സിറിയയിൽ IS മേധാവിത്വം അവസാനിച്ച ശേഷം ക്യാമ്പിൽ കഴിഞ്ഞിരുന്ന സ്ത്രീകളെയും കുട്ടികളെയുമാണ് ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തിക്കാൻ നടപടി തുടങ്ങിയത്. ഓസ്ട്രേലിയക്കാരായ നാലു സ്ത്രീകളെയും 13 കുട്ടികളെയുമാണ് തിരിച്ചെത്തിക്കുന്നത്. ഐ എസ് അംഗങ്ങളുടെ ബന്ധുക്കളാണ് എല്ലാവരും.
വടക്കുകിഴക്കൻ സിറിയയിലുള്ള അൽ റോജ് ക്യാമ്പിൽ നിന്ന് ഇവരെ ഇറാഖിലെ എർബിലിലേക്ക് എത്തിച്ചതായി വാർത്താ ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്തു. സിറിയയിൽ നിന്ന് 16 സ്ത്രീകളെയും 42 കുട്ടികളെയും തിരിച്ചെത്തിക്കുമെന്ന് ഈ മാസമാദ്യം പ്രധാനമന്ത്രി ആന്തണി അൽബനീസി വ്യക്തമാക്കിയിരുന്നു. ഇക്കൂട്ടത്തിൽ ആരോഗ്യപരമായും മറ്റും പ്രശ്നങ്ങൾ നേരിടുന്നവരെയാണ് ആദ്യഘട്ടമായി എത്തിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയക്കാരാണ് എന്ന് ഉറപ്പിക്കുന്നതിനായി DNA പരിശോധന ഉൾപ്പെടെ നടത്തിയ ശേഷമാണ് നടപടി എന്നും റിപ്പോർട്ടുകളുണ്ട്. കുർദിഷ് അധികൃതരുടെ സഹായത്തോടെയാണ് ഇത്.
ഇതിൽ ഭൂരിഭാഗം കുട്ടികളും സിറിയയിൽ ജനിച്ചവരാണ്. ആദ്യമായിട്ടാകും അവർ ഓസ്ട്രേലിയയിലേക്ക് എത്തുക. ജർമ്മനി, ഫ്രാൻസ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങളും ഇത്തരത്തിൽ സിറിയയിൽ നിന്ന് പൗരൻമാരെ തിരിച്ചെത്തിച്ചിരുന്നു.
ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പ്രധാനമന്ത്രി ആന്തണി അൽബനീസി തയ്യാറായില്ല. മുൻ സർക്കാരും സിറിയയിൽ നിന്ന് കുട്ടികളെ തിരിച്ചെത്തിച്ചിരുന്നു എന്നും, ഓസ്ട്രേലിയയുടെ സുരക്ഷയ്ക്ക് കോട്ടം തട്ടാത്ത രീതിയിൽ തുടർ നടപടികളെടുക്കും എന്നുമാണ് അദ്ദേഹം പറഞ്ഞത്. മറ്റു വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്തേണ്ടതില്ല എന്നാണ് ദേശീയ സുരക്ഷാ ഏജൻസികൾ നൽകിയ ഉപദേശമെന്നും പ്രധാനമന്ത്രി അറിയിച്ചു.
അതേസമയം, സിറിയയിൽ നിന്ന് സ്ത്രീകളെയും കുട്ടികളെയും തിരിച്ചെത്തിക്കുന്ന നടപടി ദേശീയ താൽപര്യം മുൻനിർത്തിയല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഓസ്ട്രേലിയയിൽ ഭീകരവാദ ഭീഷണി കൂടാൻ ഇത് വഴിയൊരുക്കുമെന്നും പ്രതിപക്ഷ നേതാവ് പീറ്റർ ഡറ്റൻ കുറ്റപ്പെടുത്തി. തിരിച്ചെത്തിക്കുന്നവരെ നിരീക്ഷിക്കാൻ എന്തു നടപടികളുണ്ട് എന്ന കാര്യം പ്രധാനമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.