ലൈഫ് ഭവന പദ്ധതി: പരിശോധന പൂര്‍ത്തീകരിച്ച ആദ്യ ജില്ലയായി വയനാട്; യോഗ്യത നേടിയത് 21246 പേര്‍
കല്‍പ്പറ്റ: ലൈഫ് ഭവന പദ്ധതിയിലേക്ക് അപേക്ഷിച്ചവരുടെ പരിശോധന സംസ്ഥാനത്ത് ഏറ്റവും വേഗത്തില്‍ പൂര്‍ത്തീകരിച്ച് വയനാട് ജില്ല. ആദ്യഘട്ടത്തില്‍ പഞ്ചായത്ത് തലത്തില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും രണ്ടാം ഘട്ടത്തില്‍ ജില്ലാ കളക്ടര്‍ നിയോഗിച്ച ഉദ്യോഗസ്ഥരും നടത്തിയ ഓണ്‍ലൈന്‍ പരിശോധനയില്‍ ആകെയുള്ള 38,130 അപേക്ഷകരില്‍ നിന്ന് 21246 പേര്‍ യോഗ്യത നേടി. ഭൂരഹിത, ഭവനരഹിത കുടുംബങ്ങളെ കണ്ടെത്തുന്നതിന് അപേക്ഷ ക്ഷണിച്ചതിനെ തുടര്‍ന്ന് 38,130 അപേക്ഷകളാണ് ജില്ലയില്‍ നിന്ന് ലഭിച്ചത്. അപേക്ഷകളുടെ ഒന്നാംഘട്ട പരിശോധന കഴിഞ്ഞപ്പോള്‍ 23,798 അപേക്ഷകരാണ് ഉണ്ടായിരുന്നത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മാര്‍ച്ച് 18 ന് പുനഃപരിശോധന ആരംഭിച്ചു. റീ-വെരിഫിക്കേഷനു ശേഷം ജില്ലയില്‍ 21,246 ഗുണഭോക്താക്കളെയാണ് അര്‍ഹരായി കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 5589 പേര്‍ ഭൂരഹിത,ഭവന രഹിതരും 15,657 പേര്‍ ഭവനരഹിതരുമാണ്. ഏറ്റവും കൂടുതല്‍ അര്‍ഹരായ ഗുണഭോക്താക്കളുള്ളത് മേപ്പാടി ഗ്രാമ പഞ്ചായത്തിലാണ്, 1454 പേര്‍. ഏറ്റവും കുറച്ച് ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടുള്ളത് തരിയോട് ഗ്രാമ പഞ്ചായത്തിലാണ്, 257 പേര്‍.