ അക്രമി സംഘത്തിൽ ഉൾപെട്ട നെബോനിഡസ് ബാബേലിന്റെ അധികാരത്തിൽ വന്നു. തന്റെ മകനായിരുന്നു ബേൽശസ്സർ രാജാവ്. “തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസർരാജാവു” (5:11) എന്ന തലക്കെട്ടിനു തന്റെ ‘മുൻഗാമി’ എന്ന അർത്ഥം മാത്രം കൊടുത്താൽ മതിയാകും. നിഗളവും ദൈവവിരോധവും സംഗമിച്ചിരുന്ന മനോഭാവമായിരുന്നു രാജാവിന്റേത്. അതിനുദാഹരണമാണ് താൻ തന്റെ മഹത്തുക്കളിൽ ആയിരം പേർക്ക് നടത്തിയ മദ്യസത്കാരവും വിശേഷാൽ യഹോവയുടെ വിശുദ്ധ പാത്രങ്ങളിൽ വീഞ്ഞു പകർന്നതും. ദൈവനിഷേധത്തിന്റെ മൂർദ്ധന്യതയിൽ ചുവരിന്മേൽ പ്രത്യക്ഷപ്പെട്ട കൈയെഴുത്തു കണ്ട രാജാവ് ഭയപരവശനായി തന്റെ അരയുടെ ഏപ്പ് അഴിഞ്ഞു കാൽമുട്ടുകൾ ആടിപ്പോയി. ചുവരെഴുത്തു വായിക്കുവാൻ പ്രാപ്തരായ ആഭിചാരകന്മാരോ കല്ദയരോ ശകുനവാദികളോ ബാബേലിന്റെ അതിരിനകത്തെങ്ങും കണ്ടെത്തുവാൻ രാജാവിനായില്ല. കുപിതനും പരവേശിതനുമായ രാജാവിനോട് രാജ്ഞി ദാനിയേലിന്റെ കാര്യം ഓർമ്മിപ്പിച്ചു (5:11). അതായത്, നെബൂഖദ്‌നേസറിന്റെ കാലശേഷം തിരിഞ്ഞുമറിയപ്പെട്ട രാഷ്ട്രീയ പരിസരങ്ങളിൽ ദാനിയേൽ അപ്രസക്തനായി തീർന്നിരിക്കാം. എന്നാൽ ഈ സംഭവത്തോടെ ദാനിയേൽ വീണ്ടും സജീവമായ ഇടപെടൽ ഭരണത്തതലത്തിൽ നടത്തുവാൻ ആരംഭിച്ചു. എഴുതപ്പെട്ട കൈയെഴുത്തു “മെനേ, മെനേ, തെക്കേൽ, ഊഫർസീൻ” (5:25) എന്നായിരുന്നു. അതിന്റെ പൊരുൾ “മെനേ” എന്നാൽ “ദൈവം നിന്റെ രാജത്വം എണ്ണി, അതിന്നു അന്തം വരുത്തിയിരിക്കുന്നു”; “തെക്കേൽ” എന്നാൽ “തുലാസിൽ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു”; “പെറേസ്” എന്നാൽ “നിന്റെ രാജ്യം വിഭാഗിച്ചു മേദ്യർക്കും പാർസികൾക്കും കൊടുത്തിരിക്കുന്നു” എന്നായിരുന്നു. രാജാവിന്റെ വാഗ്ദാനം പോലെ ദാനീയേലിനെ രാജ്യത്തിന്റെ മൂന്നാമനായി വാഴിച്ചു. ബേൽശസ്സർ രാജാവാകട്ടെ ആ രാത്രിയിൽ തന്നെ കൊല്ലപ്പെടുകയും മേദ്യനായ ദാര്യാവേശ് ബാബേലിന്റെ ഭരണം കൈവശമാക്കുകയും ചെയ്തു.

പ്രിയരേ, നെബൂഖദ്‌നേസറിന്റെ ഒന്നാം സ്വപ്നത്തിന്റെ നിവൃത്തീകരണമായി ലോക സാമ്രാജ്യങ്ങളുടെ പട്ടികയിലേക്ക് മേദ്യ-പേർഷ്യ നടന്നു കയറുന്ന ചരിത്രത്തിനു ഈ അദ്ധ്യായം സാക്ഷ്യം വഹിക്കുന്നു. അഹങ്കാരത്തിനും ദൈവനിഷേധത്തിനും തക്ക ശിക്ഷ ചരിത്രത്തിലുടനീളം സംഭവിച്ചിട്ടുണ്ടെന്ന സത്യം പ്രബലമായ തത്വമാണെന്നും നാം തിരിച്ചറിയണം.

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like