ഐഫോൺ 14 പ്ലസ് നിർമാണം ആപ്പിൾ നിർത്താൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

0

ആപ്പിൾ ഉത്പന്നങ്ങൾക്ക് ആരാധകർ ഏറെയാണ്. എങ്കിലും ആപ്പിളിന്റെ ചില ഐഫോൺ മോഡലുകൾ വിപണിയിൽ വെല്ലുവിളികൾ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ചില ഐഫോൺ പ്രീമിയം സ്മാർട് ഫോണുകളുടെ നിർമാണം കുറയ്ക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഐഫോൺ 14 പ്ലസിന് വിപണിയിൽ വേണ്ടത്ര മുന്നേറ്റം സൃഷ്ടിക്കാൻ സാധിച്ചില്ല എന്നും അതുകൊണ്ട് ഐഫോൺ 14 പ്ലസിനിർമ്മാണം കുറച്ച് വിലയേറിയ ഐഫോൺ 14 പ്രോയുടെ നിർമാണം വർധിപ്പിക്കാനുമാണ് ആപ്പിളിന്റെ ഇനിയുള്ള നീക്കം. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ട്രെൻഡ്ഫോഴ്സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഐഫോൺ 14 പ്രോ സീരീസിന്റെ ഉൽപ്പാദന വിഹിതം മുമ്പത്തെ 50 ശതമാനത്തിൽ നിന്ന് മൊത്തം ഉൽപ്പാദനത്തിന്റെ 60 ശതമാനമായി ഉയർന്നു. ഭാവിയിൽ ഇത് 65 ശതമാനം വരെ ഉയർന്നേക്കാം. യുഎസിലെ വർദ്ധിച്ചുവരുന്ന പലിശ നിരക്ക് രാജ്യത്തെ ഉപഭോക്തൃ ചെലവുകളെ ബാധിക്കുമെന്നും 2023 ആദ്യ പാദത്തിൽ ഐഫോൺ മോഡലുകളുടെ ഡിമാൻഡ് കുറയുമെന്നും റിപ്പോർട്ട് എടുത്തുകാട്ടി. റിപ്പോർട്ട് അനുസരിച്ച്, ഉൽപ്പാദനത്തിൽ 14 ശതമാനം ഇടിവ് വന്ന് ഇത് 52 ദശലക്ഷം യൂണിറ്റിലേക്ക് എത്തും.

കഴിഞ്ഞ മാസം, ആപ്പിൾ ഐഫോൺ 14 സീരീസ് ഇന്ത്യയിൽ നിർമ്മിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഐഫോൺ 14 പ്രോ, പ്രോ മാക്‌സ് വേരിയന്റുകൾ വളരെ വേഗത്തിൽ വിറ്റഴിക്കുന്നുണ്ട്. എന്നാൽ, ഐഫോൺ 14 ന് പൊതുവെ ആവശ്യക്കാർ നിരവധിയാണ്. ഇന്ത്യയിൽ നിന്നുള്ള ആപ്പിളിന്റെ ഉൽപാദനത്തിന്റെ വിഹിതം അടുത്ത വർഷം അഞ്ച് ശതമാനം വർധിക്കുമെന്നും വരും വർഷങ്ങളിൽ ഇതിലും വർധിക്കും. ഐഫോൺ 14 പ്ലസിന്റെ ഉൽപാദനം വെട്ടിക്കുറയ്ക്കുകയാണെന്ന് കഴിഞ്ഞ ആഴ്ച തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.

ഐഫോൺ 14 പ്ലസിന്റെ നിർമാണം ഉടൻ നിർത്താൻ ചൈനയിലെ നിർമാതാക്കളോട് ആപ്പിൾ ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോള സ്‌മാർട് ഫോൺ വിപണി ക്രമേണ മന്ദഗതിയിലായിക്കൊണ്ടിരിക്കുന്ന സമയത്താണ് ആപ്പിളിനും പ്രതിസന്ധി നേരിട്ടിരിക്കുന്നതെന്ന് കനാലിസ് റിപ്പോർട്ട് ചെയ്തു.

You might also like