സ്വീഡിഷ് പ്രസംഗകരെ നാടുകടത്തിയ ശേഷം,7 ജർമ്മൻ ക്രൈസ്തവരെ അസം പോലീസ് കസ്റ്റഡിയിലെടുത്തു

0

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നാരോപിച്ച്‌ വിസ മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന് പറഞ്ഞ്‌ മൂന്ന് സ്വീഡിഷ് പ്രസംഗകരെ തടവിലിടുകയും നാടുകടത്തുകയും ചെയ്തതിന് ശേഷം, സമാനമായ കുറ്റത്തിന് ഏഴ് ജർമ്മൻ പൗരന്മാരെ 2022 ഒക്ടോബർ 28 ന് കാസിരംഗ നാഷണൽ പാർക്കിന് സമീപം അസം പോലീസ് തടവിലാക്കിയിരിക്കുകയാണ്.

ടൂറിസ്റ്റ് വിസയിൽ അസം സന്ദർശിക്കുന്ന ഏഴ് ജർമ്മൻകാർ, അസമിലെ പല സ്ഥലങ്ങളിലും ക്രിസ്ത്യൻ സഭകൾ സംഘടിപ്പിച്ച മീറ്റിങ്ങുകളിൽ പ്രസംഗിക്കുന്നതായി അറിഞ്ഞതിനെ തുടർന്ന് ഗോലാഘട്ട് ജില്ലയിൽ തടവിലാക്കപ്പെട്ടു. ക്രിസ്റ്റ്യൻ റെയ്‌സർ, മൈക്കൽ എറിക് ഷാപ്പർ, മെർട്ടൻ അസ്‌മസ്, കൊർണേലിയ വോൺ ഒണിംബ്, ഹിൻറിച്ച് ലുപ്പൻ-വോൺ ഒണിംബ്, ക്രിസ്റ്റ ഒലിയേറിയസ്, ലിസ ഐമി ബ്ലൂം എന്നിവരാണ് അറസ്റ്റിലായത്. ജാർഖണ്ഡിൽ നിന്നുള്ള മുകുത് ബോദ്ര എന്ന ഇന്ത്യക്കാരനും ഈ ജർമ്മൻകാർക്കൊപ്പം തടവിലുണ്ട്.

ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ഏഴ് വിദേശ പൗരന്മാരെയും ഫോറിനേഴ്സ് ആക്ടിലെ സെക്ഷൻ 14 പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്. വിസ മാനദണ്ഡങ്ങൾ ലംഘിച്ചു എന്നതിനാൽ ഇവരെ 500 ഡോളർ വീതം പിഴ ചുമത്തി നാടുകടത്തും. പിഴയടച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്ത്‌ തുടർ നടപടികൾ ഉണ്ടാകും. വിദേശികൾക്ക് ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ മിഷനറി വിസ ആവശ്യമാണ്‌, എന്നാൽ ടൂറിസ്റ്റ് വിസയിൽ മതപ്രബോധന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാൽ ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്ന് അസം പോലീസ്‌ പറഞ്ഞു.

സംഭവത്തെക്കുറിച്ച് സംസാരിച്ച അസം പോലീസിന്റെ പ്രത്യേക ഡിജിപി ജിപി സിംഗ് പറഞ്ഞു, “അവർ തീർച്ചയായും മതപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു, എന്നാൽ അവർ മതപരിവർത്തനത്തിൽ ഏർപ്പെട്ടിരുന്നോ ഇല്ലയോ എന്ന് പറയാൻ എനിക്ക് കഴിയില്ല. ടൂറിസ്റ്റ് വിസയിലാണ് ഇവർ ഇവിടെയെത്തിയത്. മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന്, അവർ മിഷനറി വിസ എടുക്കേണ്ടതുണ്ട്. തൽക്കാലം, ഞങ്ങൾ അവരെ തടഞ്ഞുവച്ചു, വിസ മാനദണ്ഡങ്ങൾ ലംഘിച്ചതിന് പിഴ അടക്കാനും നിയമപ്രകാരം രാജ്യം വിടാനും അവരോട് ആവശ്യപ്പെട്ടു. ടിൻസുകിയ, മാർഗരിറ്റ, കർബി ആംഗ്ലോംഗ് തുടങ്ങി വിവിധ സ്ഥലങ്ങളിലെ മതപരമായ പരിപാടികളിൽ അവർ പങ്കെടുത്തതായും നാളെ തേസ്പൂരിൽ നടക്കുന്ന സമാനമായ പരിപാടിയിൽ ഇവർ പങ്കെടുക്കാൻ ഇരിക്കയായിരുന്നെന്നും എന്നാൽ രംഗഗോരയിൽ നിന്ന് കാസിരംഗയിലെ റിസോർട്ടിലേക്ക് പോകുമ്പോൾ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു”, അദ്ദേഹം പറഞ്ഞു.

ഈ പ്രദേശങ്ങളിലെല്ലാം തേയിലത്തോട്ടത്തിലെ തൊഴിലാളികളും തദ്ദേശീയരായ ആദിവാസികളുമാണ് കൂടുതലായുള്ളത്‌ എന്ന് പോലീസ് പറഞ്ഞു. ജർമൻകാർ തൽക്കാലം റിസോർട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ട് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. ജർമ്മൻ പൗരന്മാർ ഒക്ടോബർ 21 മുതൽ സംസ്ഥാനത്ത് ഉണ്ട്. വിസ മാനദണ്ഡങ്ങൾ ലംഘിച്ചതിന് 500 ഡോളർ വീതം പിഴയടക്കുകയും ഇന്ത്യ വിടാനുള്ള ടിക്കറ്റ് ലഭിച്ചതിന്റെ തെളിവ് ഹാജരാക്കുകയും ചെയ്താൽ അവരെ വിട്ടയക്കുകയും അവർക്ക് രാജ്യം വിടാനുള്ള ക്രമീകരണം ഏർപ്പെടുത്തുകയും ചെയ്യും. എന്നിരുന്നാലും, അവർ അതിൽ പരാജയപ്പെട്ടാൽ, ഉചിതമായ നടപടിയെടുക്കും. ഇവരെ ഗുവാഹത്തിയിലേക്കും പിന്നീട് കൊൽക്കത്തയിലേക്കും മാറ്റുമെന്നും അവിടെ നിന്ന് ശനിയാഴ്ച ജർമ്മനിയിലേക്ക് തിരിച്ചയക്കുമെന്നും റിപ്പോർട്ടുണ്ട്.

You might also like